Sorry, you need to enable JavaScript to visit this website.

ആരാധകരേ, കളി തുടങ്ങുകയാണ്...

ലത്തീഫിന്റെ പഴയകാല അനൗൺസ്‌മെന്റ് ചിത്രം
ശിഷ്യർക്കൊപ്പം ലത്തീഫ്.
ലത്തീഫ്
മലപ്പുറം ഫുട്‌ബോൾ ലവേഴ്‌സ് ഫോറത്തിന്റെ ആദരം. കായിക മന്ത്രി വി. അബ്ദുറഹിമാനിൽ നിന്ന് ഉപഹാരം സ്വീകരിക്കുന്നു.

പന്ത് കൊണ്ട് ഇന്ദ്രജാലം കാണിച്ച പിതാവിന് ശബ്ദം കൊണ്ട് മായാജാലം തീർത്ത ഫുട്‌ബോൾ അനൗൺസറായ മകൻ....

1995 ൽ ദൽഹി ഡ്യുറന്റ് കപ്പിൽ മികച്ച കളിക്കാരനുള്ള ട്രോഫി അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിൽ നിന്ന് ഏറ്റുവാങ്ങിയ എം.ആർ.സി വെല്ലിംഗ്ടൺ താരം മലപ്പുറത്തെ മഞ്ഞക്കണ്ടൻ അബൂബക്കറിന്റെ പുത്രൻ എം.എ. ലത്തീഫ് മൂന്ന് പതിറ്റാണ്ട് കാലം  മലബാറിലെ ഫുട്‌ബോൾ ടൂർണമെന്റുകൾക്ക് ശബ്ദം നൽകിയ ശ്രദ്ധേയനായ അനൗൺസറായിരുന്നു.
വാഹനങ്ങളിലും കളി മൈതാനങ്ങളിലും ഘനഗാംഭീര്യമുള്ള ശബ്ദം കൊണ്ടും വാക്ചാതുരി കൊണ്ടും കാൽപന്ത് പ്രേമികളെ ആവേശത്തിന്റെ കൊടിമുടിയിലേറ്റിയ ലത്തീഫ്  വിശ്രമ ജീവിതത്തിലാണിന്ന്. നിരവധി മിടുക്കരായ ശിഷ്യരെ ഈ രംഗത്തെത്തിച്ച ശേഷമാണ് ശബ്ദ കലയിലെ കുലപതി മുപ്പതാണ്ട് നീണ്ട തന്റെ 'ശബ്ദായമാനമായ' ജീവിതത്തിന് വിരാമമിട്ടത്.
ഇന്നത്തെ പോലെ അത്യാധുനിക മൈക്കും സൗണ്ട് സജ്ജീകരണങ്ങളുമില്ലാത്ത കാലത്താണ് ലത്തീഫ് അനൗൺസറായി മൈക്ക് കൈയിലെടുക്കുന്നത്. അദ്ദേഹത്തിന്റെ അനുഗൃഹീത കണ്ഠത്തിൽ നിന്ന് ഒഴുകിപ്പരന്ന കളി വിശേഷങ്ങൾ ആയിരക്കണക്കിന് ഫുട്‌ബോൾ ആരാധകരുടെ കാതുകൾക്ക് ഹൃദ്യമായ വിരുന്നായിരുന്നു.
ചെറുപ്പത്തിലേ അനൗൺസ്‌മെന്റിനോട് ലത്തീഫിന് വലിയ താൽപര്യമായിരുന്നു. അനൗൺസ്‌മെന്റ് വാഹനം കടന്നു പോവുമ്പോൾ ലത്തീഫിന്റെ ഹൃദയം തുടിക്കും.
