Sorry, you need to enable JavaScript to visit this website.

വീണ്ടും തോൽക്കുന്ന ലോകം

ഗാസയിൽ അരങ്ങേറുന്ന ദാരുണമായ സംഭവങ്ങൾ അപ്രതീക്ഷിതമോ ആശ്ചര്യജനകമോ അല്ല. രക്ഷാസമിതി പ്രമേയങ്ങളെയോ അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളെയോ അംഗീകരിക്കാതെയുള്ള ഇസ്രായിലിന്റെ നിരന്തരമായ മനുഷ്യാവകാശ ലംഘനങ്ങൾ ഫലസ്തീനിൽ നാം ഏഴു ദശാബ്ദമായി കണ്ടുകൊണ്ടിരിക്കുന്നു. ഇന്ന്, ഇസ്രായിൽ ബോംബാക്രമണത്തിൽ മരിക്കാനൊരുങ്ങിയിരിക്കുന്ന ഫലസ്തീൻ കുട്ടികൾ അവരുടെ കുടുംബങ്ങൾക്ക് വിടവാങ്ങൽ കത്ത് എഴുതുകയാണ്. ഈ അവസ്ഥ കൂടുതൽ നിരാശയും വിദ്വേഷവും വളർത്തും.
 

 

തുർക്കിയുടെ മുൻ പ്രസിഡന്റ് അബ്ദുല്ല ഗുൽ ഈയിടെയെഴുതിയ ഒരു ലേഖനത്തിൽ 2007 ലെ ഒരു സംഭവം അനുസ്മരിക്കുന്നുണ്ട്. ചരിത്രപ്രധാനമായ ഒരു സന്ദർശനത്തിന്റെ ഓർമയാണത്. 2007 ൽ തുർക്കിയിലെ ഗ്രാൻഡ് നാഷണൽ അസംബ്ലിയിൽ ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും അന്നത്തെ ഇസ്രായിൽ പ്രസിഡന്റ് ഷിമോൺ പെരസും ഒന്നിച്ചെത്തി. അങ്കാറയിലേക്കുള്ള അവരുടെ ചരിത്രപരമായ സന്ദർശന വേളയിൽ, ഇരുനേതാക്കളും തുർക്കി പാർലമെന്റിനെ അഭിസംബോധന ചെയ്യുകയും സമാധാനത്തിനും ദ്വിരാഷ്ട്ര പരിഹാരത്തിനുമായുള്ള പ്രതിജ്ഞാബദ്ധത വ്യക്തമാക്കുകയും ചെയ്തു. ഗാസയിലെ എറെസ് ഇൻഡസ്ട്രിയൽ പാർക്ക് പുനഃസ്ഥാപിക്കാനായി തുർക്കി അതിന്റെ ഇൻഡസ്ട്രി ഫോർ പീസ് (വ്യവസായം സമാധാനത്തിന്) എന്ന പദ്ധതി ആരംഭിച്ച് രണ്ട് വർഷത്തിന് ശേഷമായിരുന്നു ഇത്. 'ഞാനും എന്റെ ഫലസ്തീൻ, ഇസ്രായിൽ സഹപ്രവർത്തകരും ഈ സംരംഭത്തിന് അംഗീകാരം നൽകിയപ്പോൾ ഫലസ്തീൻ സമ്പദ്വ്യവസ്ഥ വികസിപ്പിക്കുന്നത് മേഖലയിൽ സുസ്ഥിരമായ സമാധാനത്തിലേക്കുള്ള പാതയൊരുക്കുമെന്ന് ഞങ്ങൾ എല്ലാവരും ശുഭാപ്തി വിശ്വാസികളായിരുന്നു. ഖേദകരമെന്നു പറയട്ടെ, ആ വർഷം ഗാസയിൽ കര, കടൽ, വ്യോമ ഉപരോധം ഏർപ്പെടുത്താനുള്ള ഇസ്രായിലിന്റെ തീരുമാനത്തോടെ ഈ സ്വപ്നം ഇല്ലാതായി. പതിനാറ് വർഷത്തിന് ശേഷം ഒക്ടോബർ ഏഴിലെ സംഭവങ്ങളും അതിന്റെ അനന്തരഫലങ്ങളും കണ്ടപ്പോൾ ശാശ്വത സമാധാനത്തിനുള്ള ആ സുവർണാവസരം നഷ്ടമായതിൽ ഞാൻ വീണ്ടും നിരാശയും സങ്കടവും അനുഭവിക്കുന്നു' അബ്ദുല്ല ഗുൽ എഴുതി.

