Sorry, you need to enable JavaScript to visit this website.

കാരാട്ടിന്റെ അഹന്ത

പിന്തുണ പിൻവലിക്കുന്നതു സംബന്ധിച്ച് രാഷ്ട്രപതിയെ ചെന്നുകണ്ടശേഷം 2008 ജൂലായ് 9നു നടത്തിയ പത്രസമ്മേളനത്തിൽ സ്പീക്കർ എന്താണു ചെയ്യേണ്ടത് എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹം തന്നെയാണെന്ന് പ്രകാശ് കാരാട്ട് പ്രസ്താവിക്കുകയുണ്ടായി . 2008 ജൂലായ് 18 വരെ അദ്ദേഹം അസന്ദിഗ്ധമായി ആവർത്തിച്ചു പ്രഖ്യാപിച്ചുകൊണ്ടിരുന്ന നിലപാടാണിത്. പൊടുന്നനെ 2008 ജൂലായ് 20ന് അദ്ദേഹം തീർത്തും അതിനു വിരുദ്ധമായ ഒരു തീരുമാനമെടുത്തു. തന്റെ പ്രവൃത്തി തത്ത്വദീക്ഷ പുലർത്തുന്നതും ആത്മാർഥവുമാണോ അല്ലേ എന്ന് അദ്ദേഹം തീരേ ആലോചിച്ചിട്ടില്ലെന്നു വ്യക്തമായി തെളിയിക്കുന്ന തീരുമാനമായിരുന്നു അത്. തന്റെ മലക്കംമറിച്ചിലിനുള്ള കാരണങ്ങൾ അദ്ദേഹം ഒരിക്കലും വിശദമാക്കിയില്ല എന്നതു പ്രസക്തമാണ്. എന്നെ ഒരു കാരണം കാണിക്കൽ നോട്ടീസുപോലും നല്കാതെ ധൃതിപിടിച്ച് പുറത്താക്കാൻ അദ്ദേഹം തീരുമാനിച്ചു എന്ന വസ്തുത വ്യക്തമായി കാണിച്ചുതരുന്നത് അദ്ദേഹത്തിന്റെ അഹന്തയും അസഹിഷ്ണുതയും അതിന്റെ പാരമ്യത്തിലെത്തിയിരുന്നു എന്നാണ്. അതായത് പാർട്ടിയിൽ ഒരാളും തന്റെ കല്പനകളെ ചോദ്യംചെയ്യുന്നത് അദ്ദേഹത്തിനു ചിന്തിക്കാൻപോലും കഴിയാതായി എന്ന്.
പിന്തുണ പിൻവലിക്കാൻ തീരുമാനിച്ചതിനു ശേഷം എന്നെ കണ്ടപ്പോൾ കാരാട്ട് അപ്പോഴത്തെ രാഷ്ട്രീയസാഹചര്യങ്ങളെപ്പറ്റിയുള്ള എന്റെ കുറിപ്പിനെപ്പറ്റി പരാമർശിക്കുകപോലും ചെയ്തില്ല, പിന്തുണ പിൻവലിക്കാൻ പാർട്ടി തീരുമാനിച്ചു എന്നുമാത്രം പറഞ്ഞു. അപ്പോഴേക്കും എന്റെ നിലപാടുകൾ അദ്ദേഹം അറിഞ്ഞിരുന്നു. പിന്തുണ പിൻവലിക്കാനുള്ള നിർദേശത്തെപ്പറ്റി എന്റെ പ്രതികരണമറിയാനായിരിക്കാം ഒരുപക്ഷേ, അദ്ദേഹം എന്നെ കണ്ടതുപോലും. ആ കൂടിക്കാഴ്ചയിൽ എന്റെ സ്പീക്കർസ്ഥാനം സംബന്ധിച്ച് പാർട്ടി ചർച്ച നടത്തുകപോലും ചെയ്തിട്ടില്ലെന്നു കാരാട്ട് അർഥശങ്കയ്ക്കിടയില്ലാതെ എന്നോടു പറയുകയുമുണ്ടായി.
