Sorry, you need to enable JavaScript to visit this website.

കെ.എസ്.ഇ.ബിയുടെ 'സൗര' പദ്ധതി താളം തെറ്റുന്നു, സ്വകാര്യ മേഖലയ്ക്ക് കൊയ്ത്ത്


ആലപ്പുഴ- കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത് കെഎസ്ഇബി നടപ്പാക്കുന്ന 'സൗര' സോളാർ പദ്ധതി താളംതെറ്റുന്നു. ഏറ്റെടുക്കുന്ന പദ്ധതി ബോർഡ് അംഗീകരിച്ച കമ്പനികൾ യഥാസമയം പൂർത്തിയാക്കാത്തതുമൂലം ഉപഭോക്താക്കൾ സ്വകാര്യ കമ്പനികളെ ആശ്രയിക്കുകയാണ്. ഇതുമൂലം ജനങ്ങൾക്ക് ലഭിക്കേണ്ട സബ്‌സിഡി തുക നഷ്ടപ്പെടുന്നു. പ്ലാന്റുകൾ സ്ഥാപിക്കുന്നതിലെ കാലതാമസം മൂലം സബ്‌സിഡി ആനുകൂല്യത്തിന് കാത്തുനിൽക്കാതെ ജനങ്ങൾ സ്വന്തം നിലയിൽ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുകയാണ്. ആലപ്പുഴ ജില്ലയിൽ ഇതുവരെ സ്ഥാപിച്ചത് 2700ൽ താഴെ ഗാർഹിക സൗരോർജ പ്ലാന്റുകളാണ്. 10,523 കിലോവാട്ടാണ് പ്ലാന്റുകളുടെ ശേഷി. ആലപ്പുഴ സർക്കിളിൽ 1401ഉം ഹരിപ്പാട് സർക്കിളിൽ 1276ഉം പ്ലാന്റുകളാണുള്ളത്. 2021 നവംബറിൽ തുടങ്ങിയ പദ്ധതിയുടെ മെല്ലെപ്പോക്കിനു പ്രധാനകാരണം നിർമാണം പൂർത്തിയാക്കുന്നതിനുള്ള കാലതാമസമാണ്. സർക്കാരിന്റെ ആനുകൂല്യത്തിന് കാത്ത് നിൽക്കാതെ സ്വകാര്യമേഖലയിൽ സ്ഥാപിക്കുകയാണ് പലരുമിപ്പോൾ. തവണ വ്യവസ്ഥയിൽ സ്വകാര്യ കമ്പനികൾ സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചു നൽകുന്നുവെന്നത് പ്രധാന ആകർഷണ ഘടകമാകുകയും ചെയ്യുന്നു. 
ആദ്യഘട്ട സൗരപദ്ധതിയുടെ ഭാഗമായി 142 പ്ലാന്റുകളാണ് സ്ഥാപിച്ചിരുന്നത്. 955 കിലോവാട്ടായിരുന്നു ആകെ ശേഷി. വീടുകൾക്കും കെട്ടിടങ്ങൾക്കും മുകളിൽ പ്ലാന്റുകൾ സ്ഥാപിക്കുന്നതായിരുന്നു പദ്ധതി. രണ്ടാംഘട്ടത്തിൽ വീടുകൾക്കാണ് പ്രാമുഖ്യം. ഒരു കിലോവാട്ട് പ്ലാന്റിൽനിന്നു നാലു യൂണിറ്റോളം വൈദ്യുതി ഉത്പാദിപ്പിക്കാം. സാധാരണ ആറു യൂണിറ്റുവരെയാണ് ഒരു വീട്ടിൽ പ്രതിദിന വൈദ്യുതി ഉപഭോഗം. ഗാർഹികാവശ്യങ്ങൾ കഴിഞ്ഞ് ബാക്കിയുള്ള വൈദ്യുതി കെ.എസ്.ഇ.ബി. ഗ്രിഡ് വഴി പണംനൽകി വാങ്ങും. 