Sorry, you need to enable JavaScript to visit this website.

VIDEO - ദമാമിൽ ശ്രീലങ്കൻ യുവതിയിൽ പിറന്ന രണ്ടു മക്കളെ ഉപേക്ഷിച്ച് ഇന്ത്യക്കാരൻ മുങ്ങി

റിസ്‌വാനയും കുഞ്ഞുങ്ങളും സാമൂഹ്യ പ്രവർത്തകരുടെ കൂടെ

ദമാം- മദ്യക്കുപ്പികൾ വാഹനത്തിൽ നിന്നും പിടികൂടിയതിനെ തുടർന്ന് ജയിലിലായ തമിഴ്‌നാട് സ്വദേശി ഒന്നരവർഷത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചുപോയി. തമിഴ്‌നാട് രാമനാഥപുരം സ്വദേശി മീരാൻ നൈനാൻ മുഹമ്മദാണ് ശിക്ഷാ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് പോയത്. ഒന്നരവർഷം മുമ്പാണ് ഇദ്ദേഹം ദമാമിൽ പോലീസിന്റെ പിടിയിലാവുന്നത്. ദമാം ക്രിമിനൽ കോടതി ഒന്നര വർഷം ജയിൽശിക്ഷ വിധിച്ചതോടെ ദമാം സെൻട്രൽ ജയിലിൽ കഴിയേണ്ടി വന്ന ഇദ്ദേഹത്തിനു കഴിഞ്ഞ ദിവസമാണ് ശിക്ഷാ കാലാവധി പൂർത്തീകരിച്ചു നാട്ടിലേക്ക് മടങ്ങാനായത്. വീട്ടു വേലക്കാരിയായി ജോലി ചെയ്തിരുന്ന  ശ്രീലങ്കൻ സ്വദേശി റിസ്‌വാനക്കൊപ്പമായിരുന്നു ഇയാൾ ദമാമിൽ ജീവിച്ചിരുന്നത്. ഇതിൽ ഇരുവർക്കും രണ്ടു മക്കളുണ്ട്. നാട്ടിൽ ഭാര്യയും വിവാഹിതരായ രണ്ടു മക്കളും അവരുടെ കുടുംബവുമടങ്ങുന്ന ഒരു വലിയ കുടുംബവുമുണ്ട്. റിസ് വാനയെയും നാട്ടിലേക്ക് കൊണ്ടുപോകാമെന്ന് ഇയാൾ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ജയിലിൽ അകപ്പെട്ടതോടെ ഇയാൾ വാഗ്ദാനം മറന്നുവെന്ന് യുവതി പറയുന്നു. 

കഴിഞ്ഞ ദിവസം ജയിൽ മോചിതനായ ഇദ്ദേഹം നാട്ടിലേക്ക് തിരിച്ചതോടെയാണ് ഈ വഞ്ചനയുടെ കഥ പുറം ലോകം അറിയുന്നത്. മീരാനെ പല തവണ ജയിലിൽ കാണാൻ ശ്രമിച്ചെങ്കിലും അതിനു സാധ്യമായില്ലെന്നും യുവതി പറയുന്നു. പല സുഹൃത്തുക്കൾ വഴി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും യുവതിയെയും പിഞ്ചു കുഞ്ഞുങ്ങളെയും സ്വീകരിക്കാൻ കഴിയില്ലെന്നും തന്നെ ഇനി പ്രതീക്ഷിക്കേണ്ടെന്നും മറുപടി നൽകിയത്രെ. ഇതിനിടയിൽ സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലിലൂടെ കുട്ടികൾക്ക് പാസ്‌പോർട്ട് എടുക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും ഔദ്യോഗിക രേഖകളും  പിതൃത്വം തെളിയിക്കാനുള്ള പ്രമാണങ്ങളും ഇല്ലാത്തതിനാൽ ആ നീക്കവും നടന്നില്ല. മീരാനെതിരെ ശക്തമായ പോരാട്ടത്തിനു ഇറങ്ങിയിരിക്കയാണ് ശ്രീലങ്കൻ യുവതി. സാമൂഹ്യ പ്രവർത്തകരായ മഞ്ജുവും മണിക്കുട്ടനും ഇവരുടെ കാര്യത്തിൽ ഇടപെട്ടു വേണ്ട നടപടി സ്വീകരിച്ചു തുടങ്ങി. ഇവരുടെ നിത്യ ജീവിത ചിലവിനായും ഭക്ഷണത്തിനും ഫണ്ട് സ്വരൂപിച്ചു. കൂടാതെ എംബസി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു പാസ്‌പോർട്ട് എടുക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു വരുന്നുണ്ട്. തമിഴ്‌നാട്ടിലേക്ക് തന്നെ നേരിട്ട് പോകാനുള്ള ശ്രമമാണെന്നും അല്ലാത്തപക്ഷം ശ്രീലങ്കയിൽനിന്ന് മീരാനെ തേടി അദേഹത്തിന്റെ വീട്ടിലെത്തുമെന്നും റിസ്‌വാന  പറയുന്നു. രക്ഷിതാക്കളും സ്വന്തമായി ഒരു വീടുമില്ലാതെ ദരിദ്രമായ ജിവിത സാഹചര്യത്തിൽ കഴിയുന്ന തനിക്കു ഒരു ജീവിതം നൽകാമെന്നു വിശ്വസിപ്പിക്കുകയും രണ്ടു കുട്ടികൾക്ക് ജന്മം നൽകുകയും ചെയ്തതോടെ ജീവിതം വഴിമുട്ടിയിരിക്കയാണെന്നും മക്കളെ സംരക്ഷിക്കേണ്ട ചുമതല നിർവ്വഹിക്കേണ്ട അദ്ദേഹം ഞങ്ങളെ ഒഴിവാക്കുന്നതിനെ അംഗീകരിക്കാൻ കഴിയില്ലെന്നും റിസ്‌വാന പറഞ്ഞു. തന്നെ തഴയാൻ തുടങ്ങിയപ്പോൾ തന്നെ മക്കളുടെ ഡി എൻ എ ടെസ്റ്റ് നടത്തി റിപ്പോർട്ട് ശേഖരിച്ചു വെച്ചിട്ടുണ്ടെന്നും ആവശ്യമെങ്കിൽ അത് പുറത്തു കാണിക്കുമെന്നും റിസ്‌വാന പറയുന്നു. തന്റെ മാതാവിന്റെ സ്ഥലം ഇന്ത്യയാണെന്നും അത് കൊണ്ട് തന്നെ മീരാൻ താമസിക്കുന്ന ഇടം കണ്ടെത്താൻ പ്രയാസമില്ലെന്നും ഇവർ പറഞ്ഞു. 
 

Latest News