Sorry, you need to enable JavaScript to visit this website.

വാരിവിതറുന്ന എ പ്ലസ്

അക്ഷരമെഴുതാനറിയാത്തവർ പോലും എ പ്ലസ് നേടുന്ന കേരളത്തിലെ വിദ്യാഭ്യാസ വിപ്ലവത്തിനെതിരെ ആ മേഖലയിൽനിന്ന് തന്നെ ശബ്ദമുയർന്നു തുടങ്ങിയിരിക്കുന്നു. എ പ്ലസ് നേടുന്ന കുട്ടികളുടെ എണ്ണം ഭരണ നേട്ടമായിക്കാണുന്ന സർക്കാരുകളുടെ രാഷ്ട്രീയമാണ് ഇതിനെല്ലാം അടിസ്ഥാനം. ഏറെക്കാലമായി കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസ രംഗം നിലവാരത്തകർച്ച നേരിടുന്നുണ്ട്. അതിന്റെ കാരണങ്ങൾ കണ്ടുപിടിച്ച് പരിഹരിക്കാൻ ഇനിയും വൈകുന്നത് ഭാവിതലമുറയോട് ചെയ്യുന്ന വലിയ ദ്രോഹമായിരിക്കും.

കേരളത്തിലെ സ്‌കൂളുകൾ ഫൈവ് സ്റ്റാർ ഹോട്ടലുകളെപ്പോലെയാണെന്നും പലരും ഹോട്ടലാണെന്ന് തെറ്റിദ്ധരിച്ച് അങ്ങോട്ടേക്ക് കയറിച്ചെല്ലുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തമാശ പറഞ്ഞതിന് തൊട്ടടുത്ത ദിവസമാണ് അക്ഷരം കൂട്ടിവായിക്കാനറിയാത്ത വിദ്യാർഥികൾക്കും എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് ലഭിക്കുന്നെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ തുറന്നടിച്ചത്. കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസത്തെക്കുറിച്ച് മേനിപറഞ്ഞ പ്രസംഗത്തിൽ മന്ത്രി വി. ശിവൻകുട്ടി പക്ഷേ ഒരു കാര്യം കൂടി പറഞ്ഞിരുന്നു. കെട്ടിടമൊക്കെയായി, ഇനി നല്ല നിലവാരമുള്ള വിദ്യാഭ്യാസം കൂടി അവിടെ ഒരുക്കാൻ സർക്കാർ ശ്രമിക്കുമെന്നതായിരുന്നു അത്. നമ്മുടെ സ്‌കൂളുകളിലെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് മന്ത്രിക്കും അത്ര നല്ല അഭിപ്രായമില്ലെന്ന് സാരം. പിന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രസ്താവന എന്തുകൊണ്ട് വിവാദമായെന്ന് ചോദിച്ചാൽ, എ പ്ലസ് വാരിവിതറുന്നതും ഒരു ഭരണനേട്ടമാണെന്ന് വാദിക്കുന്നവരുടെ നെഞ്ചത്തു കൊള്ളുന്നതായിരുന്നു അതെന്നതിനാൽ മാത്രം.


വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വിദ്യാർഥികളുടെ വിജയ ശതമാനം വെച്ച് അളക്കുന്നതാണ് നമ്മുടെ മുഖ്യ പ്രശ്‌നം. സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷയിലെ വിജയ ശതമാനം കുറെ വർഷങ്ങളായി പടിപടിയായി ഉയർന്ന് നൂറു ശതമാനത്തോളം എത്തിനിൽക്കുകയാണ്. വിജയികളിൽ എ പ്ലസ് നേടുന്നവരുടെ സംഖ്യയും റെക്കോഡ് ഭേദിച്ചുകൊണ്ടിരിക്കുന്നു. അഭിമാനകരമെന്ന് സർക്കാർ കരുതുന്ന ഈ അത്യുജ്വല വിജയം വെറുതെ മാർക്ക് വാരിക്കോരി നൽകുന്നതിലൂടെ കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്നതാണെന്ന ആക്ഷേപം അക്കാദമിക് വിദഗ്ധർ മാത്രമല്ല, ചിന്താശേഷിയുള്ള എല്ലാവരും പങ്കുവെക്കുന്നതാണ്.
കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസം ലോകോത്തരമാണെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കിൽ അത് ഭരണവർഗത്തിന് ഓശാന പാടുന്നവർ മാത്രമായിരിക്കും. അതിനർഥം കമ്യൂണിസ്റ്റുകാർ എന്ന് മാത്രമല്ല കേട്ടോ. അതത് കാലത്തെ ഭരണകക്ഷിക്കാരെല്ലാം അങ്ങനെ തന്നെ പറയും. ഇടതു ഭരണകാലത്ത് ഇടതുപക്ഷക്കാരും യു.ഡി.എഫ് കാലത്ത് അവരുടെ പക്ഷക്കാരും ഒരേ സ്വരത്തിൽ അത് പറയും. ഭരണം പോകുമ്പോൾ മറിച്ചും. അധ്യാപകരോ വിദ്യാഭ്യാസ വിദഗ്ധരോ അക്കാദമിഷ്യൻമാരോ ഒരിക്കലും അത് പറയില്ല. മാത്രമല്ല, കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ചയെക്കുറിച്ച് എത്രയോ നാളുകളായി അവർ പറഞ്ഞുകൊണ്ടിരിക്കുന്നു.


