Sorry, you need to enable JavaScript to visit this website.

ക്ലബ്ബ് ലോകകപ്പ് അക്കങ്ങളിൽ

ആറ് ഫിഫ മേഖലകളിലെ ചാമ്പ്യന്മാരും ആതിഥേയ രാജ്യത്തിന്റെ ലീഗ് ചാമ്പ്യന്മാരായ അൽഇത്തിഹാദും പങ്കെടുക്കുന്ന ഇരുപതാമത് ക്ലബ്ബ് ലോകകപ്പിന് ചൊവ്വാഴ്ച ജിദ്ദയിൽ പന്തുരുളുകയാണ്. 22 നാണ് ഫൈനൽ. ഏഴ് ടീമുകളുമായി നടക്കുന്ന അവസാന ക്ലബ്ബ് ലോകകപ്പായിരിക്കും ഇത്. 2025 മുതൽ 32 ടീമുകളുമായി ടൂർണമെന്റ് വികസിക്കുകയാണ്. 
ഏഷ്യൻ ചാമ്പ്യന്മാരായ ഉറാവ റെഡ്‌സ് (ജപ്പാൻ), ആഫ്രിക്കൻ ചാമ്പ്യന്മാരായ അൽഅഹ്‌ലി (ഈജിപ്ത്), കോൺകകാഫ് ചാമ്പ്യന്മാരായ ലിയോൺ (മെക്‌സിക്കൊ), ലാറ്റിനമേരിക്കൻ കോപ ലിബർടഡോറസ് ജേതാക്കളായ ഫഌമിനൻസ് (ബ്രസീൽ), ഓഷ്യാന ചാമ്പ്യന്മാരായ ഓക്‌ലന്റ് സിറ്റി (ന്യൂസിലാന്റ്), യൂറോപ്യൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി (ഇംഗ്ലണ്ട്) എന്നിവയാണ് പങ്കെടുക്കുന്ന മറ്റു ടീമുകൾ. 2012 നു ശേഷം യൂറോപ്യൻ ക്ലബ്ബുകളുടെ കുത്തകയാണ് ക്ലബ്ബ് ലോകകപ്പ്. അവസാനം ജയിച്ചത് റയൽ മഡ്രീഡാണ്, 2022 ലെ ഫൈനലിൽ ഏഷ്യൻ ചാമ്പ്യന്മാരായ അൽഹിലാലിനെ തോൽപിച്ചു. ക്ലബ്ബ് ലോകകപ്പ് വിശേഷങ്ങളിലൂടെ....

 

195 -ഏറ്റവും ഉയരം കൂടിയ കളിക്കാർ മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ എർലിംഗ് ഹാളന്റും ഉറാവ റെഡ് ഡയമണ്ട്‌സ് ഗോൾകീപ്പർ അയൂമി നിയേകാവയുമാണ് -195 സെന്റിമീറ്റർ. ഫഌമിനൻസ് ഗോൾകീപ്പർ വിക്ടർ യൂഡസ് ഡിസൂസ കോസ്റ്റ (194 സെന്റിമീറ്റർ), അൽഇത്തിഹാദിന്റെ ഈജിപ്ഷ്യൻ സെന്റർ ബാക്ക് അഹ്മദ് ഹിജാസി (193 സെ.മീ), ഫഌമിനൻസ് ഗോൾകീപ്പർ പെഡ്രൊ റാംഗൽ (192 സെ.മീ), ഈജിപ്തിലെ അൽഅഹ്‌ലിയുടെ ഗോൾകീപ്പർ മുഹമ്മദ് അൽഷിനാവി, മാഞ്ചസ്റ്റർ സിറ്റി ഡിഫൻസിവ് മിഡ്ഫീൽഡർ റോഡ്രി (191 സെ.മീ) എന്നിവരും അതികായന്മാരാണ്. ഏറ്റവും ഉയരം കുറഞ്ഞ കളിക്കാരൻ ജപ്പാനിലെ ഉറാവ റെഡ് ഡയമണ്ട്‌സിന്റെ പ്ലേമേക്കർ ഷോയ നകാജിമയാണ് -164 സെ.മീ. 

