Sorry, you need to enable JavaScript to visit this website.

കുസാറ്റ് ദുരന്തം: പരിക്കേറ്റ  രണ്ടു പേരുടെ നില ഗുരുതരം

കൊച്ചി- കുസാറ്റ് ദുരന്തത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. വൈസ് ചാന്‍സലറോടും ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും മന്ത്രി ആര്‍ ബിന്ദു റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ കളമശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 
പരിക്കേറ്റവരുടെ മൊഴി പോലീസ് ഇന്നു രേഖപ്പെടുത്തും. അപകടത്തില്‍ മരിച്ച നാലുപേരുടേയും പോസ്റ്റ്മോര്‍ട്ടം രാവിലെ നടക്കും. പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ ചികിത്സാ ചെലവ് സര്‍വകലാശാല വഹിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 52 പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇതില്‍ മൂന്നുപേര്‍ ഐസിയുവിലാണ്. 
ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് സൂചന. അപകടത്തില്‍ പെട്ടവരെ കുറിച്ച് അറിയാന്‍ ഹെല്‍പ്ലൈന്‍ നമ്പറുകള്‍ തുടങ്ങിയിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട അടിയന്തര ആവശ്യങ്ങള്‍ക്ക് 8590886080, 9778479529 നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു.
കുസാറ്റിലെ എഞ്ചിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ അതുല്‍ തമ്പി, സാറാ തോമസ്, ആന്‍ റുഫ്ത എന്നിവരും പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍ബിന്‍ ജോസഫുമാണ് മരിച്ചത്. ആല്‍ബിന്‍ ഇവിടുത്തെ പൂര്‍വ വിദ്യാര്‍ത്ഥിയാണെന്നും സുഹൃത്തിനൊപ്പം ഇവിടെ എത്തിയതാണെന്നും റിപ്പോര്‍ട്ടുണ്ട്. 
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള കാണാനെത്തിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് സംഘടിപ്പിച്ച പരിപാടിക്കിടെ മഴ പെയ്തതോടെ വിദ്യാര്‍ഥികള്‍ ഓഡിറ്റോറിയത്തിലേക്ക് തിക്കിത്തിരക്കി കയറിയപ്പോഴാണ് അപകടമുണ്ടായത്. 

Latest News