നൂറു മാർക്കുള്ള ചോദ്യപേപ്പറിൽ വെറും പത്തു മാർക്കിന് ശരിയുത്തരം എഴുതിയാൽ മതി. ജയിക്കാൻ ആവശ്യമായ ബാക്കി ഇരുപത് മാർക്ക് നിരന്തര മൂല്യനിർണയം വഴി ക്ലാസിൽ അധ്യാപകനിൽനിന്ന് കിട്ടും. അമ്പതു മാർക്കിന്റെ ചോദ്യപേപ്പറാണെങ്കിൽ അഞ്ചു മാർക്കിന്റെ ഉത്തരംമതി. നിരന്തര മൂല്യനിർണയം വഴി പത്തു മാർക്ക് നൽകിയാൽ ജയിക്കും. ഗ്രേഡിംഗ് വരുന്നതിന് മുമ്പ് ജയിക്കാൻ എഴുത്തു പരീക്ഷയിൽ 35 ശതമാനം മാർക്ക് നേടണമായിരുന്നു. നമ്മുടെ മാറിവരുന്ന വിദ്യാഭ്യാസ സങ്കൽപങ്ങളനുസരിച്ചാണ് ഈ മാറ്റം എന്ന് പൊങ്ങച്ചം പറയാമെങ്കിലും നിലവാരത്തകർച്ചക്ക് ഈ സമ്പ്രദായം കാരണമായി എന്നതിൽ സംശയമൊന്നുമില്ല. മാർക്കല്ല വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനമെന്നും അറിവാണ് ആത്യന്തികമായി പരീക്ഷിക്കപ്പെടേണ്ടതെന്നുമൊക്കെ ആലങ്കാരികമായി പറയാമെങ്കിലും വിദ്യാഭ്യാസ ഡയറക്ടർ ചൂണ്ടിക്കാട്ടിയ പരമാർഥത്തിന് ഇതൊന്നും ഒരു മറുപടിയല്ല.


കേന്ദ്ര സർവകലാശാലകളിൽ ബിരുദ പഠനത്തിനും ഉന്നത ബിരുദ പഠനത്തിനും ചേരാൻ രണ്ടുവർഷംമുമ്പു വരെ യോഗ്യത പരീക്ഷയിലെ മികച്ച മാർക്ക് മതിയായിരുന്നു. ചില കോളേജുകൾ അതോടൊപ്പം അഭിമുഖ പരീക്ഷ കൂടി നടത്തും. എന്നാൽ പ്രവേശനത്തിന് യോഗ്യത നിശ്ചയിക്കാൻ പ്രത്യേക പ്രവേശന പരീക്ഷ ഏർപ്പെടുത്താൻ രണ്ടു വർഷം മുമ്പ് കേന്ദ്രസർക്കാർ തീരുമാനിച്ചു. അതിന് കാരണം കേരളമായിരുന്നു എന്ന് പറയുന്നതിൽ അതിശയോക്തിയില്ല. കോവിഡ് കാലത്തെ പ്ലസ് ടു പരീക്ഷയിൽ എഴുതിയവർക്കെല്ലാം എ പ്ലസ് കൊടുത്ത സർക്കാർ കേരളത്തിൽ സൃഷ്ടിച്ച വിദ്യാഭ്യാസ വിപ്ലവമായിരുന്നു കാരണം. വൻതോതിൽ മാർക്ക് വാങ്ങിക്കൂട്ടിയ മലയാളി കുട്ടികളെല്ലാം നേരെ ദൽഹി സർവകലാശാലയിലേക്ക് വെച്ചുപിടിച്ചു. അവിടെ ചില കോളേജുകളിൽ ചില ക്ലാസുകളിൽ മലയാളി കുട്ടികൾക്ക് മാത്രമേ അഡ്മിഷൻ കിട്ടിയുള്ളൂ. കാരണം അത്രയേറെ കുട്ടികൾക്കാണ് ഉന്നത മാർക്കുകൾ ലഭിച്ചത്. ആ മാർക്കുകൾ എങ്ങനെ കിട്ടിയെന്ന രഹസ്യം നമ്മുടെ ഹയർ സെക്കണ്ടറി അധ്യാപകരോട് ചോദിച്ചാൽ മതി. കോവിഡ് കാലമായതിനാൽ ക്ലാസുകളും മറ്റും ശരിയായ രീതിയിൽ നടന്നില്ലെന്നത് യാഥാർഥ്യമാണ്. അത് കുട്ടികളുടെ ഭാവിയെ ബാധിക്കരുതെന്ന് കരുതി സർക്കാർ കണ്ണടച്ചപ്പോൾ സ്വന്തം പേര് ശരിയായി എഴുതാൻ പോലുമറിയാത്തവർ എ പ്ലസുകാരായി. ദൽഹി സർവകലാശാലയിലെ ഒരു അധ്യാപകൻ ഈ മലയാളി ആധിപത്യത്തെക്കുറിച്ച് പരസ്യ വിമർശമുന്നയിച്ചതോടെ ഇത് വലിയ ചർച്ചാവിഷയമായി. അങ്ങനെയാണ് സി.യു.ഇ.ടി എന്ന പേരിൽ പ്രവേശന പരീക്ഷ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. 


