Sorry, you need to enable JavaScript to visit this website.

ക്ലബ്ബ് ലോകകപ്പ്: കപ്പിലെ കൗതുകങ്ങൾ

ഓസ്‌കർ പെരസ് -പ്രായമേറിയ കളിക്കാരൻ
മെസ്സിയുടെയും റൊണാൾഡോയുടെയും പേരിൽ നിരവധി ക്ലബ്ബ് ലോകകപ്പ് റെക്കോർഡുകളുണ്ട്. 

ഫാസ്റ്റസ്റ്റ് ഗോൾ
അൽഐന്റെ മുഹമ്മദ് അഹമ്മദ് 2018 ൽ എസ്പാരൻസിനെതിരെ ഗോളടിച്ചത് 79 ാം സെക്കന്റിലാണ്. 2013 ൽ ഗ്വാംഗ്ഷു എവർഗ്രാൻഡെക്കെതിരെ അത്‌ലറ്റിക്കൊ മിനേറോയുടെ ഡിയേഗൊ ടാർഡെല്ലി ഗോളടിച്ചത് 32 ാം സെക്കന്റിലാണ്. 

ഗോളി അമ്മാവൻ
2017 ൽ ഗ്രേമിയോക്കെതിരെ പാചുക്കയുടെ വല കാത്തത് 45 വയസ്സാവാൻ രണ്ടു മാസം മാത്രം ബാക്കിയുള്ള ഓസ്‌കർ പെരേസാണ്. 40 കഴിഞ്ഞ മറ്റാരും ഇതുവരെ ക്ലബ്ബ് ലോകകപ്പ് കളിച്ചിട്ടില്ല. 

ഗോൾസ്വാറസ്
ഒരു കളിയിൽ രണ്ടര ഗോളെന്ന കണക്കിലാണ് ലൂയിസ് സോറസ് ക്ലബ്ബ് ലോകകപ്പിൽ സ്‌കോർ ചെയ്തത് പെഡ്രൊ (2), വെയ്ൻ റൂണി, റഫയേൽ സാന്റോസ്, ഹംദു എൽഹൂനി, ഫെഡറിക്കൊ വാൽവെർദെ, വിനിസിയൂസ് ജൂനിയർ (1.5), ഡെനിൽസൻ (1.33) എന്നിവർക്കും ഒന്നിലേറെയാണ് ശരാശരി. 

ബേബി പാറ്റൊ
ഫിഫയുടെ ഒരു സീനിയർ പുരുഷ ടൂർണമെന്റിൽ ഗോളടിക്കുന്ന പ്രായം കുറഞ്ഞ കളിക്കാരനാണ് ബ്രസീൽ താരം പാറ്റൊ. 2006 ൽ ഇന്റർനാഷനാലിന്റെ ടീമിലിടം പിടിക്കുമ്പോൾ ഒരു പ്രൊഫഷനൽ മത്സരം പോലും പാറ്റൊ കളിച്ചിരുന്നില്ല. എന്നാൽ ആദ്യ കളിയിൽ കളത്തിലിറങ്ങി ഒന്നാം മിനിറ്റിൽ പാറ്റൊ സ്‌കോർ ചെയ്തു. 1958 ൽ സ്വീഡനിൽ നടന്ന ലോകകപ്പിൽ വെയ്ൽസിനെതിരെ ഗോളടിച്ച പെലെയുടെ റെക്കോഡ് മറികടന്നു. ഏറ്റവും പ്രായമേറിയ സ്‌കോറർ ഹവിയർ സനേറ്റിയാണ് -മുപ്പത്തേഴാം വയസ്സിൽ. 

ക്രൂസ് മിഷൻ
ആറു തവണ ക്ലബ്ബ് ലോകകപ്പ് നേടിയ ഒരു കളിക്കാരനേയുള്ളൂ, ടോണി ക്രൂസ്. ഒരിക്കൽ ബയേൺ മ്യൂണിക്കിനൊപ്പവും അഞ്ചു തവണ റയൽ മഡ്രീഡിനൊപ്പവും. ക്രിസ്റ്റ്യാനൊ റൊണാൾഡോയുൾപ്പെടെ എട്ട് കളിക്കാർ രണ്ട് ക്ലബ്ബിനൊപ്പം ചാമ്പ്യന്മാരായിട്ടുണ്ട്. 

ബ്രസീൽ തരംഗം
ബ്രസീലിലെ ഒമ്പത് ക്ലബ്ബുകൾ ടൂർണമെന്റിൽ കളിച്ചിട്ടുണ്ട്. കൊറിന്തിയൻസ്, വാസ്‌കോഡഗാമ, സാവൊപൗളൊ, ഇന്റർനാഷനാൽ, സാന്റോസ്, അത്‌ലറ്റിക്കൊ മിനേറൊ, ഗ്രേമിയൊ, ഫഌമംഗൊ, പാൽമീരാസ് എന്നിവ. എട്ട് മെക്‌സിക്കൻ ക്ലബ്ബുകളും മൂന്ന് ഇംഗ്ലിഷ് ക്ലബ്ബുകളും ക്ലബ്ബ് ലോകകപ്പിൽ കളിച്ചു. ഏറ്റവുമധികം തവണ കളിച്ച ക്ലബ്ബ് ന്യൂസിലാന്റിലെ ഓക്‌ലന്റ് സിറ്റിയാണ് -10 തവണ. ഈജിപ്തിലെ അൽഅഹ്‌ലി എട്ടു തവണയും.

