Sorry, you need to enable JavaScript to visit this website.

ലോകകപ്പ് ഫുട്‌ബോളിലെ ഏതാനും മത്സരങ്ങൾ ഇന്ത്യയിലോ, നടക്കുന്നത് വ്യാജ അവകാശവാദം

ജിദ്ദ-സൗദി അറേബ്യയിൽ 2034-ൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളിലെ ഏതാനും മത്സരങ്ങൾ ഇന്ത്യയിൽ നടത്തുന്നത് സംബന്ധിച്ച് സൗദി ഫുട്‌ബോൾ ഫെഡറേഷനുമായി ചർച്ച നടത്തുകയാണെന്ന തരത്തിൽ ഇന്ത്യയിലെ ചില കേന്ദ്രങ്ങളിൽനിന്ന് പ്രചാരണമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സൗദി ഫുട്‌ബോൾ ഫെഡറേഷനുമായി ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷൻ ചർച്ച നടത്തിയെന്നും അനുകൂല തീരുമാനമുണ്ടാകുമെന്നുമാണ് ചില കേന്ദ്രങ്ങൾ, പ്രത്യേകിച്ച് സംഘ്പരിവാർ ഭാഗത്തുള്ളവർ പ്രചരിപ്പിച്ചത്. കഴിഞ്ഞ വർഷം സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിലെ ഏതാനും മത്സരങ്ങൾ സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരു സോക്കർ ഫെഡറേഷനുകളും ഒപ്പുവെച്ച ധാരണ പത്രത്തിന്റെ ചിത്രവും എടുത്തുപിടിച്ചാണ് ലോകകപ്പ് ഫുട്‌ബോളിന് സഹ ആതിഥേയത്വം ഇന്ത്യക്കും ലഭിക്കുമെന്ന തരത്തിൽ പ്രചാരണം നടന്നത്. എന്നാൽ, സൗദി ഒരു രാജ്യത്തിന്റെയും സഹായമില്ലാതെയാണ് ലോകകപ്പിനുള്ള ബിഡ് നേടിയെടുത്തത്. മത്സരങ്ങൾ പങ്കുവെക്കുന്നത് സംബന്ധിച്ച് സൗദി ഒരു തരത്തിലുള്ള ധാരണയോ ചർച്ചയോ മറ്റേതെങ്കിലും രാജ്യവുമായി നടത്തിയിട്ടുമില്ല. ഈ സഹചര്യം നിലനിൽക്കെയാണ് ഇന്ത്യയിലെ ചില കേന്ദ്രങ്ങൾ വ്യാജ പ്രചാരണവുമായി രംഗത്തെത്തിയത്.
അതിനിടെ,   2034 ലെ ലോകകകപ്പ് സൗദി അറേബ്യയിൽ മാത്രമായാണ് നടത്തുകയെന്ന് സൗദി സോക്കർ ഫെഡറേഷൻ പ്രസിഡന്റ് യാസിർ അൽമിശ്അൽ വ്യക്തമാക്കുകയും ചെയ്തു. ഒരുപാട് നഗരങ്ങളും ഒരുപാട് സ്‌റ്റേഡിയങ്ങളും സൗദിയിലുണ്ട്. ഒരുപാട് സംസ്‌കാരങ്ങളും വ്യത്യസ്ത ജനവിഭാഗങ്ങളും സാഹചര്യങ്ങളുമുള്ള നാടാണ് സൗദിയെന്നും മിശ്അൽ പറഞ്ഞു.
ഇന്ത്യയിൽ സംഘ്പരിവാർ കേന്ദ്രങ്ങളാണ് സൗദി ഇന്ത്യക്ക് ചില ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ നൽകുമെന്ന തരത്തിൽ പ്രചാരണം നടത്തുന്നത്.
 

Latest News