2008 ജൂലായ് എട്ടിനു പ്രണബ് മുഖർജി എന്നെ കാണുകയും ഇടതുകക്ഷികൾ പിന്തുണ പിൻവലിച്ചുകഴിഞ്ഞാൽ വിശ്വാസവോട്ട് തേടുന്നതിനു ഗവൺമെന്റ് നടപടികൾ കൈക്കൊള്ളണമെന്ന് രാഷ്ട്രപതി ശിപാർശ ചെയ്യാൻ സാധ്യതയുണ്ടെന്ന് എന്നെ അറിയിക്കുകയും ചെയ്തു. അതിന് 2008 ജൂലായ് 21, 22 തീയതികൾ ഗവൺമെന്റ് ഒരു പ്രത്യേകസമ്മേളനം വിളിച്ചുകൂട്ടിയേക്കാം എന്ന് അദ്ദേഹം അറിയിച്ചു. ഗവൺമെന്റ് നിലനില്ക്കുകയാണെങ്കിൽ മഴക്കാലസമ്മേളനം 2008 ആഗസ്ത് 11 മുതൽ വിളിച്ചുചേർക്കാമെന്നും.
2008 ജൂലായ് ഒമ്പതിന് ഇടതുകക്ഷികൾ രാഷ്ട്രപതിയെ കണ്ടു. പിന്തുണ പിൻവലിക്കുന്നതിനെപ്പറ്റി അവരെ അറിയിക്കാനായിരുന്നു ഇത്. ഗവൺമെന്റിനെ പിരിച്ചുവിടുകയോ സഭയിൽ വിശ്വാസവോട്ടു തേടുവാൻ നിർദേശിക്കുകയോ വേണമെന്ന് അവർ അഭ്യർഥിച്ചു. പശ്ചിമബംഗാളിൽനിന്നുള്ള ചില സഖാക്കളടക്കം, ദൽഹിയിലുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് നിലവിലുള്ള സാഹചര്യത്തിൽ ഞാൻ സ്പീക്കറായി തുടരുന്നത് 'ഉചിത'മല്ലെന്ന അഭിപ്രായമാണുള്ളതെന്നും എനിക്ക് എന്റേതായ മാർഗം തീരുമാനിക്കാമെന്നും അറിയിക്കാൻവേണ്ടി അന്നു കാലത്ത് പ്രകാശ് കാരാട്ട് എന്നെ ഫോണിൽ വിളിച്ചു. അന്നുതന്നെ ഞാൻ കാരാട്ടിന് 'ഉചിത'മല്ലെന്ന് അദ്ദേഹം വിവരിച്ച ചില വിഷയങ്ങളെപ്പറ്റിയുള്ള എന്റെ അഭിപ്രായങ്ങളോടെ ഒരു കുറിപ്പയയ്ക്കുകയും ചില ബദൽപ്രവർത്തനമാർഗങ്ങൾ നിർദേശിക്കുകയും ചെയ്തു. എന്നാൽ, കുറിപ്പ് കിട്ടിയതായി എന്നെ അറിയിക്കുകയുണ്ടായില്ല. എന്റെ അഭിപ്രായങ്ങളെപ്പറ്റി യാതൊരു പ്രതികരണവും ഉണ്ടായതുമില്ല. അവ പരിഗണിക്കപ്പെടേണ്ടതായി അദ്ദേഹം കരുതുന്നില്ലെന്നായിരുന്നു ഈ പെരുമാറ്റം നല്കിയ സൂചന. അതല്ലാതെ കാരാട്ട് ഒരിക്കലും എന്നെ ബന്ധപ്പെടാൻ ശ്രമിച്ചില്ല.