ഉന്നത കോഴ്‌സുകളിലെ പ്രവേശന പരീക്ഷകളിലെ വിജയ ശതമാനം നോക്കുമ്പോൾ തന്നെ കേരള സിലബസ് പിന്തുടരുന്ന കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം വ്യക്തമാകും. 
എസ്.എസ്.എൽ.സി, പ്ലസ് ടു വിജയ ശതമാനം ഉയർത്തിക്കാട്ടുന്നതിലാണ് സർക്കാരിന് എപ്പോഴും താൽപര്യം. ഇതു കാരണം, പ്രൊഫഷനൽ കോഴ്‌സുകളിലേക്കും കേന്ദ്ര സർവകലാശാലകളിലെ ബിരുദ കോഴ്‌സുകളിലേക്കും നടത്തുന്ന പ്രവേശന പരീക്ഷകളിൽ കേരള സിലബസ് വിദ്യാർഥികൾ പിന്നോക്കം പോകുന്നതായി കണക്കുകൾ പറയുന്നു.

 

2022-23 ലെ സി.യു.ഇ.ടി പ്രവേശന പരീക്ഷ ഫലം പരിശോധിക്കാം: സി.ബി.എസ്.ഇ - 78%, സ്റ്റേറ്റ് ബോർഡ് - 18%, ഐ.സി.എസ്.ഇ - 4% എന്നിങ്ങനെയാണത്. ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ സി.ബി.എസ്.ഇ - 75%, സ്റ്റേറ്റ് ബോർഡ് - 21%, ഐ.സി.എസ്.ഇ - 4%. നീറ്റ് പരീക്ഷയിൽ സി.ബി.എസ്.ഇ - 66%, സ്റ്റേറ്റ് ബോർഡ് - 30%, ഐ.സി.എസ്.ഇ - 4%. കീം പരീക്ഷയിൽ ആദ്യത്തെ 5000 റാങ്ക് വരെ പരിശോധിച്ചാൽ സി.ബി.എസ്.ഇ - 56%, സ്റ്റേറ്റ് ബോർഡ് - 41% എന്നതാണ് ഫലം. എല്ലായിടത്തും സ്റ്റേറ്റ് ബോർഡ് പിന്നിൽ നിൽക്കുന്നതായി കാണാം.


എസ്.എസ്.എൽ.സി ചോദ്യപേപ്പർ തയാറാക്കുന്ന അധ്യാപകർക്കായി നടത്തിയ ശിൽപശാലയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് നടത്തിയ പരാമർശം ചോർത്തി മാധ്യമങ്ങൾക്ക് നൽകിയ അധ്യാപകരെ കണ്ടെത്താനാണ് ഇപ്പോൾ നീക്കം. വകുപ്പ് തലത്തിൽ അന്വേഷണത്തിന് പൊതുവിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരിക്കുന്നു. പരാമർശം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് കഴിഞ്ഞ ദിവസം മന്ത്രി റിപ്പോർട്ട് ആവശ്യപ്പെടുകയും അത് നൽകുകയും ചെയ്തിട്ടുണ്ട്. അധ്യാപകർക്കുള്ള രഹസ്യ യോഗത്തിലെ ചർച്ച മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്ത അധ്യാപകരെ എങ്ങനെ വിശ്വസിക്കുമെന്നാണ് മന്ത്രി ചോദിക്കുന്നത്. അതിനപ്പുറം ഡയറക്ടർ ഉയർത്തിയ ചോദ്യത്തിന് ക്രിയാത്മകമായ പ്രതികരണം അദ്ദേഹത്തിൽനിന്നുണ്ടായില്ല. അത് പ്രതീക്ഷിക്കുകയും വേണ്ടെന്ന് ഇത്രയും കാലത്തെ വിദ്യാഭ്യാസ ഭരണത്തിൽ അദ്ദേഹം തെളിയിച്ചിട്ടുമുണ്ട്. 


