Sorry, you need to enable JavaScript to visit this website.

പുഷ്പ 2ന്റെ ചിത്രീകരണം നിര്‍ത്തി, കാരണം അല്ലു അര്‍ജുന് തീരെ വയ്യ

അല്ലു അര്‍ജുന്‍ നായകനാവുന്ന പുഷ്പ 2ന്റെ ചിത്രീകരണം താത്ക്കാലികമായി നിര്‍ത്തിവെച്ചു.  സംവിധായകന്‍ സുകുമാറും സംഘവും ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ ആരംഭിച്ചിരുന്നു. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ കാണിച്ചിരുന്ന ജാതര ഗെറ്റപ്പിലുള്ള അല്ലു അര്‍ജുന്റെ രംഗങ്ങളാണ് രാമോജിയില്‍ ചിത്രീകരിച്ചിരുന്നത്. ഈ വേഷത്തില്‍ താരത്തിന് ഒരു പാട്ടും സംഘട്ടനരംഗവുമാണ് ചിത്രത്തിലുള്ളത്. ഈ കോസ്റ്റ്യൂമില്‍ തുടര്‍ച്ചയായി അഭിനയിച്ചു കൊണ്ടിരുന്നതിനാല്‍ അല്ലു അര്‍ജുന് പുറംവേദന കലശലായെന്നും അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണെന്നുമാണ് വാര്‍ത്ത.
അല്ലു അര്‍ജുന്‍ വിശ്രമത്തിലായതിനാലാണ് പുഷ്പ 2ന്റെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുന്നത്. പുറംവേദന വകവെക്കാതെ അഭിനയിക്കാന്‍ താരം സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും സംവിധായകന്‍ സുകുമാര്‍ അദ്ദേഹത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു. അല്ലു അര്‍ജുന്റെ ആരോഗ്യത്തിനാണ് ഇപ്പോള്‍ പ്രാധാന്യം. അദ്ദേഹം ആരോഗ്യം വീണ്ടെടുത്ത് തിരിച്ചുവരുന്ന മുറയ്ക്ക് ചിത്രീകരണം പുനരാരംഭിക്കും.
ഫഹദ് ഫാസിലാണ് ചിത്രത്തില്‍ പ്രതിനായകവേഷത്തിലെത്തുന്നത്. രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

 

Latest News