രാഷ്ട്രപതിക്കു സമർപ്പിച്ചിട്ടുള്ള ഗവൺമെന്റിനു പിന്തുണ പിൻവലിക്കുന്ന സി.പി.ഐ (എം) അംഗങ്ങളുടെ പട്ടികയിൽ എന്റെ പേരാണ് ആദ്യം ചേർത്തിട്ടുള്ളത് എന്ന് അന്നു വൈകുന്നേരം ഞാൻ അറിഞ്ഞു. ഞാൻ നടുങ്ങിപ്പോയി. ഇന്നുവരെ എനിക്ക് ഈ കത്തിന്റെ ഒരു കോപ്പി കാണിച്ചുതന്നിട്ടില്ലെന്നത് വിചിത്രമാണ്. ഞാൻ രാജിവെക്കാനുള്ള സാധ്യതയെപ്പറ്റി മാധ്യമങ്ങൾ തീവ്രമായ അഭ്യൂഹങ്ങൾ പരത്തി. രാജിവെക്കുന്നത് സ്പീക്കർപദവിയെ സംബന്ധിച്ചിടത്തോളം ആവശ്യമായിരുന്നില്ല. അതിനു ചേരുന്നതുമല്ലായിരുന്നു. ഔപചാരികമായി പിന്തുണ പിൻവലിച്ചതിനുശേഷം വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ വെച്ച് സ്പീക്കർ എന്ന നിലയിൽ ഭാവിപരിപാടികൾ എന്തായിരിക്കണമെന്നു തീരുമാനിക്കേണ്ടത് ഞാനാണെന്നു ജനറൽ സെക്രട്ടറിതന്നെയും പരസ്യപ്രസ്താവന നടത്തുകയും ചെയ്തു.
അഭ്യൂഹങ്ങൾ അവസാനിപ്പിക്കാൻവേണ്ടി 2008 ജൂലായ് 10ന് എന്റെ ആപ്പീസിൽനിന്ന് ഇങ്ങനെയൊരു പ്രസ്താവന പുറപ്പെടുവിച്ചു: ആദരണീയനായ ലോകസഭാ സ്പീക്കർ സോമനാഥ് ചാറ്റർജി തത്സ്ഥാനത്തു തുടരുന്നതു സംബന്ധിച്ച്, പ്രസിദ്ധപ്പെടുത്തുകയും സംപ്രേഷണം നടത്തുകയും ചെയ്ത മാധ്യമറിപ്പോർട്ടുകളിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയുണ്ടായി.
ചുമതലകൾ നിറവേറ്റുന്ന കാര്യത്തിൽ ബഹുമാന്യനായ സ്പീക്കർ ഒരു രാഷ്ട്രീയകക്ഷിയും പ്രതിനിധാനം ചെയ്യുന്നില്ല. സ്പീക്കർസ്ഥാനം എന്ന ഉന്നതപദവിയിലേക്കുള്ള അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിൽ എതിരില്ലായിരുന്നു എന്നു മാത്രമല്ല, എല്ലാ രാഷ്ട്രീയപാർട്ടികളും അദ്ദേഹത്തിന്റെ പേര് നിർദേശിച്ചു എന്നതിനാൽ അത് ഏകകണ്ഠം ൂടിയായിരുന്നു. ഏതെങ്കിലും പാർട്ടി നാമനിർദേശം ചെയ്ത ആളായിട്ടല്ല അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. തന്റെ ചുമതലകൾ നിറവേറ്റുന്നതിൽ ഒരു രാഷ്ട്രീയപാർട്ടിയോടും അദ്ദേഹം ചായ്‌വ് കാണിച്ചിട്ടുമില്ല. സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതുമുതൽ സോമനാഥ് ചാറ്റർജി എല്ലാ രാഷ്ട്രീയപ്രവർത്തനങ്ങളിൽനിന്നും തത്ത്വദീക്ഷയോടെ സ്വയം മാറിനിന്നു.
