Sorry, you need to enable JavaScript to visit this website.

പന്തിന് മുന്നിൽ പ്രായം തോറ്റു

അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ പതിനാലാം വയസ്സിലാണ് പൂക്കോയ തങ്ങൾ പന്ത് കളി തുടങ്ങിയത്. ഇരുപത്തിമൂന്നാം വയസ്സിൽ ഗൾഫിലെത്തിയപ്പോൾ കളി നിറുത്തിയെങ്കിലും  പ്രവാസത്തിനൊടുവിൽ വീണ്ടും പന്തിനു പിറകെ കൂടി. പ്രവാസത്തിന് വിരാമമിട്ട് ജീവിതം നാട്ടിലേക്ക് പറിച്ച് നട്ടപ്പോഴും ആ ശീലത്തിന് മുടക്കം വരുത്തിയില്ല. പൂക്കോയ തങ്ങൾക്ക് പന്ത് കളിയും പരിശീലനവും ദിനചര്യയുടെ ഭാഗമാണ്. സുബ്ഹി നമസ്‌കാരം കഴിഞ്ഞാൽ അഞ്ച് കിലോമീറ്റർ അകലെയുള്ള പള്ളിക്കുന്ന് മൈതാനത്തേക്കാണ്  യാത്ര. അവിടെ യുവാക്കളുമൊന്നിച്ച് പന്ത് കളിയും പരിശീലനവും ബഹുജോർ. താടിയിലും മുടിയിലും നര ബാധിച്ച പ്രായം ചെന്നൊരാൾ ചെറുപ്പക്കാരുടെ കൂടെ പന്ത് കളിക്കുന്നത് നാട്ടുകാർക്ക് കൗതുകമുള്ള കാഴ്ചയാണ്. വർത്തമാന കാലത്ത് വെറ്ററൻസ് ടീമുകളിലെ സീനിയർ കളിക്കാരൻ മാത്രമല്ല, മികച്ച  പ്രതിരോധ താരം കൂടിയാണ് പൂക്കോയ തങ്ങൾ.


ജീവിതത്തിലാദ്യമായി തങ്ങൾ കളിച്ചത് കുമരംപുത്തൂർ കല്ലടി ഗവൺമെന്റ് ഹൈസ്‌കൂൾ ടീമിനാണ്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ പൂക്കോയയുടെ കളി മിടുക്ക് മനസ്സിലാക്കി   ടീമിലെടുത്തതും പ്രോത്സാപ്പിച്ചതും കായികാധ്യാപകനായിരുന്ന തിരൂർ പുറത്തൂർ സ്വദേശി അഹമ്മദ് കുട്ടി മാസ്റ്ററായിരുന്നു. പത്താം തരത്തിലെത്തുമ്പോൾ കല്ലടി സ്‌കൂളിനു വേണ്ടി  സ്‌കൂൾ  ഡിസ്ട്രിക്ടിൽ കളിച്ചു. കല്ലടി സ്‌കൂൾ ചരിത്രത്തിലാദ്യമായി  ജില്ല ടൂർണമെന്റിൽ പങ്കെടുക്കുന്നത് അന്നായിരുന്നു. ടീം കലാശക്കളിക്ക് യോഗ്യത നേടി. പാലക്കാട് നൂറണി ഹൈസ്‌കൂൾ മൈതാനത്ത് പഴമ്പാലക്കോട് ഹൈസ്‌കൂളുമായിട്ടായിരുന്നു ഫൈനൽ. അതു വരെ ടീമിൽ മുന്നേറ്റ നിരയിൽ കളിച്ചിരുന്ന തങ്ങളെ സ്‌റ്റോപ്പർ ബാക്കായിട്ടാണ് അഹമ്മദ് കുട്ടി മാസ്റ്റർ ഫൈനലിൽ കളിപ്പിച്ചത്. ഗോളടിക്കാതെ മത്സരം അവസാന നിമിഷത്തിലേക്ക് നീങ്ങിയപ്പോൾ ബാക്ക് ലൈനിൽ നിന്നും  മിന്നും വേഗത്തിൽ എതിർ കളിക്കാരെ വെട്ടിച്ച് മുന്നേറി തങ്ങൾ എണ്ണം പറഞ്ഞൊരു ഗോൾ നേടി. അതോടെ കല്ലടി സ്‌കൂൾ ചാമ്പ്യന്മാരും തങ്ങൾ ടീമിലെ സൂപ്പർ സ്റ്റാറുമായി.


