Sorry, you need to enable JavaScript to visit this website.

കപ്പിന്റെ ലഹരിയടങ്ങാതെ ഖത്തർ

ഷിപ്പിംഗ് കണ്ടെയ്‌നറുകൾ കൊണ്ടുള്ള 974 സ്റ്റേഡിയം വൈകാതെ പൊളിച്ചടുക്കും
തമ്പിന്റെ മാതൃകയിലുള്ള അൽബയ്ത് സ്റ്റേഡിയത്തിന് പുറത്ത് കാട്ടുചെടികൾ വളരുന്നു. 
നിശ്ചലമായ നാഴികമണി... ലോകകപ്പ് കാലത്തെ കൗണ്ട്ഡൗൺ ക്ലോക്ക് 
അൽജനൂബ് സ്റ്റേഡിയത്തിന് പുറത്ത് പ്രവാസികൾ ക്രിക്കറ്റ് കളിക്കുന്നു. 

എല്ലാ വിമർശനങ്ങളുടെയും മുനയൊടിച്ച് മുസ്‌ലിം ലോകത്തെ ആദ്യ ലോകകപ്പ് ഖത്തർ മഹാസംഭവമാക്കി. കളത്തിലും പുറത്തും ഖത്തർ ലോകകപ്പ് ത്രസിപ്പിക്കുന്ന കാഴ്ചയായി. ലോക സ്‌പോർട്‌സിന്റെ തന്നെ കേന്ദ്രമായി അറബ് ലോകം. സൗദി അറേബ്യ 2034 ലെ ലോകകപ്പിന് ഒരുങ്ങുകയാണ്.....