രാജ്യത്തെ ഏറ്റവും ഉയർന്ന നിയമനിർമാണസഭയെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടുകളും അനർഹമായ വക്രോക്തികളും വഴി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് അഭ്യർഥിക്കുകയാണ്. ബഹുമാനപ്പെട്ട സ്പീക്കർ ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യത്തെ സംബന്ധിച്ചിടത്തോളം പ്രസക്തമായ എന്തെങ്കിലും തീരുമാനമെടുക്കുകയാണെങ്കിൽ അതു മാധ്യമങ്ങളെ അറിയിക്കുന്നതായിരിക്കും.
ഇതിനകം പ്രസ്താവിച്ചതുപോലെ, എന്റെ കാര്യത്തിൽ പാർട്ടി ഒരു തീരുമാനവുമെടുത്തിട്ടില്ലെന്ന് കാരാട്ട് സുനിർണിതമായി എന്നോടു നേരത്തേ പറഞ്ഞതാണ്. 2008 ജൂലായ് ഒമ്പതിലെ പത്രസമ്മേളനത്തിൽ വ്യക്തമായി പ്രസ്താവിച്ചതിനുപുറമേ 2008 ജൂലായ് 14ന് അദ്ദേഹം ഇങ്ങനെയൊരു പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തു:
ലോകസഭാ സ്പീക്കർ സഖാവ് സോമനാഥ് ചാറ്റർജിയുടെ നിലപാട് സംബന്ധിച്ച് മാധ്യമങ്ങളിൽ ധാരാളം അഭ്യൂഹങ്ങൾ പ്രചരിക്കുന്നു. സ്പീക്കർതന്നെയാണ് ഏതു തീരുമാനവും കൈക്കൊള്ളേണ്ടത് എന്ന് ഞാൻ നേരത്തേ പ്രസ്താവിച്ചിട്ടുള്ളതാണല്ലോ. 2008 ജൂലൈ 10ന് അദ്ദേഹത്തിന്റെ ആപ്പീസിൽനിന്നു പുറപ്പെടുവിച്ച ഒരു പ്രസ്താവനവഴി ഇക്കാര്യം സ്പീക്കർ ആവർത്തിച്ചുറപ്പിച്ചിട്ടുണ്ട്. സ്പീക്കറുടെ പദവിയെ അനാവശ്യമായ ഏതെങ്കിലും വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.
എന്റെ ഭാവിപ്രവർത്തനങ്ങളെപ്പററിയും പിന്തുണ പിൻവലിക്കുന്ന അംഗങ്ങളുടെ പട്ടികയിൽ എന്റെ പേര് ഉൾപ്പെടുത്തിയതിനെപ്പറ്റിയും മാധ്യമങ്ങളും ഇതര രാഷ്ട്രീയകക്ഷികളും പ്രകടിപ്പിച്ച തീവ്രതാൽപര്യത്തിനുള്ള പ്രതികരണമായി സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി 2008 ജൂലായ് 16ന് താഴെ പറയുന്ന പ്രസ്താവന പുറപ്പെടുവിച്ചു:
ഇന്ത്യയുടെ രാഷ്ട്രപതിക്കു സമർപ്പിച്ച സി.പി.ഐ.(എം) എം.പിമാരുടെ പട്ടികയിൽ ലോകസഭാസ്പീക്കറുടെ പേര് ഉൾപ്പെടുത്തിയ കാര്യത്തിൽ തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. സി.പി.ഐ(എം) സ്ഥാനാർഥിയായാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത് എന്നതിനാൽ സ്പീക്കറുടെ പേര് സി.പി.ഐ.എമ്മിന്റെ പട്ടികയിൽ ഉൾപ്പെടുത്തേണ്ടതുണ്ട് എന്നാണു ഞാൻ പറഞ്ഞിട്ടുള്ളത്. ഇപ്പോൾ അദ്ദേഹം ലോകസഭാസ്പീക്കർ ആണ് എന്നു സൂചിപ്പിക്കുന്ന നക്ഷത്രചിഹ്നത്തോടെയാണ് പ്രസ്തുത പേര് ഉൾപ്പെടുത്തിയത്. അതാണ് സാധാരണനിലയിലുള്ള പാർലമെന്ററി സമ്പ്രദായം.