പത്താം തരത്തിൽ പഠിക്കുമ്പോൾ  പഠനത്തേക്കാളേറെ പന്ത് കളിയിലായിരുന്നു പൂക്കോയയുടെ ശ്രദ്ധ. അതോടെ എസ്.എസ്.എൽ.സിയിൽ പരാജയം നുണഞ്ഞു. ഇങ്ങനെ പോയാൽ പഠനം അവതാളത്തിലാകുമെന്ന് ഭയന്ന് വീട്ടുകാർ  ട്യൂഷൻ ക്ലാസിൽ  ചേർത്തു. ട്യൂഷൻ മുടക്കിയാലും പന്ത് കളിക്ക് തങ്ങൾ മുടക്കം വരുത്തിയില്ല. എന്നാൽ വീട്ടുകാർ അവനെ  അങ്ങനെ വിടാൻ  ഒരുക്കമല്ലായിരുന്നു. അവരുടെ മറ്റൊരു മകൻ കോയക്കുട്ടി  ജോലി ചെയ്തിരുന്ന ചിറ്റൂരിലെ ബസ് കമ്പനിയുടെ വർക് ഷോപ്പിൽ മെക്കാനിക് ജോലി പഠിക്കാൻ പൂക്കോയയെ കൊണ്ടാക്കി. അതോടെ ആ ഫുട്േബാൾ ഭ്രാന്തന്റെ കാലിൽ നിന്നും പന്ത് അടർത്തി മാറ്റാനുള്ള വീട്ടുകാരുടെ ശ്രമം വിജയം കണ്ടു. എന്നാൽ ജ്യേഷ്ഠൻ കോയക്കുട്ടി ഗൾഫിലേക്ക് പോയതോടെ രണ്ട് വർഷത്തെ വർക് ഷോപ്പ് ജീവിതത്തിന് വിരാമമിട്ട് പൂക്കോയ നാട്ടിലേക്ക്  മടങ്ങി. നാട്ടിലെത്തിയതോടെ  ഫുട്‌ബോളിൽ വീണ്ടും സജീവമായി. ഇത്തവണ പാലക്കാട് ജില്ല വിട്ട് മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് കളി വ്യാപിപ്പിച്ചു. ദൂരസ്ഥലങ്ങളിൽ നിന്നും കളി കഴിഞ്ഞ് രാത്രി വൈകിയായിരുന്നു വീട്ടിൽ മടങ്ങി എത്തിയിരുന്നത്. അത് വീട്ടുകാർക്ക് തലവേദന സൃഷ്ടിച്ചു. തങ്ങളെ തളയ്ക്കാൻ അടുത്തതായി അവർ കണ്ടുപിടിച്ച മാർഗം വിവാഹം കഴിപ്പിക്കുക എന്നതായിരുന്നു. താമസിയാതെ പെണ്ണ്  കെട്ടിച്ചു. കല്യാണ ശേഷം  പന്ത് കളിയിൽ പഴയത് പോലെ സജീവമായില്ല. വിവാഹത്തെ തുടർന്ന് അൽപ സ്വൽപം ഉത്തരവാദിത്ത ബോധം കൈവന്നതോടെ  ജോലി തേടി  ഗൾഫിലേക്ക് പോകാൻ തങ്ങൾ തീരുമാനമെടുത്തു.