ദൂരവ്യാപകമായ ആഭ്യന്തര, പ്രാദേശിക, ആഗോള പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുന്ന ഇസ്രായിൽ-ഫലസ്തീൻ ബന്ധങ്ങളിലെ ഒരു പ്രധാന വഴിത്തിരിവാണ് ഒക്ടോബർ 7 അടയാളപ്പെടുത്തുന്നത്. ഈ നിർണായക ഘട്ടത്തിൽ നമ്മൾ സ്വയം ചോദിക്കണം: തുല്യതയിലും പങ്കാളിത്തത്തിലുമൂന്നിയ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു നിയമാധിഷ്ഠിത അന്താരാഷ്ട്ര ക്രമം നിലനിർത്താൻ നാം യഥാർഥത്തിൽ പ്രതിജ്ഞാബദ്ധരാണോ, അതോ ഈ മൂല്യങ്ങൾക്ക് വിലയില്ലാത്ത, കാലഹരണപ്പെട്ട, ശിഥിലവും ധ്രുവീകരിക്കപ്പെട്ടതുമായ ഒരു ലോകത്തിനായാണോ നാം നിലകൊള്ളുന്നത്?
ഇരുവശത്തുമുള്ള സിവിലിയൻ ജീവൻ നഷ്ടപ്പെടുന്നത് സങ്കടകരം തന്നെയാണ്. ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാർ നടത്തുന്ന ആനുപാതികമല്ലാത്ത പ്രതികരണം മേഖലയിലുടനീളം കൂടുതൽ അക്രമങ്ങൾക്കും കഷ്ടപ്പാടുകൾക്കും കാരണമാകുമെന്ന് മാത്രമല്ല, ലോകമെമ്പാടും വിദ്വേഷവും വിഭജനവും വ്യാപിപ്പിക്കുകയും ചെയ്യും. ആത്യന്തികമായി, അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുന്നത് സാധാരണക്കാരാണ്.