കാരാട്ടുമായുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ ടൈംസ് ഓഫ് ഇന്ത്യയിൽ 2008 ജൂലായ് 18നു രണ്ടു റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടു. അതിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'യു.പി.എ. ഗവൺമെന്റിനുള്ള പിന്തുണ പിൻവലിച്ച ദിവസംതന്നെ ഈ വിഷയത്തിൽ ഒരു തീരുമാനമെടുക്കേണ്ടത് സ്പീക്കറാണെന്നു ഞാൻ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഉടനീളം ഞാൻ ഈ നിലപാടാണ് പുലർത്തുന്നത്. സ്പീക്കറുടെ ചുമതലയെപ്പറ്റി ഞങ്ങളുടെ പാർട്ടിയുടെ വീക്ഷണങ്ങൾ വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സ്പീക്കർസ്ഥാനത്തിരിക്കുന്നതുകൊണ്ട് ഒരു വ്യക്തിക്ക് അയാളുടെ രാഷ്ട്രീയബന്ധങ്ങൾ ഇല്ലാതാവുന്നില്ല. എന്നാൽ, ആരെങ്കിലുമൊരാൾ സ്പീക്കറാവുന്നുണ്ടെങ്കിൽ അയാൾ പാർട്ടിപ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ പക്ഷപാതപരമായ രാഷ്ട്രീയനിലപാടുകൾ സ്വീകരിക്കുകയോ ചെയ്യരുത്.'
സി.പി.ഐ. ജനറൽ സെക്രട്ടറി എ.ബി. ബർദാൻ പറഞ്ഞത്, 'ഇടതുസഖ്യം ലോകസഭാസ്പീക്കർ സോമനാഥ് ചാറ്റർജിയുടെ പേര് യു.പി.എ. ഗവൺമെന്റിനുള്ള പിന്തുണ പിൻവലിക്കുന്ന പാർട്ടി എം.പിമാരുടെ പട്ടികയിൽ ഉൾപ്പെടുത്തരുതായിരുന്നു' എന്നാണ്. 'അദ്ദേഹം തലമുതിർന്ന നേതാവും പാർലമെന്റേറിയനുമാണ്. ഈ വിഷയത്തിൽ അദ്ദേഹംതന്നെ സ്വന്തം നിലയിൽ തീരുമാനമെടുക്കണം. ചാറ്റർജിയെ രാജിവിവാദത്തിലേക്കു വലിച്ചിഴച്ചത് അദ്ദേഹം വഹിക്കുന്ന ഉന്നതപദവിയുടെ അന്തസ്സിനു നേർക്കുള്ള ആക്രമണമാണ്. 
സ്പീക്കർ തിരഞ്ഞെടുക്കപ്പെട്ടത് സി.പി.എം. ടിക്കറ്റിലാണെന്നു ഞാൻ സമ്മതിക്കുന്നു. എന്നാൽ, എല്ലാ കക്ഷികളുടെയും പിന്തുണയോടെയാണ് അദ്ദേഹം ലോകസഭാസ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്.' എന്റെ രാജിയെച്ചൊല്ലിയുള്ള ഊഹക്കളിക്കു കാരണം സി.പി.ഐ.(എം) ആസ്ഥാനമായ എ.കെ.ജി.ഭവനിൽനിന്നു വാർത്ത ചോർന്നുപോയതാണെന്നു മാധ്യമപ്രവർത്തകർ എന്നോടു പറഞ്ഞു. അതെന്നെ വളരെയധികം വേദനിപ്പിച്ചു.
 

Latest News