1980 ൽ ആണ് തങ്ങൾ ഖത്തറിലെത്തുന്നത്. ജോലിത്തിരക്ക് കാരണം ഗൾഫിൽ പന്ത് കളിക്കുന്ന കാര്യം ചിന്തിക്കാനേ കഴിഞ്ഞില്ല. രണ്ട് വർഷം കഴിഞ്ഞ് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് വീണ്ടുമൊരിക്കൽ കൂടി ബൂട്ടണിയാനുള്ള അവസരമുണ്ടായത്. പിന്നീട് ദീർഘകാലം പന്ത് കളിക്ക് അവധി നൽകി. 2015 ൽ പൂക്കോയ  തങ്ങളും ഫുട്‌ബോളിൽ തൽപരനായ  ദുബായിൽ നിന്നും ഖത്തറിലേക്ക് ജോലി സംബന്ധമായി സ്ഥലം മാറി വന്ന മരുമകൻ സൈഫുദ്ദീൻ തങ്ങളും ഏതാനും മലയാളികളും ചേർന്ന് ബംഗ്ലാദേശികളടക്കമുള്ള വിവിധ രാജ്യക്കാരെ പങ്കെടുപ്പിച്ച് ഖത്തറിന്റെ മണ്ണിലും പന്ത് കളി തുടങ്ങി. അവധി ദിനമായ വെള്ളിയാഴ്ചകളിലായിരുന്നു കളി. ആ കളിക്കൂട്ടായ്മ ഫ്രൈഡേ ഫുട്‌ബോൾ ക്ലബ് എന്ന പേരിലാണറിയപ്പെട്ടിരുന്നത്.
ആഴ്ചയിലൊരിക്കലുള്ള കളി  പിന്നിട് രണ്ടായി, മൂന്നായി, ഏറ്റവുമൊടുവിൽ നാലായി. ഖത്തറിലെ കളി ജീവിതം രണ്ട് വർഷമാകുന്നതിനിടെ 2017 ഡിസംബറോടെ  മുപ്പത്തിയാറു വർഷം നീണ്ട  പ്രവാസ ജീവിതം അവസാനിപ്പിച്ച്  പൂക്കോയ തങ്ങൾ നാട്ടിലേക്ക് മടങ്ങി.
നാട്ടിലെത്തിയ തങ്ങൾ  വണ്ടൂർ സ്വദേശിയായ വെറ്ററൻ താരം ബാബു എന്ന അൻവർ ഹുസൈനെ  പരിചയപ്പെടാനിടയായപ്പോഴാണ് എം.വി.എസ്.എഫ്.എ (മലപ്പുറം വെറ്ററൻസ് സെവൻസ് ഫുട് ബോൾ അസോസിയേഷൻ) എന്ന പേരിൽ നാൽപത് പിന്നിട്ട കളിക്കാർക്കായി സംഘടന രൂപീകരിച്ച വിവരം അറിയുന്നത്. അങ്ങനെ  മലപ്പുറത്തിനടുത്ത കൂട്ടിലങ്ങാടിയിൽ എം.വി.എസ്.എഫ്.എ  സംഘടിപ്പിച്ച പ്രഥമ വെറ്ററൻസ് ലീഗ് ടൂർണമെന്റിൽ  അറുപത്തിരണ്ടാം വയസ്സിൽ പൂക്കോയ തങ്ങൾ വീണ്ടും ഗ്രൗണ്ടിലിറങ്ങി.   കേരളത്തിനകത്തും പുറത്തും നിരവധി ടൂർണമെന്റുകളിൽ  വിവിധ ടീമുകൾക്കായി ഇതിനകം പന്ത് തട്ടി. നാൽപത്തിയഞ്ച്, അൻപത്, അറുപത് വയസ്സുകൾക്ക് മുകളിൽ  വിവിധ വിഭാഗങ്ങളിൽ കളിച്ചിട്ടുണ്ട്. അക്ബർ ട്രാവൽസിനു വേണ്ടി ചെന്നൈ, ഹൈദരാബാദ്, നാസിക് എന്നിവിടങ്ങളിലും എസ്.എഫ്.എസ് ആലത്തൂരിനു വേണ്ടി ബംഗളൂരുവിലും  കളിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ടൂർണമെന്റുകളിൽ വ്യത്യസ്ത ടീമുകൾക്കായി ഇപ്പോഴും കളിക്കുന്നു. കേരളത്തിലെ നിരവധി പ്രമുഖ പഴയകാല കളിക്കാർ തങ്ങളുടെ കളിക്കൂട്ടുകാരാണ്. ഇതിനെല്ലാം  എം.