ഗാസ/ഇസ്താംബൂൾ- ഐക്യരാഷ്ട്ര സഭയെ വിളിക്കേണ്ടത് ഇസ്രായിൽ സംരക്ഷണ സമിതി എന്നാണെന്ന് തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ. ഗാസ വെടിനിർത്തൽ പ്രമേയത്തെ അമേരിക്ക വീറ്റോ ചെയ്തത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒക്‌ടോബർ ഏഴ് മുതൽ സുരക്ഷാ കൗൺസിൽ ഇസ്രായിൽ സംരക്ഷണ, പ്രതിരോധ കൗൺസിലായി മാറിയെന്നും ഉർദുഗാൻ ആരോപിച്ചു. ഗാസയിൽ ഇസ്രായിലും ഹമാസും തമ്മിലുള്ള രൂക്ഷമായ പോരാട്ടത്തിൽ ഉടൻ വെടിനിർത്തൽ വേണമെന്ന സുരക്ഷാ കൗൺസിൽ പ്രമേയം വെള്ളിയാഴ്ച അമേരിക്ക വീറ്റോ ചെയ്തിരുന്നു. യു.എൻ മേധാവി അന്റോണിയോ ഗുട്ടെറസിന്റെയും അറബ് രാജ്യങ്ങളുടെയും നേതൃത്വത്തിൽ നടന്ന വെടിനിർത്തൽ ആവശ്യത്തിനുവേണ്ടിയുള്ള പോരാട്ടം അമേരിക്ക തകർക്കുകയായിരുന്നു. 'ഇതാണോ നീതി?. ലോകം ഈ അഞ്ചു രാജ്യങ്ങളേക്കാൾ വലുതാണ്. യു.എൻ സെക്യൂരിറ്റി കൗൺസിലിലെ വീറ്റോ അധികാരമുള്ള അഞ്ച് രാജ്യങ്ങളെ പരാമർശിച്ച്് ഉർദുഗാൻ പറഞ്ഞിു. മറ്റൊരു ലോകം സാധ്യമാണ്, അമേരിക്കയില്ലാതെ. അമേരിക്ക അതിന്റെ പണവും സൈനിക ഉപകരണങ്ങളുമായി ഇസ്രായിലിനൊപ്പം നിൽക്കുന്നു. അമേരിക്ക. അതിന് നിങ്ങൾ എത്ര പണം നൽകും. എല്ലാ ദിവസവും ഗാസയിൽ മനുഷ്യാവകാശ പ്രഖ്യാപനം ലംഘിക്കപ്പെടുന്നു. അദ്ദേഹം പറഞ്ഞു. ഗാസ മുനമ്പിലെ കുട്ടികളുടെ രക്തച്ചൊരിച്ചിലിന് അമേരിക്ക ഉത്തരവാദികളാണെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ശനിയാഴ്ച പറഞ്ഞു. അമേരിക്കൻ നിലപാടിനെ ആക്രമണാത്മകവും അധാർമികവുമാണെന്ന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. എല്ലാ മാനുഷിക തത്വങ്ങളുടെയും മൂല്യങ്ങളുടെയും നഗ്‌നമായ ലംഘനമാണിത്. ഗാസ മുനമ്പിലെ ഫലസ്തീൻ കുട്ടികളുടെയും സ്ത്രീകളുടെയും പ്രായമായവരുടെയും രക്തച്ചൊരിച്ചിലിന് ഉത്തരവാദി അമേരിക്കയാണ്- മഹമൂദ് അബ്ബാസിന്റെ ഓഫീസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
അതിനിടെ, ഗാസയിൽ ഹമാസ് ബന്ദികളാക്കിയ ഒരു ഇസ്രായിൽ പൗരൻ കൊല്ലപ്പെട്ടതായി ഹമാസ് പറഞ്ഞു. ഒക്‌ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ ബന്ദികളാക്കിയവരിൽ 25-കാരനായ സഹർ ബറൂച്ചാണ് കൊല്ലപ്പെട്ടത്. ബീരി, ഗാസ അതിർത്തി കമ്മ്യൂണിറ്റിയായ ബറൂച്ചിൽ നിന്നുള്ളയാളാണ് സഹർ. അഗാധമായ ദുഃഖത്തോടെയും തകർന്ന ഹൃദയത്തോടെയുമാണ് സഹർ ബറൂച്ചിന്റെ കൊലപാതകം ഞങ്ങൾ പ്രഖ്യാപിക്കുന്നതെന്ന് ബന്ദിയാക്കപ്പെട്ടവരുടെയും കാണാതായ കുടുംബങ്ങളുടെയും ഫോറം സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ബന്ദിയെ മോചിപ്പിക്കാനുള്ള ഇസ്രായിൽ ശ്രമത്തിനിടെയാണ് ബറൂച്ചി കൊല്ലപ്പെട്ടത്. ഇസ്രായിലിന്റെ രണ്ട് സൈനികർക്ക് പരിക്കേറ്റതായും ഇസ്രായിൽ സൈന്യം അറിയിച്ചു.
രണ്ടു മാസം മുമ്പ് തുടങ്ങിയ ഇസ്രായിൽ ആക്രണത്തിൽ ഇതേവരെ ഗാസയിൽ 17487 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ പകുതിയിലേറെയും കുട്ടികളും സ്ത്രീകളുമാണ്. ഗാസയുടെ ഭൂരിഭാഗം പ്രദേശങ്ങൾ തരിശുഭൂമിയായി മാറി. ജനസംഖ്യയുടെ 80 ശതമാനവും കുടിയൊഴിപ്പിക്കപ്പെട്ടു, ഭക്ഷണം, ഇന്ധനം, വെള്ളം, മരുന്ന് എന്നിവയുടെ കടുത്ത ക്ഷാമവും വർദ്ധിച്ചുവരുന്ന രോഗഭീഷണിയും കാരണം ഗാസ നിവാസികൾ വൻ പ്രതിസന്ധി നേരിടുകയാണെന്നും യു.എൻ വ്യക്തമാക്കുന്നു. ഗാസയിൽ ആളുകൾ ചൂടു കിട്ടാൻ ടെലിഫോൺ പോസ്റ്റുകൾ മുറിച്ചു കത്തിക്കാൻ വരെ തുടങ്ങിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ വക്താവ് ക്രിസ്റ്റ്യൻ ലിൻഡ്മെയർ പറഞ്ഞു. ഗാസയിലെ കൊലപാതകങ്ങളിൽ യു.എൻ സുരക്ഷാ കൗൺസിലിനും പങ്കുണ്ടെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് എന്ന സംഘടന പറഞ്ഞു.