പതിറ്റാണ്ടുകൾക്ക് മുമ്പ് ലത്തീഫ് കോട്ടപ്പടി ഗവൺമെന്റ് സ്‌കൂളിൽ പഠിക്കുന്ന കാലം. ഇന്റർവെൽ സമയമാണ്. വിദ്യാർത്ഥികൾ സ്‌കൂൾ മുറ്റത്ത് വിവിധ കളികളിലേർപ്പെട്ടിരിക്കുകയാണ്. തൊട്ടു മുന്നിലെ റോഡിലൂടെ കോഴിക്കോട് നാഗ്ജി ഫുട്‌ബോൾ ടൂർണമെന്റിന്റെ അനൗൺസ്‌മെന്റ് വാഹനം കടന്നു പോകുന്നു. കോഴിക്കോട്ടെ പ്രമുഖ അനൗൺസറായിരുന്ന ബിച്ചുവിന്റേതായിരുന്നു കനമുള്ള ശബ്ദം. ഇരു ടീമുകളുടെയും ശക്തിയും ദൗർബല്യങ്ങളും കളിക്കാരുടെ ഗുണങ്ങളും പോരായ്മകളും വിശദീകരിച്ചുകൊണ്ടുള്ള ബിച്ചുവിന്റെ  അനൗൺസ്‌മെന്റ് ലത്തീഫിന്റെ മനസ്സിലാണ് കയറിക്കളിച്ചത്. അവൻ പരിസരം മറന്ന് സ്‌കൂൾ കോമ്പൗണ്ടിന് പുറത്തിറങ്ങി അനൗൺസ്‌മെന്റ് വാഹനത്തിനു പിറകെ ഓടി. സ്‌കൂളിൽ തിരിച്ചെത്തിയപ്പോൾ ക്ലാസ് ആരംഭിച്ചിരുന്നു. അധ്യാപകന്റെ ചൂരലിന്റെ ചൂട് നന്നായറിഞ്ഞു. അതൊരു വഴിത്തിരിവായി. സ്‌കൂളിൽ കലാകായിക മത്സരങ്ങൾ നടക്കുമ്പോഴെല്ലാം അനൗൺസ്‌മെന്റ് നടത്തുന്ന അധ്യാപകന്റെ സമീപത്തായിരിക്കും ലത്തീഫ്. മൈക്ക് കിട്ടിയിരുന്നെങ്കിൽ തനിക്കും രണ്ട് വാക്ക് പറയണമെന്ന് കൊതിച്ച ബാല്യം.
1978 ൽ മലപ്പുറത്ത് കൗമുദി ഫുട്‌ബോൾ ടൂർണമെന്റിന്റെ പ്രചാരണത്തിന് മഞ്ചേരിയിലെ അലവി എന്ന അനൗൺസറുടെ സഹായിയായി  വാഹനത്തിൽ മലപ്പുറത്തും സമീപ പ്രദേശങ്ങളിലും സഞ്ചരിച്ചതാണ് അബ്ദുൽ ലത്തീഫിന്റെ ആദ്യ അനുഭവം. 1982 ൽ മലപ്പുറം കോട്ടപ്പടി മൈതാനിയിൽ നടന്ന സൈതലവി മെമ്മോറിയൽ അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിൽ  ലത്തീഫ് സ്വതന്ത്ര അനൗൺസറായി. ഒരു മാസം നീണ്ടു നിന്ന ആ ടൂർണമെന്റിലേക്ക് അദ്ദേഹത്തിന്റെ ഉറച്ച ശബ്ദത്തിലും ആകർഷക ശൈലിയിലുമുള്ള അനൗൺസ്‌മെന്റ് കേട്ട് ആയിരക്കണക്കിന് ഫുട്‌ബോൾ പ്രേമികളാണ് ഒഴുകിയെത്തിയത്. ലത്തീഫിന് അന്ന് ടൂർണമെന്റ് കമ്മിറ്റി  നിശ്ചയിച്ച പ്രതിഫലം ഒരു കളിക്ക് ചെലവ് കഴിച്ച് പതിനഞ്ച് രൂപയായിരുന്നു. അദ്ദേഹത്തിന്റെ മികച്ച പ്രകടനം കണക്കിലെടുത്ത് പിന്നീടത് അൻപത് രൂപയാക്കി. പിന്നീട് 30 വർഷത്തിനുള്ളിൽ കണ്ണൂർ മുതൽ തൃശൂർ വരെയുള്ള 42 സെവൻസ് ടൂർണമെന്റുകൾക്ക് ലത്തീഫ് ശബ്ദം നൽകി. മലപ്പുറത്ത് 1982 മുതൽ 2012 വരെ നടന്ന എല്ലാ ഫുട്‌ബോൾ ടൂർണമെന്റുകളുടെയും അനൗൺസ്‌മെന്റ് കുത്തക  ലത്തീഫിനായിരുന്നു. തിരൂരങ്ങാടി സമദ് മെമ്മോറിയൽ ടൂർണമെന്റിനു വേണ്ടി നീണ്ട 22 വർഷവും  എടരിക്കോട് വൈ.എസ്.സിക്കു വേണ്ടി തുടർച്ചയായി 12 വർഷവും അനൗൺസ്‌മെന്റ് നടത്തി. തിരൂരങ്ങാടി സമദ് മെമ്മോറിയൽ ടൂർണമെന്റിന്റെ അനൗൺസ്‌മെന്റിനു വേണ്ടി ലത്തീഫിന് ദീർഘകാലം തിരൂരങ്ങാടിയുമായി ബന്ധപ്പെടേണ്ടി വന്നതിനാൽ, അദ്ദേഹം ആ നാട്ടുകാരനാണെന്ന്  കരുതിയവർ നിരവധിയാണ്. തിരൂരങ്ങാടിയിൽ തന്റെ അനൗൺസ്‌മെന്റ് വാഹനം കുറെ കാലം ഓടിച്ചിരുന്ന കുഞ്ഞാമുവിന്റെ പൗത്രിയെയാണ് ലത്തീഫിന്റെ ഫുട്‌ബോൾ താരമായ പുത്രൻ റിയാസ് ബാബു ജീവിത സഖിയാക്കിയത്.
