Sorry, you need to enable JavaScript to visit this website.

സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമര്‍ദനം, ഭര്‍തൃവീടിന് മുന്നില്‍ ബഹളം വെച്ച് യുവതി, പോലീസെത്തി തിരിച്ചയച്ചു

സുല്‍ത്താന്‍ബത്തേരി - ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ക്രൂരമായി മര്‍ദിച്ചെന്ന പരാതിയുമായി ഭര്‍ത്താവിന്റെ വീടിന് മുന്നില്‍ മകളുമായെത്തി ബഹളം വെച്ച യുവതിയെ പോലീസെത്തി തിരിച്ചയച്ചു. സുല്‍ത്താന്‍ ബത്തേരി നായ്ക്കട്ടി സ്വദേശിക്കെതിരെയാണ് ഭാര്യ ഷഹാന ബാനുവും 11 വയസ്സുള്ള മകളും പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തില്‍ നിയമപരമായി പരാതി നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടു. മര്‍ദനത്തിനിരയായ യുവതിയും മകളും പിന്നീട് ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവില്‍നിന്നും ഭര്‍തൃവീട്ടുകാരില്‍നിന്നും കൊടിയപീഡനം നേരിട്ടെന്നാണ് ഷഹാന ബാനു പറയുന്നത്. മകള്‍ക്കും തനിക്കും ജീവനാംശമോ നഷ്ടപരിഹാരമോ നല്‍കാതെയാണ് ഭര്‍ത്താവ് രണ്ടാംവിവാഹം കഴിച്ചതെന്നും യുവതി ആരോപിച്ചു.

ഒന്നരവര്‍ഷമായി മാറിതാമസിക്കുന്നതിനിടെ ഭര്‍ത്താവ് ഏകപക്ഷീയമായി വിവാഹമോചന നടപടികള്‍ ആരംഭിക്കുകയായിരുന്നു. എന്നാല്‍, വിവാഹമോചന നടപടികള്‍ പൂര്‍ത്തിയാക്കും മുന്‍പേയാണ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത് വീട്ടില്‍ കൊണ്ടുവന്നതെന്നും യുവതി പറയുന്നു. 37 പവനും മൂന്നുലക്ഷത്തോളം രൂപയുമാണ് സ്ത്രീധനമായി നല്‍കിയത്. പിതാവിന്റെ മരണശേഷം സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ മര്‍ദനം തുടങ്ങിയെന്നും യുവതി ആരോപിക്കുന്നു.

''കുട്ടിയുടെ കൈപിടിച്ച് കടിച്ചു, നിലത്തിട്ട് ഉരുട്ടി. എനിക്ക് വേണ്ടി പറയാനും പ്രതികരിക്കാനും ആരുമില്ല. എനിക്ക് വാപ്പയില്ല. അത് ഇവര്‍ക്ക് നന്നായിട്ട് അറിയാം. എന്നെ എന്തുചെയ്താലും, നാളെ ഞാന്‍ മരിച്ചെന്ന വാര്‍ത്തകേട്ടാലും ഇവിടെവന്ന് ചോദിക്കാന്‍ ഒരാളില്ലെന്ന് ഇവര്‍ക്ക് നല്ല ധൈര്യമുണ്ട്'', യുവതി പറഞ്ഞു. അതേസമയം, പലതവണ ചര്‍ച്ചകള്‍ നടത്തിയിട്ടും യുവതിയും ബന്ധുക്കളും ഒത്തുതീര്‍പ്പിന് തയാറായില്ലെന്നായിരുന്നു ഭര്‍തൃവീട്ടുകാരുടെ പ്രതികരണം.

യുവതിയും മകളും ഭര്‍ത്താവിന്റെ വീട്ടിലെത്തി ബഹളംവെച്ചതോടെ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി ഇരുവരെയും അനുനയിപ്പിച്ച് തിരിച്ചയക്കുകയായിരുന്നു. ഗാര്‍ഹികപീഡനത്തിന് നിയമപരമായി പരാതി നല്‍കാനും നിര്‍ദേശിച്ചു. എന്നാല്‍, പോലീസ് പക്ഷപാതം കാണിച്ചെന്നാണ് ഷഹാനയുടെയും കുടുംബത്തിന്റെയും ആരോപണം.

 

Latest News