Sorry, you need to enable JavaScript to visit this website.

മലയാളികളെ വേണ്ട, ഒരു ലക്ഷം പേരെ ഇന്ത്യയില്‍  നിന്നും ഇസ്രായിലിലേക്ക് കൊണ്ടു പോകും 

ന്യൂദല്‍ഹി- ഹമാസ് ആക്രമണത്തിന് ശേഷം രാജ്യത്ത് നിന്നും പുറത്താക്കിയ ഫലസ്തീനികള്‍ക്ക് പകരം ഇന്ത്യക്കാരെ ക്ഷണിച്ച് ഇസ്രായില്‍.  ഈ മാസം 27-ന് ദല്‍ഹിയിലും ചെന്നൈയിലും നിര്‍മാണത്തൊഴിലാളികളുടെ തെരഞ്ഞെടുപ്പ് ആരംഭിക്കും. 10-15 ദിവസം നീളും. ഒരു ലക്ഷം പേരെ തെരഞ്ഞെടുക്കാനാണ് ഇസ്രായില്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഇസ്രായിലില്‍നിന്നുള്ള ഉന്നതതല സംഘം അടുത്തയാഴ്ച ഇന്ത്യയിലെത്തും. അതേസമയം ഹരിയാനയില്‍ നിന്ന് കൂടുതല്‍ തൊഴിലാളികളെ ഇസ്രായലിലെത്തിക്കാനുള്ള ശ്രമം സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി 10,000 നിര്‍മാണത്തൊഴിലാളികളെ ഇസ്രായലിലേക്ക് കയറ്റിവിടാനായി ഹരിയാന സര്‍ക്കാര്‍ പരസ്യം ചെയ്തിട്ടുണ്ട്.
ഇസ്രായലിലേക്ക് ഇന്ത്യന്‍ നിര്‍മാണത്തൊഴിലാളികളെ അയയ്ക്കുന്നതിനെക്കുറിച്ച് ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഹരിയാന സര്‍ക്കാരിന്റെ പരസ്യം വന്നത്. ഡിസംബര്‍ 15നാണ് ഇസ്രായലില്‍ ജോലിയ്ക്കുള്ള പരസ്യം ഹരിയാനയിലെ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. പൊതുമേഖലാ സ്ഥാപനമായ ഹരിയാന കൗശല്‍ റോസ്ഗാര്‍ നിഗത്തിന്റെ പേരിലായിരുന്നു പരസ്യം. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കുള്ള സംസ്ഥാനം എന്ന നാണക്കേടില്‍ നില്‍ക്കവെയാണ് ഹരിയാനയില്‍ ഇങ്ങനെയൊരു പരസ്യം പ്രത്യക്ഷപ്പെട്ടത്.
യുദ്ധം തുടങ്ങിയതില്‍ പിന്നെ 90,000 ഫലസ്തീയന്‍ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റാണ് ഇസ്രായില്‍  റദ്ദാക്കിയത്. ഇതാണ് അവിടെ തൊഴിലാളി ക്ഷാമം രൂക്ഷമാകാന്‍ കാരണം. നിലവില്‍ ഒമ്പതു ശതമാനമാണ് ഹരിയാനയിലെ തൊഴിലില്ലായ്മ. 5.44 ലക്ഷം തൊഴിലില്ലാത്ത യുവാക്കളാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്. വിവിധ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ ആദ്യഘട്ടത്തില്‍ 10,000 തൊഴിലാളികളെയാണെടുക്കുകയെന്ന് ഇസ്രായില്‍ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ (ഐ.ബി. എ.) ഡെപ്യൂട്ടി ജനറല്‍ ഷായ് പൗസ്‌നെര്‍ ഇന്നലെ അറിയിച്ചു. സാഹചര്യം വിലയിരുത്തി 20,000 പേരെക്കൂടി പിന്നീടെടുക്കുമെന്നും വ്യക്തമാക്കി. എന്നാല്‍, കേരളത്തില്‍ നിന്നും റിക്രൂട്ട്മെന്റ് ഉണ്ടാകാന്‍ സാധ്യതയില്ല. തമിഴ്നാട്ടില്‍ നിന്നുള്ള  തൊഴിലാളികളെ കൊണ്ടുപോകുന്നതിനാണ് ചെന്നൈയില്‍ റിക്രൂട്ട്മെന്റ് നടക്കുന്നത്. ഇന്ത്യയില്‍നിന്ന് തൊഴിലാളികളെ കൊണ്ടുചെല്ലാന്‍ അനുവദിക്കണമെന്ന് ഐ.ബി.എ. ഇസ്രായില്‍  സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍  നടത്തിയ ഫോണ്‍സംഭാഷണത്തില്‍ ഇസ്രായലിലേക്കുള്ള തൊഴിലാളികളുടെ വരവ് വേഗത്തിലാക്കുന്നകാര്യം ചര്‍ച്ചചെയ്തിരുന്നു.


 

Latest News