ഗാസയിൽ അരങ്ങേറുന്ന ദാരുണമായ സംഭവങ്ങൾ അപ്രതീക്ഷിതമോ ആശ്ചര്യജനകമോ അല്ല. ഇസ്രായിൽ-ഫലസ്തീൻ സംഘർഷം ഒരിക്കലും കെട്ടടങ്ങിയിട്ടില്ല, പ്രത്യേകിച്ചും ഫലസ്തീനികളുടെ ദുരവസ്ഥ ദിനംപ്രതി വഷളാകുന്ന സാഹചര്യത്തിൽ. ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായിൽ തുടരുന്ന അധിനിവേശം, വെസ്റ്റ്ബാങ്കിലെ കുടിയേറ്റങ്ങളുടെ നിയമവിരുദ്ധവും വിനാശകരവുമായ വിപുലീകരണം, ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി പ്രമേയങ്ങളെയോ അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളെയോ അംഗീകരിക്കാതെയുള്ള ഇസ്രായിലിന്റെ നിരന്തരമായ മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ ഫലസ്തീനിൽ നാം ഏഴു ദശാബ്ദമായി കണ്ടുകൊണ്ടിരിക്കുന്നു.
ഗാസയിൽ ഇസ്രായിൽ നടത്തിയ സുദീർഘവും മനുഷ്യത്വരഹിതവുമായ ഉപരോധം മുനമ്പിലെ 2.3 ദശലക്ഷം നിവാസികളെ ഒറ്റപ്പെടുത്തുകയും കഷ്ടപ്പാടിലേക്ക് നയിക്കുകയും അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കുകയും ചെയ്തു. പാശ്ചാത്യ രാജ്യങ്ങളും അറബ് ലോകവും പോലും ഈ ഭയാനകമായ ഈ കാഴ്ചയുമായി സമരസപ്പെട്ടു എന്നതാണ് വാസ്തവം. ചരിത്രപരം എന്ന് വിശേഷിപ്പിക്കാവുന്ന ഈ തെറ്റായ കണക്കുകൂട്ടൽ ഫലസ്തീനികളുടെ രോഷം ആളിക്കത്തിച്ചു. ഇത് നിലവിലെ സംഘർഷത്തിന് കളമൊരുക്കി.
1999 ൽ, കൗൺസിൽ ഓഫ് യൂറോപ്പിന്റെ പാർലമെന്ററി അസംബ്ലി നിയോഗിച്ച ഗാസ മുനമ്പിലെ വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ഫലസ്തീൻ ജനതയുടെ അസഹനീയമായ ജീവിത സാഹചര്യങ്ങളും വർധിച്ചുവരുന്ന നിരാശയും എടുത്തുകാണിച്ചിരുന്നത് അബ്ദുല്ല ഗുൽ ഓർമിക്കുന്നുണ്ട്. തുർക്കിയുടെ വിദേശകാര്യ മന്ത്രിയും പ്രസിഡന്റും എന്ന നിലയിലുള്ള തന്റെ തുടർന്നുള്ള സന്ദർശനങ്ങളിൽ, ഈ ശാശ്വതമായ സംഘർഷത്തിന് കാരണമായ രാഷ്ട്രീയ വിള്ളലുകൾ കൂടുതൽ ശക്തമായതായും സ്ഥിതി കൂടുതൽ വഷളായതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി, അന്താരാഷ്ട്ര സമൂഹം ഒരേയൊരു പ്രായോഗിക പരിഹാരം വിജയിപ്പിക്കുന്നതിൽ പരാജയപ്പെട്ടു: ഇസ്രായിൽ, ഫലസ്തീൻ എന്നീ രണ്ട് രാജ്യങ്ങളുടെ സ്ഥാപനം. സമാധാനത്തോടെ ഒരുമിച്ച് ജീവിക്കുന്ന രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങൾ. സമാധാനത്തിനുള്ള അവസരങ്ങൾ വഴുതിപ്പോയപ്പോൾ സാഹചര്യങ്ങൾ അതിവേഗം വഷളായി. ഇന്ന്, ഇസ്രായിൽ ബോംബാക്രമണത്തിൽ മരിക്കാനൊരുങ്ങിയിരിക്കുന്ന ഫലസ്തീൻ കുട്ടികൾ അവരുടെ കുടുംബങ്ങൾക്ക് വിടവാങ്ങൽ കത്ത് എഴുതുകയാണ്. ഈ അവസ്ഥ കൂടുതൽ നിരാശയും വിദ്വേഷവും വളർത്തും.

