Sorry, you need to enable JavaScript to visit this website.

കേരളത്തിലെ പ്രളയക്കെടുതി ക്ഷണിച്ചുവരുത്തിയ ദുരന്തമെന്ന് മാധവ് ഗാഡ്ഗില്‍

മുംബൈ- കേരളത്തില്‍ ഉണ്ടായ കാലവര്‍ഷക്കെടുതി മനുഷ്യനിര്‍മിത ദുരന്തമാണെന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. പശ്ചിമഘട്ട സംരക്ഷണത്തിന് വിശദ പരിസ്ഥിതി പഠനം നടത്തി സമര്‍പ്പിച്ച റിപോര്‍ട്ട് നടപ്പാക്കിയിരുന്നുവെങ്കില്‍ ഇപ്പോഴുണ്ടായ ദുരന്തത്തിന്റെ വ്യാപ്തി കുറക്കമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ കാര്യങ്ങള്‍ ആശങ്കാജനകമാണ്. മഴമാത്രമല്ല ഇപ്പോഴുണ്ടായ ദുരന്തത്തിനു കാരണം. ഭൂമിയും മണ്ണും തലതിരിഞ്ഞ രീതിയില്‍ ഉപയോഗിച്ചതു മൂലമുണ്ടായ മനുഷ്യനിര്‍മിത ദുരന്തമാണിത്. പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കുന്നതിന് വിശദമായ നിര്‍ദേശങ്ങല്‍ ഞങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഒന്നും നടപ്പായില്ല-പശ്ചിമഘട്ട സംരക്ഷണ പഠനത്തിന് നേതൃത്വം നല്‍കിയ ഗാഡ്ഗില്‍ പറഞ്ഞു.

ഗാഡ്ഗില്‍ റിപോര്‍ട്ട് നടപ്പാക്കിയിരുന്നുവെങ്കില്‍ ദുരന്തം ഉണ്ടാകുമായിരുന്നില്ല എന്ന് ഒരിക്കലും അവകാശപ്പെടുന്നില്ല. എന്നാല്‍ ദുരന്തത്തിന്റെ പ്രത്യാഘാതങ്ങള്‍ തീര്‍ച്ചയായും കുറക്കാമായിരുന്നു.  ജലാശയങ്ങളും ഭൂഗര്‍ഭജലം സംരക്ഷിക്കേണ്ട തണ്ണീര്‍ത്തടങ്ങളും വന്‍തോതില്‍ കയ്യേറ്റം ചെയ്യപ്പെട്ടു. വെള്ളത്തിന്റെ ഒഴുക്കി ഗുരുതരമാകാന്‍ കാരണമിതാണ്. പാറമടകളാണ് മണ്ണിടിച്ചിലുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സര്‍ക്കാരാണ് ഇതിനു ഉത്തരവാദി എന്നു പറഞ്ഞു ലളിതവല്‍ക്കരിക്കാന്‍ കഴിയില്ല. വിവിധ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും സാമ്പത്തിക താല്‍പര്യത്തിനായി കൈകോര്‍ത്തു. സ്ഥാപിത താല്‍പര്യമുള്ളവര്‍ ഒന്നിച്ചു. ഇവരാണ് ഈ ദുരന്തത്തിനു കാരണം. ജനങ്ങളെ കൂടി ഉള്‍പ്പെടുത്തിയുള്ള പരിസ്ഥിതി സംരക്ഷണമാണ് നടക്കേണ്ടത്. ജനങ്ങള്‍ അവരുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും ഗാഡ്ഗില്‍ പറഞ്ഞു.
 

Latest News