Sorry, you need to enable JavaScript to visit this website.

തിരൂരിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു

തിരൂർ-തിരൂർ പറവണ്ണ മുറിവഴിക്കലിൽ വീട് കുത്തി തുറന്നു പതിനഞ്ച് പവൻ സ്വർണവും ഇരുപത്തി അയ്യായിരം രൂപയും മോഷണം പോയതായി പരാതി. മുറിവഴിക്കൽ ഇടിവെട്ടിയകത്ത് ഷാഫിയുടെ വീട്ടിലാണ് മോഷണം നടന്നത്. തിരൂർ പോലീസും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി. തൃശൂർ കോർപ്പറേഷനിൽ ഇലക്ടിക്കൽ എൻജിനീയറായി ജോലി ചെയ്യുന്ന ഷാഫി കുടുംബസമേതം തൃശൂരിലാണ് താമസം. ശനിയാഴ്ച മുറിവഴിക്കലിൽ സുഹൃത്തിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ഷാഫി തന്റെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ വാതിൽ തുറന്നു കിടക്കുന്ന നിലയിൽ കണ്ടത്. ഷാഫിയുടെ മകൻ നസൽ മുഹമ്മദ് കോട്ടക്കലിലെ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ബുധനാഴ്ച വൈകീട്ടോടെയാണ് നസൽ മുഹമ്മദ് വീടു പൂട്ടി ജോലി സ്ഥലത്തേക്ക് പോയത്. 
രണ്ടു കിടപ്പുമുറികളുള്ള വീട്ടിൽ ഒരു കിടപ്പുമുറി പൂട്ടിയിട്ടിരുന്നെങ്കിലും മോഷ്ടാക്കൾ അതു കുത്തി തുറന്നിട്ടുണ്ട്. വീട്ടിനകത്തെ മൂന്നു അലമാരകളും കുത്തിതുറന്നു തുണികളും മറ്റും നിലത്ത് വാരിയിട്ട നിലയിലായിരുന്നു. പ്രദേശത്തും പരിസരത്തും മോഷണം പതിവാണെന്ന് നാട്ടുകാർ പറയുന്നു. തിരൂർ പോലീസും ഡോഗ് സ്‌ക്വാഡും ഫിംഗർ പ്രിന്റ് മലപ്പുറം ബ്യൂറോ എക്‌സ്‌പെർട്ട് റുബീനയുടെ നേതൃത്വത്തിലും പരിശോധന നടത്തി.
 

Latest News