ഗാസയിലെ ഇസ്രായിലിന്റെ തന്ത്രങ്ങൾ വ്യക്തമായും യുദ്ധനിയമങ്ങൾ ലംഘിക്കുന്നതാണ്. ഗാസക്കാർക്ക് വൈദ്യുതി, വെള്ളം, ഭക്ഷണം എന്നിവ നിഷേധിക്കുന്നതും താമസ സ്ഥലങ്ങൾ, ആശുപത്രികൾ, പള്ളികൾ, സ്‌കൂളുകൾ, അഭയാർഥി ക്യാമ്പുകൾ എന്നിവ ലക്ഷ്യമിടുന്നതും ജനീവ കൺവെൻഷനുകളോടും യു.എൻ നിയമങ്ങളോടും പൊരുത്തപ്പെടുന്നില്ല. ഈ ആക്രമണങ്ങൾ യുദ്ധക്കുറ്റത്തിൽ കുറഞ്ഞ ഒന്നുമല്ല. ഇതിന് ഉത്തരവാദികളായവരെ ചരിത്രം കണക്കു പറയിക്കുമെന്നതിലും സംശയമില്ല.
ഈ കൂട്ടക്കുരുതിക്ക് പാശ്ചാത്യ രാജ്യങ്ങളുടെ, പ്രത്യേകിച്ച് അമേരിക്കയുടെ ഉറച്ച പിന്തുണ നിലനിർത്താൻ ഇസ്രായിലിന് കഴിഞ്ഞു എന്നത് അമ്പരപ്പിക്കുന്നതാണ്. ഇസ്രായിലിന്റെ പ്രവർത്തനങ്ങളെ അന്ധമായി പിന്തുണക്കുന്നവർ സ്വയം ചോദിക്കണം: ഫലസ്തീന്റെ പ്രാദേശിക അഖണ്ഡത ഉയർത്തിപ്പിടിക്കുന്നില്ലെങ്കിൽ ഉക്രൈനെക്കുറിച്ച് നിങ്ങൾ എങ്ങനെ സംസാരിക്കും? നിങ്ങൾ അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കുന്നില്ലെങ്കിൽ എങ്ങനെ വിശ്വസ്തരായി തുടരും? ഈ ഇരട്ടത്താപ്പ് നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ആഗോളക്രമത്തെ തുരങ്കം വെക്കുകയും അത്തരം പൊരുത്തക്കേടുകൾ മുതലെടുത്ത് വളരുന്ന സ്വേച്ഛാധിപത്യ നേതാക്കന്മാരുടെ കൈകൾക്ക് ബലം നൽകുകയും ചെയ്യുന്നു.
ഈ സാഹചര്യം ഒഴിവാക്കുന്നതിന് അന്താരാഷ്ട്ര നിയമങ്ങളും പ്രസക്തമായ യു.എൻ രക്ഷാസമിതി പ്രമേയങ്ങളും പാലിക്കേണ്ടതുണ്ട്. ഇറാനടക്കം ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപറേഷൻ അംഗീകരിച്ചതും മുന്നോട്ടുള്ള പ്രായോഗിക പാത ചൂണ്ടിക്കാണിക്കുകയും ഫലസ്തീനികളുടെ അവകാശങ്ങളും അന്തസ്സും ഉയർത്തിപ്പിടിക്കുന്ന യാഥാർഥ്യ ബോധത്തോടെയുള്ള ചട്ടക്കൂട് വാഗ്ദാനം ചെയ്യുകയും ചെയ്ത 2002 ലെ അറബ് സമാധാന സംരംഭം ഇത്തരുണത്തിൽ സ്മരണീയമാണ്. എന്നാൽ ആദ്യം, രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കുകയും ഉടനടി നിരുപാധികമായ വെടിനിർത്തൽ നടപ്പാക്കുകയും വേണം. സെക്യൂരിറ്റി കൗൺസിലിലെ വീറ്റോ യുദ്ധങ്ങൾക്കിടയിലും ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധിയിലേക്ക് ശ്രദ്ധ ആകർഷിക്കാനുള്ള യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ ശ്രമം പ്രശംസനീയമാണ്. 
കൂടുതൽ അക്രമങ്ങളും കഷ്ടപ്പാടുകളും തടയുന്നതിന് ഇസ്രായിൽ-ഫലസ്തീൻ സംഘർഷത്തോട് സത്യസന്ധവും ക്രിയാത്മകവുമായ സമീപനം അനിവാര്യമാണ്. പ്രാദേശിക ഉത്തരവാദിത്തത്തിന്റെ ശക്തമായ ബോധത്താൽ നയിക്കപ്പെടുന്ന ഫലപ്രദമായ നയതന്ത്രമാണ് മുന്നോട്ടുള്ള ഏറ്റവും നല്ല വഴി. ഗാസയിലെ നിലവിലെ യുദ്ധം നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്രക്രമത്തോടുള്ള നമ്മുടെ പ്രതിബദ്ധതയുടെ പരീക്ഷണമാണ്. എന്നത്തേക്കാളും ഇപ്പോൾ, നമ്മുടെ പ്രവർത്തനങ്ങളെ നയിക്കാൻ അന്താരാഷ്ട്ര നിയമത്തിന്റെ ധാർമിക അളവുകോലിനെത്തന്നെയാണ് ആശ്രയിക്കേണ്ടത്.

Latest News