ലത്തീഫ് മറക്കാനാവാത്ത നിരവധി ഫുട്‌ബോൾ മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഒരിക്കൽ തിരൂരങ്ങാടി സമദ് മെമ്മോറിയൽ ടൂർണമെന്റ് വീക്ഷിക്കാൻ അഭൂതപൂർവമായ ജനക്കൂട്ടമാണത്തിയത്. അനൗൺസറായ ലത്തീഫിന് പോലും ഇരിപ്പിടം ലഭിച്ചില്ല. ഒടുവിൽ ഏറെ ഉയരത്തിലുള്ള സ്‌കോർ ബോർഡിൽ 
കയറിയാണ് അനൗൺസ്‌മെന്റ് നിർവഹിച്ചത്. ഒരു വിവാദ ഗോളിനെത്തുടർന്ന് മത്സരം കശപിശയിലെത്തി. ഒടുവിൽ വാക്തർക്കം മൈതാനത്തെ സംഘർഷ ഭൂമിയാക്കി. ഗ്രൗണ്ടിലെ സംഘർഷാവസ്ഥ മുഴുവൻ സ്‌കോർ ബോർഡിന് മുകളിലിരുന്ന് ശ്വാസമടക്കിപ്പിടിച്ചിരുന്ന് വീക്ഷിച്ചത് ലത്തീഫിന്റെ മനസ്സിൽ മായാതെ ഇന്നുമുണ്ട്. കാൽ നൂറ്റാണ്ട് മുമ്പ് നടന്ന പല മത്സരങ്ങളുടെയും ലൈനപ്പും ലത്തീഫിന്  മനഃപാഠമാണ്. അതുപോലെ  
കുറെ കാലം മുമ്പ് നടന്ന വാശിയേറിയ മത്സരങ്ങളുടെ അനൗൺസ്‌മെന്റ് വാചകങ്ങൾ കല്ലിൽ കൊത്തിയ പോലെ മനസ്സിലുണ്ട്.
1984 ൽ എടരിക്കോട്ട് വെച്ച് ഈ കുറിപ്പുകാരൻ  ദൃക്‌സാക്ഷിയായ മലപ്പുറം സൂപ്പർ സ്റ്റുഡിയോയും കോഴിക്കോട് ബ്ലാക്ക് ആന്റ് വൈറ്റും തമ്മിലുള്ള വൈ.എസ്.സി ടൂർണമെന്റിന്റെ വാശിയേറിയ ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദ മത്സരത്തിന്റെ അനൗൺസ്‌മെന്റ് വാചകം ഓർക്കുന്നുണ്ടോ എന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോൾ ഉടനെ അദ്ദേഹം കണ്ഠശുദ്ധി വരുത്തി മൈക്ക് കൈയിലേന്തിയ പോലെ പറഞ്ഞ് തുടങ്ങി 'ഫുട്‌ബോൾ ആവനാഴിയിലെ അമ്പുകൾ തീർന്നപ്പോൾ വിശ്രമത്തിനു വേണ്ടി ആശ്രമത്തിലേക്കു പോയ പതിനാല് മുനികുമാരൻമാർ അവസാന വജ്രായുധവും പുറത്തെടുത്തു കൊണ്ട് ഇന്ന് വീണ്ടും എടരിക്കോട് വൈ.എസ്.സിയുടെ ഫുട്‌ബോൾ കുരുക്ഷേത്രത്തിലേക്ക്'.   
കുറെ കൊല്ലങ്ങൾക്ക് മുമ്പ് നടന്ന വാശിയേറിയ ഓരോ മത്സരങ്ങളെക്കുറിച്ച് ചോദിച്ചാലും ഇങ്ങനെ പറയാൻ ലത്തീഫ് റെഡിയാണ്.
ആകർഷകമായ വാചകങ്ങൾ തയാറാക്കിയിരുന്നത് ലത്തീഫ് തന്നെയായിരുന്നു. എവിടേക്ക്  പോകുമ്പോഴും ബസിലായിരുന്നു യാത്ര. അതാകട്ടെ വിന്റോ സീറ്റിലും.