99 - ക്ലബ്ബ് ലോകകപ്പിൽ കളിക്കുന്നവരിൽ ഏറ്റവുമധികം രാജ്യാന്തര മത്സരം കളിച്ചത് മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയൻ പ്ലേമേക്കർ കെവിൻ ഡിബ്രൂയ്‌നെയാണ് -99. അൽഇത്തിഹാദിന്റെ ഫ്രഞ്ച് സ്‌ട്രൈക്കർ കരീം ബെൻസീമ (97), മാഞ്ചസ്റ്റർ സിറ്റിയുടെ ക്രൊയേഷ്യൻ സെൻട്രൽ മിഡ്ഫീൽഡർ മാറ്റിയൊ കൊവാസിച് -97, ഈജിപ്തിലെ അൽഅഹ്‌ലിയുടെ തുനീഷ്യൻ ലെഫ്റ്റ്ബാക്ക് -90 എന്നിവരാണ് തൊട്ടുപിന്നിൽ. 

43 -നാൽപത് പിന്നിട്ട ഒരു കളിക്കാരനേ ഇതുവരെ ക്ലബ്ബ് ലോകകപ്പിൽ കളിച്ചിട്ടുള്ളൂ. എന്നാൽ ഇത്തവണ രണ്ടു പേരുണ്ടാവും. നാൽപത്തിമൂന്നുകാരനായ ഫഌമിനൻസ് ഗോൾകീപ്പർ ഫാബിയോയും അവരുടെ നാൽപതുകാരനായ സെന്റർബാക്ക് ഫെലിപ്പെ മെലോയും. അവരേക്കാൾ പ്രായം കുറഞ്ഞ രണ്ട് കോച്ചുമാർ ജിദ്ദയിലുണ്ടാവും -മെക്‌സിക്കോയിലെ ലിയോണിന്റെ നിക്കൊളാസ് ലാർസമോണും ഓക്‌ലന്റ് സിറ്റിയുടെ ആൽബർട് റിയേറയും. രണ്ടു പേർക്കും മുപ്പത്തൊമ്പതാണ് പ്രായം. 2017 ലെ സെമിഫൈനലിൽ ഗ്രേമിയോക്കെതിരെ പചുക്കയുടെ ഗോൾവല കാത്ത ഓസ്‌കാർ പെരേസാണ് ക്ലബ്ബ് ലോകകപ്പിൽ കളിച്ച പ്രായമേറിയ താരം. -44 വയസ്സും 10 മാസവും. 

18 - ഓക്‌ലന്റ് സിറ്റിയുടെ ഗോൾകീപ്പർ ജോ വാലിസായിരിക്കും ടൂർണമെന്റിലെ ബേബി. 18 വയസ്സേ ആയിട്ടുള്ളൂ. മാഞ്ചസ്റ്റർ സിറ്റിയുടെ റിക്കൊ ലൂയിസ്, ഓക്‌ലന്റ് സിറ്റിയുടെ ആദം ബെൽ, അൽഇത്തിഹാദിന്റെ മർവാൻ അൽശാഫി എന്നിവരും ടീനേജർമാരാണ്. 

16 -മാഞ്ചസ്റ്റർ സിറ്റിയുടെ ഇരുപത്തിമൂന്നംഗ ടീമിൽ 16 പേരും വിദേശികളാണ്. അൽഇത്തിഹാദിൽ 10 വിദേശ കളിക്കാരുണ്ട്. ഏറ്റവും കുറവ് ഫഌമിനൻസിലാണ് -3.

