Sorry, you need to enable JavaScript to visit this website.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി 26 വര്‍ഷത്തിന് ശേഷം പിടിയില്‍

പയ്യന്നൂര്‍ -  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പിടികിട്ടാപ്പുള്ളിയെ 26 വര്‍ഷത്തിനുശേഷം പയ്യന്നൂര്‍ പോലീസ് പിടികൂടി. പേരാമ്പ്ര ചാലിക്കര സ്വദേശി കോമത്ത് രവീന്ദ്രന്‍ (56) ആണ് പിടിയിലായത്. കോഴിക്കോട് ടൗണില്‍ പയ്യന്നൂര്‍ എസ്.ഐ എം.വി ഷീജുവും സംഘവുമാണ് പിടികൂടിയത്.
പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. 1993 ലാണ് കേസിനാസ്പദമായ സംഭവം. അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ രവീന്ദ്രന്‍, വര്‍ഷങ്ങള്‍ക്ക് ശേഷം  കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് മുങ്ങിയത്. കോടതിയില്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
1988 മുതല്‍ ഇതുവരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിനഞ്ചോളം കേസുകള്‍ രവീന്ദ്രനെതിരെയുണ്ട്. അതില്‍ കള്ളനോട്ട്, മോഷണം, വഞ്ചന തുടങ്ങിയവയും ഉള്‍പ്പെടും. ഏഴ് കേസുകളില്‍ ശിക്ഷ ലഭിച്ചിട്ടുമുണ്ട്. ഓരോ സ്ഥലത്തും ഓരോ പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. കുറ്റകൃത്യം ചെയ്തത് ഒരു സ്ഥലത്ത്‌നിന്ന് മുങ്ങിയാല്‍ മറ്റൊരു സ്ഥലത്ത് മറ്റൊരു പേരില്‍ എന്തെങ്കിലും തൊഴിലെടുക്കുകയായിരുന്നു പതിവ്. പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ വിഷ്ണുദാസ് എന്നാണ് പേര് പറഞ്ഞിരുന്നത്. അന്‍വര്‍, അഷ്‌റഫ്, അബ്ദുറഹ്മാന്‍, വിഷ്ണു, കൃഷ്ണദാസ് തുടങ്ങിയ പേരുകളാണ് ഉപയോഗിച്ചുവന്നത്. എട്ട് വിവാഹം കഴിച്ചിട്ടുണ്ട്. വിവാഹശേഷം വധുവിന്റെ പണവും സ്വര്‍ണവും കൈക്കലാക്കി മുങ്ങുകയാണ് പതിവ്. സ്വന്തമായി കേസ് വാദിക്കുകയെന്നതും രവീന്ദ്രന്റെ പ്രത്യേകതയാണ്. സ്‌ക്വാഡ് അംഗങ്ങളായ എ. എസ്.ഐ രത്‌നാകരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.കെ വിജിത്ത്, അബ്ദുള്‍ ജബ്ബാര്‍ എന്നിവരും രവീന്ദ്രനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
     

 

Latest News