ആ യാത്രകളിലായിരുന്നു അനൗൺസ്‌മെന്റിനുള്ള വാചകങ്ങൾ മനസ്സിൽ കുറിച്ചിട്ടിരുന്നത്. യാത്ര കഴിഞ്ഞ് വീട്ടിലെത്തിയാൽ അവ കടലാസിലേക്ക് പകർത്തും. കുറച്ചാവർത്തി വായിക്കുമ്പോഴേക്കും അവ മനസ്സിൽ പതിഞ്ഞിരിക്കും. അനൗൺസ്‌മെന്റ് കൊഴുപ്പിക്കാൻ വായയിൽ തോന്നിയതെന്തും വിളിച്ചു പറയുന്ന ശീലം ലത്തീഫിനില്ലായിരുന്നു. അനൗൺസ്‌മെന്റിൽ കാണിച്ചിരുന്ന സൂക്ഷ്മതയെക്കുറിച്ച്  ചോദിച്ചപ്പോൾ കളി നടക്കുന്ന ഗ്രൗണ്ട്, അവിടെ കളിക്കുന്ന പതിനാലു പേർ, കളി കാണുന്ന കാണികൾ, അവ മൂന്നിന്റെയും പൊലിമ, അതിനപ്പുറം പോകാറില്ലെന്നായിരുന്നു ലത്തീഫിന്റെ മറുപടി.
അറുപത്തിയേഴുകാരനായ ലത്തീഫ്  അനൗൺസ്‌മെന്റ് അവസാനിപ്പിച്ചിട്ട് പതിനൊന്ന് വർഷമായി. ഏറ്റവുമൊടുവിൽ 2012 ൽ മലപ്പുറത്ത് നടന്ന എം.എസ്.പി ടൂർണമെന്റിലാണ് അനൗൺസ്‌മെന്റ് നടത്തിയത്. എന്നാൽ ടൂർണമെന്റുകളുടെ ഉദ്ഘാടന വേളകളിൽ വേണ്ടപ്പെട്ടവർ നിർബന്ധിച്ചാൽ ഇന്നും മൈക്ക് കൈയിലെടുക്കാറുണ്ട്. ആറ്റിക്കുറുക്കിയ മനോഹരമായ ഏതാനും വാചകങ്ങൾക്കപ്പുറം അവ നീണ്ടുപോകില്ല. മിക്ക സെവൻസ് ടൂർണമെന്റുകളിലും സംഘാടകന്റെ റോളാണ് ആ പഴയകാല അനൗൺസർക്കിന്ന്. പ്രമുഖ സെവൻസ് ടൂർണമെന്റുകൾക്ക് ജനപ്രിയ മത്സരങ്ങൾക്ക് മുൻതൂക്കം നൽകി ഫിക്‌സ്ചർ തയാറാക്കുന്നത് അന്നും ഇന്നും ലത്തീഫ് തന്നെയാണ്.
ലത്തീഫിന് മിടുക്കരായ ഒരു കൂട്ടം ശിഷ്യരുണ്ട്. ജാബിർ മഞ്ചേരി, അൻസാരി കോഡൂർ, ഷാൻ കക്കാട്ടിരി, അഷ്‌റഫ് എടവണ്ണ, റാഷിദ് കോട്ടക്കൽ, സലീം കാരക്കുന്ന്, നാസർ ചെമ്മാട് എന്നിവർ അവരിൽ ചിലർ മാത്രം. മുമ്പുള്ളതു പോലെയല്ല ഇന്നത്തെ അനൗൺസ്‌മെന്റ് രീതി. അത് അടിമുടി മാറിയിട്ടുണ്ട്. ആ മാറ്റത്തിന് തുടക്കം കുറിച്ചതിൽ ലത്തീഫിന്റെ പങ്ക് വലുതാണ്. അതുകൊണ്ടു തന്നെ ആധുനിക അനൗൺസ്‌മെന്റ് കലയുടെ ശിൽപി എന്നാണ് ലത്തീഫിനെ ശിഷ്യർ വിശേഷിപ്പിക്കാറ്. അനൗൺസ്‌മെന്റ് കൊഴുപ്പിക്കാൻ വേണ്ടുന്ന വിവിധ ചേരുവകൾക്കായി ശിഷ്യർ  ഗുരുവുമായി എപ്പോഴും ബന്ധപ്പെടാറുണ്ട്. ഇന്നും വിവിധ പ്രദേശങ്ങളിൽ ഫുട്‌ബോൾ ടൂർണമെന്റ് നടത്താൻ ആലോചനയുണ്ടാകുമ്പോൾ കമ്മിറ്റിക്കാർ അനൗൺസ്‌മെന്റിനായി പ്രാഥമികമായി ബന്ധപ്പെടാറ് ലത്തീഫുമായാണ്. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിവിധ സ്ഥാപനങ്ങളുടെ ഉദ്ഘാടന മാമാങ്കങ്ങൾക്കും മറ്റും ലത്തീഫ് അനൗൺസ്‌മെന്റ് നടത്തിയിട്ടുണ്ട്. കാൽപന്തു കളിയുടെ അനൗൺസ്‌മെന്റിൽ നിന്നും ലഭിച്ചിരുന്ന സംതൃപ്തി മറ്റൊന്നിൽ നിന്നും കിട്ടിയിട്ടില്ലെന്ന് ലത്തീഫ് പറയുന്നു.
