Sorry, you need to enable JavaScript to visit this website.

ഹൂതികള്‍ ഇസ്രായില്‍ അന്തര്‍വാഹിനി പിടിച്ചു; വീഡിയോ വസ്തുത

ദുബായ്- യെമനിലെ ഹൂതികള്‍ ഇസ്രായില്‍ അന്തര്‍വാഹിനി പിടിച്ചതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോ പുതിയതല്ലെന്ന് വസ്തുതാ പരിശോധനാ വെബ് സൈറ്റുകള്‍ വെളിപ്പെടുത്തി.
യൂണിഫോമില്‍ ഒരാള്‍ അന്തര്‍വാഹിനിയില്‍ കയറുന്നതിന്റെ വീഡിയോ ആണ് സാഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇസ്രായില്‍ ബന്ധമുള്ള കപ്പല്‍ പിടിച്ചതിനുശേഷം യെമനിലെ ഹൂതികള്‍ ഒരു അന്തര്‍വാഹിനി കൂടി പിടിച്ചെടുത്തുവെന്നാണ് പ്രചരിക്കുന്ന വീഡിയോ അടിസ്ഥാനമാക്കിയുള്ള അവകാശവാദം.
ഇന്ത്യയിലേക്ക് വരികയായിരുന്ന ചരക്ക് കപ്പല്‍ നേരത്തെ ഹൂതികള്‍ പിടിച്ചെടുത്തിരുന്നു. ഇത് തങ്ങളുടെ കപ്പല്‍ അല്ലെന്ന് ഇസ്രായില്‍ പിന്നീട് അവകാശപ്പെട്ടിരുന്നു. ഈ കപ്പല്‍ പിടിച്ചെടുക്കുന്ന വീഡിയോ ഹൂതികള്‍ പുറത്തുവിട്ടിരുന്നു.
കപ്പലിലുണ്ടായിരുന്ന 25 ജീവനക്കാരെ ബന്ദികളാക്കുകയും ചെയ്തു.
ഇതിനു പിന്നാലെ അന്തര്‍വാഹിനി പിടിച്ചുവെന്ന് അവകാശപ്പെട്ട് പുറത്തുവന്നിരിക്കുന്ന  വൈറല്‍ വീഡിയോക്ക്
മൂന്ന് വര്‍ഷം പഴക്കമുണ്ടെന്ന് ആജ് തക് ഫാക്ട് ചെക്ക് കണ്ടെത്തി. ഇതിന് ഇസ്രായേല്‍ഹുതി സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല.
വീഡിയോയുടെ കീഫ്രെയിമുകള്‍ റിവേഴ്‌സ് സെര്‍ച്ച് ചെയ്തതിലൂടെയാണ് പഴയ വീഡിയോ കണ്ടെത്തിയത്. 2019 ജൂലൈയിലാണ് ഇത് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തത്. 2019 ജൂണ്‍ 18 ന്, കിഴക്കന്‍ പസഫിക് സമുദ്രത്തില്‍ മയക്കുമരുന്ന് കടത്ത് നടത്തിയെന്ന് സംശയിക്കുന്ന ഒരു അന്തര്‍വാഹിനി യുഎസ് കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ പിടിച്ചെടുക്കുന്നതാണ് വീഡിയോ.
കോസ്റ്റ് ഗാര്‍ഡ് കപ്പലിലെ ഒരാള്‍ അന്തര്‍വാഹിനിയുടെ ഡെക്കില്‍ കയറി വാതിലില്‍ മുട്ടിയപ്പോള്‍ അജ്ഞാതന്‍ വാതില്‍ തുറന്നതായാണ് കാണിക്കുന്നത്. ഈ അന്തര്‍വാഹിനിയില്‍ നിന്ന് ഏകദേശം 7000 കിലോ കൊക്കെയ്ന്‍ പിടിച്ചെടുത്തതായി മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ മുങ്ങിക്കപ്പലിലുണ്ടായിരുന്ന അഞ്ചുപേരും പിടിയിലായി. ഹൂതികള്‍ ഇസ്രായില്‍ അന്തര്‍വാഹിനികള്‍ പിടിച്ചെടുത്തതായി വിശ്വസനീയ റിപ്പോര്‍ട്ടുകളൊന്നുമില്ല.

 

Latest News