മാർക്കും എ പ്ലസും ഇങ്ങനെ വാരിവിതറിയാൽ എന്താണ് സംഭവിക്കുക. 'ഇങ്ങനെ ജയിക്കുന്ന കുട്ടികൾക്ക് വിഷയങ്ങളിൽ പ്രാഥമിക ജ്ഞാനം കുറവായിരിക്കും. പ്ലസ് ടു തലത്തിൽ പിന്നോക്കം പോകും. ജെ.ഇ.ഇ (മെയിൻ, അഡ്വാൻസ്ഡ്), സി.യു.ഇ.ടി (കോമൺ യൂനിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ്) പരീക്ഷകളിൽ പിന്നിലാവുമെന്നാണ് വിദ്യാഭ്യാസ വിദഗ്ധൻ ഡോ. ടി.പി. സേതുമാധവൻ പറയുന്നത്.
മാർക്കുകൾ അടിസ്ഥാനമാക്കിയാവണം പ്ലസ് വൺ പ്രവേശനം. ഗ്രേഡിംഗ് കുട്ടികൾക്ക് ദോഷം ചെയ്യുന്നതായി കെ.എ.എച്ച്.എസ്.ടി.എ ജനറൽ സെക്രട്ടറി കെ.കെ. ശ്രീജേഷ് കുമാറും ചൂണ്ടിക്കാണിക്കുന്നു. നല്ലൊരു തലമുറയെ സൃഷ്ടിച്ചെടുക്കാൻ ഉതകുന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായാണ് എ.എച്ച്.എസ്.ടി.എ ജനറൽ സെക്രട്ടറി എസ്.മനോജ് പറഞ്ഞത്. അധ്യാപക സംഘടന നേതാക്കളുടെ പ്രസ്താവനകളിൽ അവരുടെ  രാഷ്ട്രീയം പ്രതിഫലിക്കുമെന്നതിനാൽ സർക്കാർ അവ മുഖവിലക്കെടുക്കില്ല. എന്നാൽ വിദ്യാഭ്യാസ വിദഗ്ധരോടെങ്കിലും സർക്കാരിന് ഇക്കാര്യം ചർച്ച ചെയ്യാവുന്നതാണ്.  
വിദ്യാഭ്യാസ സമ്പ്രദായത്തിൽ ആധുനികമായി പല മാറ്റങ്ങളും വന്നുകൊണ്ടിരിക്കുന്നുണ്ട്. അതിന് നേരെ കണ്ണടക്കണമെന്നും കഠിനമായ പരീക്ഷകൾ കുട്ടികളുടെ മേൽ അടിച്ചേൽപിച്ച് അവരെ പരാജിതരാക്കണമെന്നുമല്ല ഇപ്പറഞ്ഞതിന് അർഥം. കുട്ടികളുടെ കഴിവും നിലവാരവും അളക്കുന്നതിനുളള ശാസ്ത്രീയ മാർഗങ്ങൾ തീർച്ചയായും വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാകണം. അതേസമയം, പരീക്ഷകൾ കുട്ടികളുടെ പഠനനിലവാരം അളക്കാൻ പര്യാപ്തമാവുന്ന രീതിയിൽ പരിഷ്‌കരിക്കുകയും വേണം. മാർക്ക് ദാനത്തിലൂടെ എല്ലാവരെയും പാസാക്കി അത് സർക്കാരിന്റെ ഭരണ നേട്ടമായി ഉയർത്തിക്കാട്ടുന്ന രീതി തീർച്ചയായും അവസാനിപ്പിക്കപ്പെടണം. അക്കാദമിക സമൂഹത്തിന് കൂടുതൽ സ്വാതന്ത്ര്യം നൽകുകയും അധ്യാപകരെ പൂർണ വിശ്വാസത്തിലെടുക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ അത് സാക്ഷാത്കരിക്കാനാകൂ.

Latest News