Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയുടെ ഹെലികോപറ്റര്‍ പര്യടനം തുടരുന്നു;  ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം- പ്രളയ ബാധിത പ്രദേശങ്ങളിലെ ദുരിതം നേരിട്ടറിയാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നടത്തുന്ന ഹെലികോപ്റ്റര്‍ പര്യടനം തുടരുന്നു. രാവിലെ 7.45-ന് തിരുവനന്തപുരത്ത് നിന്ന് പറന്നുയര്‍ന്ന കോപ്റ്റര്‍ ഇടുക്കിയില്‍ ഇറങ്ങുമെന്നായിരുന്നു അറിയിപ്പ്. കട്ടപ്പനയില്‍ അവലോകന യോഗം വിളിച്ചു ചേര്‍ത്തിരുന്നു. എന്നാല്‍ മോശം കാലവസ്ഥയെ തുടര്‍ന്ന് കോപ്റ്റര്‍ ഇറക്കാനായില്ല. ഇതോടെ വയനാട്ടിലേക്ക് തിരിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,. റെവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരുമുണ്ട്. ആറിടങ്ങളില്‍ ഹെലികോപ്റ്റര്‍ ഇറക്കി സംഘം സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ മോശം കാലവസ്ഥയെ തുടര്‍ന്ന് ഇത് മൂന്നിടത്തായി വെട്ടിച്ചുരുക്കി.

സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളെജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തു. ഇവിടെ നിന്നും കല്‍പ്പറ്റ മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കും. കലക്ടറേറ്റില്‍ അവലോകന യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. കട്ടപ്പനയില്‍ മുഖ്യമന്ത്രിക്ക് ഇറങ്ങാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വൈദ്യുതി മന്ത്രി എം.എം മണിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

വയനാടു നിന്നും മുഖ്യമന്ത്രിയേയും സംഘത്തേയും വഹിച്ചു കൊണ്ട് ഹെലികോപ്റ്റര്‍ വൈകുന്നേരം 3.30ന് തിരിക്കും. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങി ഇന്ധനം നിറച്ച ശേഷം ഉരുള്‍പ്പൊട്ടലുണ്ടായ കോഴിക്കോട് കരിച്ചോലയില്‍ മേഖലയിലും മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ മേഖലയിലും മുഖ്യമന്ത്രിയും സംഘവും കോപ്റ്ററില്‍ ചുറ്റിക്കാണും. വൈകുന്നേരം ആറു മണിക്ക് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഇറങ്ങും.

Latest News