Sorry, you need to enable JavaScript to visit this website.

മെസ്സിയും നെയ്മാറും, പിന്നെ പെപ്പും

മെസ്സിയും നെയ്മാറും യോക്കോഹാമയിലെ ക്ലബ്ബ് ലോകകപ്പിൽ 

ലിയണൽ മെസ്സി അമേരിക്കൻ മേജർ ലീഗിന്റെ ആലസ്യത്തിലേക്ക് പോയി. നെയ്മാർ പരിക്കേറ്റ് ബ്രസീലിൽ വിശ്രമത്തിലാണ്. എർലിംഗ് ഹാളന്റുൾപ്പെടെ പുതുതലമുറ ക്ലബ്ബ് ലോകകപ്പിൽ ചുവടുറപ്പിച്ചു കഴിഞ്ഞു. ഒരു വ്യാഴവട്ടം മുമ്പ് ജപ്പാനിലെ യോക്കാഹാമയിൽ ക്ലബ്ബ് ലോകകപ്പിൽ ഏറ്റുമുട്ടിയത് ബാഴ്‌സലോണയും സാന്റോസും തമ്മിലായിരുന്നു. 2011 ഡിസംബർ 18 ന് നടന്ന ഫൈനലിൽ ബാഴ്‌സലോണ ആക്രമണം നയിച്ചത് മെസ്സിയായിരുന്നു, സാന്റോസിന്റെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചത് നെയ്മാറും. പെപ് ഗാഡിയോളയുടെ കോച്ചിംഗിൽ ബാഴ്‌സലോണ എക്കാലത്തെയും ഹരമായ ടീമായി മാറിയിരുന്നു. മറുവശത്ത് സാന്റോസിന്റെ ഊർജമായിരുന്നു നെയ്മാർ. പെലെയുടെ ക്ലബ്ബിന്റെ ചരിത്രത്തിനൊപ്പം തലയെടുപ്പോടെ നിൽക്കാൻ കരുത്തു തെളിയിച്ചവൻ. അസാധ്യമായിരുന്നു നെയ്മാറിന്റെ ഡ്രിബഌംഗ്. ലാറ്റിനമേരിക്ക മയങ്ങിവീണ ആ പ്രതിഭ ആദ്യമായി യൂറോപ്പിനു മുന്നിൽ കരുത്തു തെളിയിക്കുകയായിരുന്നു. 
ആ ഫൈനൽ പെപ് ഗാഡിയോള എന്ന ഫുട്‌ബോൾ ഗുരുവിന്റെ മറ്റൊരു പരീക്ഷണ വേദിയായിരുന്നു. ഫോർവേഡുകളില്ലാത്ത ഫോർമേഷനുമായാണ് ഗാഡിയോള ബാഴ്‌സലോണയെ ഇറക്കിയത്. 3-7-0 എന്ന് ആ ഫോർമേഷനെ വേണമെങ്കിൽ വിശേഷിപ്പിക്കാം. നെയ്മാറിന്റെ ഒളിമിന്നലാട്ടം വല്ലപ്പോഴും ദൃശ്യമായെങ്കിലും ആ കലാശപ്പോരാട്ടം ബാഴ്‌സലോണയുടേതായിരുന്നു. നിയന്ത്രിതമായ കലാപമാണ് അവർ അഴിച്ചുവിട്ടത്. ഗാഡിയോളയുടെ കാലാൾപ്പട കളിക്കളത്തിൽ ഒഴുകിപ്പരന്നു. ബാഴ്‌സലോണ നാലു ഗോളടിച്ചു. മെസ്സി രണ്ടെണ്ണം, ഷാവിയും സെസ്‌ക് ഫാബ്രിഗാസും ഓരോന്ന്. എങ്ങനെ ഫുട്‌ബോൾ കളിക്കാമെന്ന് ബാഴ്‌സലോണ പഠിപ്പിച്ചു തന്നുവെന്ന് മത്സര ശേഷം നെയ്മാർ പറഞ്ഞു. 
ഏതാനും വർഷത്തിനു ശേഷം നെയ്മാർ എതിരാളികളുടെ ജഴ്‌സിയിട്ടു. ബാഴ്‌സലോണയിൽ നെയ്മാറും മെസ്സിയും സുഹൃത്തുക്കളും സഹകളിക്കാരുമായി. പി.എസ്.ജിയിൽ അവർ വീണ്ടും ഒരുമിച്ചു കളിച്ചു. ബ്രസീൽ-അർജന്റീന ബദ്ധശത്രുതയെ വെല്ലുന്ന സുഹൃദ്ബന്ധം അവർക്കിടയിൽ വളർന്നു. 
ഗാഡിയോള എന്ന കോച്ചിന്റെ ഫുട്‌ബോൾ മനസ്സിന്റെ പ്രദർശനം കൂടിയായിരുന്നു ആ ഫൈനൽ. ഒരു ഫോർവേഡുമില്ലാതെ എങ്ങനെയാണ് ഇത്ര ആക്രമിച്ചു കളിക്കാനാവുകയെന്ന് സാന്റോസിന്റെ പരിശീലകൻ മുയിർസി റൊമാലൊ അദ്ഭുതം കൂറി. 

 

 

 

Latest News