എട്ടിന്റെ പണി
മൂന്നു മത്സരങ്ങളിൽ എട്ട് ഗോൾ പിറന്നിട്ടുണ്ട്. മാഞ്ചസ്റ്റർ യുനൈറ്റഡ് 5-ഗാംബ ഒസാക്ക 3 (2008), എസ്പാരൻസ് 6-അൽസദ്ദ് 2 (2019), റയൽ മഡ്രീഡ് 5-അൽഹിലാൽ 3 (2022). 
ക്രിസ്റ്റ്യാനൊ റൊണാൾഡോയാണ് ഏറ്റവും കൂടുതൽ ഗോളടിച്ചത് -7, ഒന്ന് മാഞ്ചസ്റ്റർ യുനൈറ്റഡിനു വേണ്ടിയും ആറെണ്ണം റയൽ മഡ്രീഡിനു വേണ്ടിയും. ഗാരെത് ബെയ്ൽ ആറു ഗോളടിച്ചു, സെസാർ ദെൽഗാഡൊ, ലിയണൽ മെസ്സി, ലൂയിസ് സോറസ് എന്നിവർ അഞ്ചു വീതവും. ഒരു ടൂർണമെന്റിൽ ഏറ്റവുമധികം ഗോളടിച്ചത് സോറസാണ്, 2015 ൽ അഞ്ചെണ്ണം. റൊണാൾഡോയും റൊണാൾഡിഞ്ഞോയുമുൾപ്പെടെ ഏഴു പേർ ഒന്നിലേറെ ക്ലബ്ബുകൾക്ക് വേണ്ടി സ്‌കോർ ചെയ്തു. 

ആന്റ്‌ലേഴ്‌സിന്റെ നഷ്ടം
യൂറോപ്യൻ, ലാറ്റിനമേരിക്കൻ ക്ലബ്ബുകളേ ഈ ടൂർണമെന്റിൽ കിരീടം നേടിയിട്ടുള്ളൂ. ഈ രണ്ട് മേഖലക്ക് പുറത്തു നിന്ന് ആറ് ടീമുകൾ ഫൈനൽ കളിച്ചു. കഴിഞ്ഞ വർഷം സൗദിയിലെ അൽഹിലാലുൾപ്പെടെ. കഷീമ ആന്റ്‌ലേഴ്‌സാണ് (ജപ്പാൻ) ഇതിൽ കിരീടത്തോട് ഏറ്റവും അടുത്തത്. 2016 ൽ റയൽ മഡ്രീഡിനെതിരായ ഫൈനൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ അവർ മുന്നിലായിരുന്നു. എന്നാൽ റൊണാൾഡോയുടെ ഹാട്രിക്കിൽ റയൽ ജയിച്ചു. രണ്ട് ഗോളുകൾ എക്‌സ്ട്രാ ടൈമിലായിരുന്നു. 

ഹാട്രിക് ഹീറോസ്
നാല് കളിക്കാർ ഹാട്രിക് നേടിയിട്ടുണ്ട് -ലൂയിസ് സോറസ്, ക്രിസ്റ്റിയാനൊ റൊണാൾഡൊ, ഗാരെത് ബെയ്ൽ, ഹംദു എൽഹൂനി. ഫൈനലിൽ ഹാട്രിക് നേടാൻ റൊണാൾഡോക്കേ സാധിച്ചിട്ടുള്ളൂ. സാമി ഖദീറ, ടോണി ക്രൂസ് (ജർമനി), റഫായേൽ വരാൻ (ഫ്രാൻസ്) എന്നിവർ ഒരേ വർഷം ലോകകപ്പും ക്ലബ്ബ് ലോകകപ്പും നേടി. രണ്ടു തവണ മികച്ച കളിക്കാരനായ ഒരാളേയുള്ളൂ, ലിയണൽ മെസ്സി. അൽഅഹ്‌ലിയുടെ മുഹമ്മദ് അബൂതരീഖയും അത്‌ലറ്റിക്കൊ മിനേറോയുടെ റൊണാൾഡിഞ്ഞോയും രണ്ട് ഫ്രീകിക്ക് ഗോളുകൾക്കുടമകളാണ്. ബ്രസീലിലെ കൊറിന്തിയൻസും ജർമനിയിലെ ബയേൺ മ്യൂണിക്കും രണ്ടു തവണ ടൂർണമെന്റിൽ പങ്കെടുത്തപ്പോഴും ചാമ്പ്യന്മാരായി. 

Latest News