12 - അൽഅഹ്‌ലിയുടെ ഹുസൈൻ അൽശാഹത് ക്ലബ്ബ് ലോകകപ്പിൽ 12 മത്സരം കളിച്ചിട്ടുണ്ട്. ഇത് റെക്കോഡാണ്. ഓക്‌ലന്റിന്റെ എമിലിയാനൊ ടെയ്ഡും (11) അഹ്‌ലിയുടെ ആലിയു ദിയേംഗ്, ഹാനി മുഹമ്മദ്, മുഹമ്മദ് താഹിർ എന്നിവരും (10) തൊട്ടുപിന്നിലുണ്ട്. 

4 - ഇത്തവണ കളിക്കുന്നവരിൽ കരീം ബെൻസീമയാണ് ക്ലബ്ബ് ലോകകപ്പിൽ ഏറ്റവുമധികം ഗോളടിച്ചത് -4. എല്ലാ ഗോളും റയൽ മഡ്രീഡിനു വേണ്ടിയായിരുന്നു. ഇത്തവണ ഇത്തിഹാദിനു വേണ്ടി ഗോളടിച്ചാൽ മറ്റൊരു നേട്ടം ബെൻസീമക്ക് സ്വന്തമാക്കാം. ഡ്വയ്റ്റ് യോർക്ക് (മാഞ്ചസ്റ്റർ സിറ്റി, സിഡ്‌നി എഫ്.സി), നെരി കാർഡോസൊ (ബൊക്ക ജൂനിയേഴ്‌സ്, മോണ്ടെറെ), റൊണാൾഡിഞ്ഞൊ (ബാഴ്‌സലോണ, അത്‌ലറ്റിക്കൊ മിനേറൊ), ക്രിസ്റ്റിയാനൊ റൊണാൾഡൊ (മാഞ്ചസ്റ്റർ യുനൈറ്റഡ്, റയൽ), സുകാസ ഷിയോതാനി (സാൻഫ്രെക്കെ ഹിരോഷിമ, അൽഐൻ), ഹുസൈൻ അൽഷാഹത് (അൽഐൻ, അൽഅഹ്‌ലി), പെഴ്‌സി ടാവു (മാമെലോദി സൺഡൗൺസ്, അലി അഹ്‌ലി) എന്നിവർക്കൊപ്പം രണ്ടു ടീമുകൾക്ക് വേണ്ടി ഗോളടിച്ചവരുടെ പട്ടികയിൽ ഇടം നേടാം. 

4 -ഇത്തവണ ക്ലബ്ബ് ലോകകപ്പിൽ അർജന്റീനയിൽ നിന്ന് ടീമില്ല. എന്നാൽ നാല് ടീമുകളിൽ അർജന്റീന കളിക്കാരുണ്ട് -എമിലിയാനൊ ടെയ്ഡ് (ഓക്‌ലന്റ് സിറ്റി), ജർമൻ കാനൊ (ഫഌമിനൻസ്), അഡോണിസ് ഫ്രയാസ്, ലുക്കാസ് റോമിറൊ (ലിയോൺ), യൂലിയൻ അൽവരേസ് (മാഞ്ചസ്റ്റർ സിറ്റി). 

3 - രണ്ടു തവണ റയൽ മഡ്രീഡിനൊപ്പവും ഒരിക്കൽ ചെൽസിക്കൊപ്പവും കിരീടം നേടിയ മാറ്റിയൊ കൊവസിച് അപൂർവ നേട്ടത്തിനരികിലാണ്. മാഞ്ചസ്റ്റർ സിറ്റി ഇത്തവണ കിരീടം നേടുകയാണെങ്കിൽ മൂന്നു ടീമുകൾക്കൊപ്പം ചാമ്പ്യനായ ആദ്യ കളിക്കാരനാവും. രണ്ട് ടീമുകൾക്കൊപ്പം കിരീടം നേടിയവരായി കൊവസിച് ഉൾപ്പെടെ ഒമ്പത് കളിക്കാരുണ്ട്. 

 

Latest News