തിരയടങ്ങിയിട്ട് ഒരു വർഷം. കഴിഞ്ഞ വർഷം നവംബറിൽ ഉരുകിത്തിളച്ച ഖത്തർ ഇന്ന് ശാന്തമാണ്. ലോകകപ്പിന്റെ ഒഫിഷ്യൽ മുദ്രാവാക്യമായ ഓൾ ഈസ് നൗ എന്ന പരസ്യ ബോർഡുകൾ ഇപ്പോഴും ഖത്തറിന്റെ പ്രധാന തെരുവുകളിലുണ്ട്. ഖത്തറിന്റെ ട്രെയ്ഡ് മാർക്കായ മറൂൺ നിറത്തിലുള്ള ബോർഡുകൾക്കും പരസ്യ വാചകങ്ങൾക്കും മരുഭൂ കാറ്റിൽ നിറം മങ്ങിത്തുടങ്ങിയിരിക്കുന്നു. ആയിരക്കണക്കിന് ആരാധകർ ആട്ടവും പാട്ടുമായി നിറഞ്ഞ തെരുവുകൾ ആലസ്യത്തിലമർന്നിരിക്കുന്നു. കളിക്കളത്തിലെ ഹരം പിടിപ്പിക്കുന്ന കാഴ്ചകളുടെ ആവേശം തൽസമയം പൊതുജനങ്ങളിലേക്ക് പ്രസരിപ്പിച്ച കൂറ്റൻ സ്‌ക്രീനുകളും ഉച്ചഭാഷിണികളും മയക്കത്തിലാണ്. 
ലോകകപ്പിന്റെ ആവേശത്തെ തോൽപിക്കാൻ ഒന്നിനുമാവില്ലെന്ന് സംഘാടക സമിതി അധ്യക്ഷനായ ജാസിം അൽ ജാസിം തറപ്പിച്ചു പറയുന്നു. 2022 നവംബർ 20 നായിരുന്നു ലോകകപ്പിന്റെ കിക്കോഫ്. ഒരുപാട് പിരിമുറുക്കം നിറഞ്ഞ ദിനമായിരുന്നു അതെന്ന് അദ്ദേഹം ഓർമിക്കുന്നു. പക്ഷേ ഒരു രാജ്യമെന്ന നിലയിൽ ലോകകപ്പ് സംഘടിപ്പിച്ച രീതിയിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം ആവർത്തിക്കുന്നു. 
പാശ്ചാത്യ ലോകത്തു നിന്ന് വിമർശനത്തിന്റെ കൊടുങ്കാറ്റാണ് ആഞ്ഞുവീശിയത്. വേദി നിശ്ചയിച്ച വോട്ടെടുപ്പിന്റെ മുതൽ തൊഴിലാളികളുടെയും വനിതകളുടെയും സ്വവർഗാനുരാഗികളുടെയും അവകാശങ്ങളുടെ പേരിൽ പ്രതിഷേധമുണ്ടായി. പലതിനും വംശവൈരത്തിന്റെ മേമ്പൊടിയുണ്ടായിരുന്നു. ഒടുവിൽ ഖത്തറിന്റെയും അറബ് ലോകത്തിന്റെയും അഭിമാനമുയർത്തിയാണ് ലോകകപ്പ് കലാശിച്ചത്. ലിയണൽ മെസ്സി ബിഷത് ധരിച്ച് ലോകകപ്പുയർത്തിയ കാഴ്ച ഖത്തറിന്റെ ഓർമച്ചിത്രമായി മാറി. 
ഗൾഫ് മേഖല ആഗോള സ്‌പോർട്‌സിന്റെ കേന്ദ്രമായി ഇന്ന് മാറിയിരിക്കുകയാണെന്ന് ഡാനിയേൽ റെയ്ഷ് കരുതുന്നു. ഖത്തർ ലോകകപ്പാണ് 2034 ലെ സൗദി ലോകകപ്പിലേക്ക് വഴി തുറന്നത്. പുതിയ മെട്രോയും വലിയ വിമാനത്താവളവും റോഡുകളുടെയും ഹോട്ടലുകളുടെയും വികസനവും എട്ട് ലോകോത്തര സ്‌റ്റേഡിയങ്ങളുമൊക്കെയായി ഖത്തർ അടിമുടി മാറി. 22,000 കോടി ഡോളറാണ് രാജ്യം ചെലവിട്ടത്. ഏറ്റവും ചെലവേറിയ ലോകകപ്പ്. ആ തുക നഷ്ടമായിരുന്നില്ലെന്നും പൂർണമായും ഉപയോഗപ്രദമായെന്നും ജാസിം കരുതുന്നു. ഏഴ് സ്റ്റേഡിയങ്ങൾ പണിയാനായിരുന്നു 700 കോടി ഡോളർ ചെലവിട്ടത്. 
ഉദ്ഘാടന മത്സരവും ഫൈനലും അരങ്ങേറിയ ലുസൈൽ സ്റ്റേഡിയത്തിന്റെ ഇരിപ്പിട ശേഷി ലോകകപ്പിനു ശേഷം കുറക്കാൻ തീരുമാനിച്ചതായിരുന്നു. ഷിപ്പിംഗ് കണ്ടെയ്‌നറുകൾ കൊണ്ട് നിർമിച്ച 40,000 പേർക്കിരിക്കാവുന്ന 974 സ്റ്റേഡിയം പൊളിച്ചുമാറ്റേണ്ടതായിരുന്നു. എന്നാൽ ഏഷ്യൻ കപ്പ് നടക്കാനിരിക്കേ ഈ പദ്ധതികൾ തൽക്കാലം നിർത്തിവെച്ചിരിക്കുകയാണ്. അടുത്ത ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നടക്കുന്ന ഏഷ്യൻ കപ്പിന്റെ കിക്കോഫും ഫൈനലും ലുസൈലിലാണ്. 974 സ്റ്റേഡിയത്തിന്റെ പൊളിച്ചടുക്കൽ ഉടൻ പ്രഖ്യാപിക്കും. 
ഖത്തറിലെ തൊഴിൽ പരിഷ്‌കാരങ്ങൾക്ക് ലോകകപ്പ് വേഗം കൂട്ടിയെന്ന് രാജ്യത്തെ ഇന്റർനാഷനൽ മീഡിയ ഓഫീസ് അവകാശപ്പെടുന്നു. ലോകകപ്പ് പോലുള്ള ടൂർണമെന്റുകൾ നടത്താൻ കൊള്ളാത്തവരാണ് അറബ് രാജ്യങ്ങളെന്ന ചിന്താഗതിയാണ് ഇപ്പോഴും പലർക്കുമെന്ന് ജാസിം ആരോപിക്കുന്നു. കനത്ത ആക്രമണം ഖത്തറിന്റെ പ്രതിഛായ മെച്ചപ്പെടുത്തുകയാണ് ചെയ്തതെന്നും അറബ്, മുസ്‌ലിം ലോകം ഖത്തറിന്റെ പിന്നിൽ ഒറ്റക്കെട്ടായി അണിനിരന്നുവെന്നും കാംബ്രിജ് യൂനിവേഴ്‌സിറ്റിയിലെ മിഡിലീസ്റ്റ് എക്‌സ്‌പേർട് ഹിഷാം ഹെലിയർ കരുതുന്നു. 
അർജന്റീനയെ സൗദി അറേബ്യ തോൽപിച്ചപ്പോൾ ഖത്തർ അമീർ സൗദി തൂവാലയണിഞ്ഞു, മൊറോക്കൊ ടീമിന് വലിയ പിന്തുണ ലഭിച്ചു, അറബ് സംസ്‌കാരത്തിന്റെ ഉയിർത്തെഴുന്നേൽപിനാണ് ഖത്തർ ലോകകപ്പ് സാക്ഷ്യം വഹിച്ചതെന്ന് ഡാനിയേൽ റെയ്ഷ് അഭിപ്രായപ്പെടുന്നു. 

Latest News