2022-23 സാമ്പത്തിക വർഷത്തിൽ യൂണിറ്റിന് 2.69 രൂപയായിരുന്നു. ഗാർഹികാവശ്യങ്ങൾക്കു പുറമേ ഉടമസ്ഥനു തന്റെതന്നെ മറ്റാവശ്യങ്ങൾക്കും ഈ വൈദ്യുതിയുപയോഗിക്കാം. പോളി ക്രിസ്റ്റലിൻ, മോണോ പെർക് പ്ലാന്റുകളാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്നത്. പോളി ക്രിസ്റ്റലിൻ പ്ലാന്റുകളെ അപേക്ഷിച്ച് മോണോ പെർക് പ്ലാന്റുകളുടെ വൈദ്യുതി ഉത്പാദനം കൂടുതലാണ്. ഒരു കിലോവാട്ട് പ്ലാന്റിൽനിന്ന് അഞ്ച് യൂണിറ്റുവരെ വൈദ്യുതി ലഭിക്കും. പോളി ക്രിസ്റ്റലിൻ പ്ലാന്റുകൾക്ക് ചെലവുകുറവാണ്. സംസ്ഥാനത്താകെ വലിയൊരു വിപ്ലവം സൃഷ്ടിക്കേണ്ട പദ്ധതിയാണ് ഇഴഞ്ഞ് നീങ്ങുന്നത്. കേന്ദ്ര സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിട്ടുള്ള മുപ്പതോളം കമ്പനികളാണ് കെഎസ്ഇബിയും അംഗീകരിച്ചിരിക്കുന്നത്. പദ്ധതിയ്ക്കായുള്ള ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുമ്പോൾ പ്രസ്തുത കമ്പനികളുടെ ലിസ്റ്റാണ് ലഭിക്കുക. ഇതിൽ കേരളത്തിലെ ഉപഭോക്താക്കൾ പ്രധാനമായും സ്വീകരിക്കുന്നത് ടാറ്റ കമ്പനിയെയാണ്. നിരവധി അപേക്ഷകർക്ക് പ്ലാന്റ് സ്ഥാപിച്ചിട്ടില്ലെന്ന ആക്ഷേപമുണ്ട്.  ചരിഞ്ഞ മേൽക്കൂര, മരത്തണൽ തുടങ്ങിയ കാരണങ്ങളാൽ പാനലുകൾ സ്ഥാപിക്കാൻ കഴിയില്ലെന്നാണ് കമ്പനി അധികൃതർ പറയുന്നത്. സൂര്യപ്രകാശം ലഭിക്കുന്നതിന് തടസംവന്നാൽ വൈദ്യുതി ഉൽപാദനം കുറയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒരു കിലോ വാട്ടിന് 44,000 രൂപ വരെയാണ് പാനലും മറ്റും സ്ഥാപിക്കുന്നതിന്റെ ചെലവ്. ഇതിന്റെ 40 ശതമാനം സർക്കാർ സബ്‌സിഡി ലഭിക്കും. 
ഓരോ സംസ്ഥാത്തും 100 മെഗാവാട്ട് വൈദ്യുതി ഉൽപാദനം ഇത്തരത്തിലുണ്ടാകണമെന്ന കേന്ദ്ര നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് 4 വർഷം മുമ്പ് പദ്ധതി ആരംഭിച്ചത്. എന്നാൽ 50 ശതമാനം പോലും എത്തിക്കാൻ കെഎസ്ഇബിക്ക് കഴിഞ്ഞിട്ടില്ല. സ്വകാര്യ കമ്പനികളാകട്ടെ, ഒരു കിലോ വാട്ടിന് 65,000 മുതൽ ഒരു ലക്ഷം രൂപ വരെ ഈടാക്കി ജനങ്ങളെ പിഴിയുന്നു. 

Latest News