ഇന്ത്യയുടെ വിവിധ മൈതാനങ്ങളിൽ എണ്ണം പറഞ്ഞ ഗോളുകൾ കൊണ്ട് ഇടിമുഴക്കം സൃഷ്ടിച്ച, മലപ്പുറം സംഭാവന ചെയ്ത മികച്ച ഫുട്‌ബോളറായിരുന്ന മഞ്ഞക്കണ്ടൻ അബൂബക്കർ എന്ന എം.ആർ.സി അബൂബക്കറിന്റെ (സീനിയർ) മകനാണ് ലത്തീഫെന്ന്  ഒട്ടുമിക്ക ഫുട്‌ബോൾ പ്രേമികൾക്കുമറിയാം. എന്നാൽ ലത്തീഫിന്റെ ഭാര്യാപിതാവ് മലപ്പുറത്തെ മികച്ച കളിക്കാരനായിരുന്നുവെന്ന് അധികമാർക്കുമറിയില്ല. മലപ്പുറം എം.ആർ.ഇയുടെയും മൈസൂർ മുസ്‌ലിംസ് ടീമിന്റെയും എണ്ണം പറഞ്ഞ കളിക്കാരനായിരുന്ന ടൈഗർ ആലിക്കുട്ടിയുടെ മകൾ നൂർജഹാനാണ് ലത്തീഫിന്റെ നല്ലപാതി. മക്കൾ: റിയാസ് ബാബു, ഫിറോസ് ബാബു, ലാലു നിയാസ്.  മലപ്പുറം സോക്കർ ക്ലബ്ബിന്റെ ക്യാപ്റ്റനും കണ്ണൂർ യൂനിവേഴ്‌സിറ്റി താരവുമായിരുന്ന റിയാസ് മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെയും സോക്കർ ക്ലബ്ബിന്റെയും പരിശീലകനാണിപ്പോൾ.
ഫിറോസ് സോക്കറിന്റെയും ബ്ലാക്ക് ഹോസിന്റെയും മുൻ താരവും. ലത്തീഫിന്റെ  ഇളയ സഹോദരൻ മഞ്ഞക്കണ്ടൻ നജീബ്  മലപ്പുറം ജില്ലാ സീനിയർ ടീമിന്റെയും സൂപ്പർ സ്റ്റുഡിയോയുടെയും മുൻ ക്യാപ്റ്റനും സോക്കർ, സ്‌പോർട്ടിംഗ് ക്ലബ്ബുകളുടെ മികച്ച കളിക്കാരനുമായിരുന്നു. 
ഫുട്‌ബോൾ അനൗസർമാരുടെ സംഘടനയായ 
ഐഫയുടെ (ആൾ ഇന്ത്യാ ഫുട്ബാൾ അനൗൺസേഴ്‌സ്) മുഖ്യ രക്ഷാധികാരിയായ അബ്ദുൽ ലത്തീഫ് മലപ്പുറത്തെ പ്രമുഖ ഫുട്‌ബോൾ ക്ലബ്ബായ സോക്കറിന്റെ അസിസ്റ്റന്റ് സെക്രട്ടറിയും ഒതുക്കുങ്ങൽ റോയൽ സെവൻസ് ടൂർണമെന്റ് കമ്മിറ്റിയുടെ ചീഫ് കോർഡിനേറ്ററുമാണ്. മാസ്മരിക ശബ്ദം കൊണ്ട് മലബാറിലെ ടൂർണമെന്റുകളിൽ  മൂന്ന്  പതിറ്റാണ്ട് കാലം നിറഞ്ഞു നിന്ന ലത്തീഫിനെ നിരവധി സംഘടനകളും ഫുട്‌ബോൾ ടൂർണമെന്റുകളും ആദരിച്ചിട്ടുണ്ട്.

Latest News