വി.എസ്.എഫ്.എ എന്ന സംഘടനയോടാണ് തങ്ങൾ നന്ദി പറയുന്നത്. വെറ്ററൻസ് സംഘടന ഇല്ലായിരുന്നുവെങ്കിൽ ഇത്രത്തോളം കളി അവസരങ്ങൾ ലഭിക്കില്ലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അടുത്ത മാസം ദൽഹിയിൽ നടക്കാൻ പോകുന്ന അഖിലേന്ത്യ ഖേലോ ടൂർണമെന്റിൽ പങ്കെടുക്കുന്ന അൻപത് വയസ്സിന് മുകളിലുള്ളവരുടെ കേരള ടീമിലേക്ക് പൂക്കോയ തങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. മുമ്പൊക്കെ  സെന്റർ ഫോർവേഡായിരുന്നു. ഇപ്പോഴാകട്ടെ, റൈറ്റ് വിംഗ് ബാക്കാണ്. മധ്യനിരയിലും മുന്നേറ്റ നിരയിലും കളിക്കാൻ കേമനാണ്. തങ്ങളുടെ കിക്കുകൾ ഗോൾകീപ്പർമാർക്ക് ഇന്നും തലവേദനയാണ്. അറുപത്തിയേഴാം വയസ്സിലും അദ്ദേഹത്തിന്റെ കിക്കുകൾക്ക് ഉഗ്ര ശേഷിയാണ്.
വയസ്സ് ഏറെയായിട്ടും കളി തുടരുന്ന പൂക്കോയ തങ്ങളെ ആദരിക്കാത്ത ഫുട്‌ബോൾ സംഘടനകളും ക്ലബ്ബുകളും കുറവായിരിക്കും. തങ്ങളുടെ വീട്ടിലെ സ്വീകരണ മുറി നിറയെ അദ്ദേഹത്തിന് ലഭിച്ച കപ്പുകളും മെമന്റോകളുമാണ്. കഴിഞ്ഞ വർഷം തിരൂരിൽ വി ഫാറ്റ് (വെറ്ററൻസ് ഫുട്്‌ബോൾ അസോസിയേഷൻ തിരൂർ) സംഘടിപ്പിച്ച വെറ്ററൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റിൽ മികച്ച പ്രതിരോധ താരത്തിനുള്ള ഉപഹാരം തങ്ങൾ സ്വീകരിച്ചത് അഞ്ച് പതിറ്റാണ്ട് മുമ്പ് കല്ലടി ഹൈസ്‌കൂൾ ടീമിന്റെ പരിശീലകനായിരുന്ന അഹമ്മദ് കുട്ടി മാസ്റ്ററിൽ നിന്നായിരുന്നു. തനിക്ക് ലഭിച്ച ഉപഹാരങ്ങളിൽ ഏറെ വിലപ്പെട്ടത് തന്റെ ആദ്യകാല ഗുരുനാഥൻ നൽകിയ ആ ഉപഹാരമാണെന്ന് പൂക്കോയ തങ്ങൾ അഭിമാനത്തോടെ പറയുന്നു.
പന്ത് കളിയിലെന്ന പോലെ വെറ്ററൻസ് താരങ്ങൾക്കുള്ള മാരത്തോൺ അടക്കമുള്ള ഓട്ട മത്സരങ്ങളിലും പൂക്കോയ തങ്ങൾ സജീവമാണ്. കേരള സ്‌റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷൻ  കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ സംഘടിപ്പിച്ച കേരള സ്‌റ്റേറ്റ് സീനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ കഴിഞ്ഞ വർഷം 200 മീറ്ററിലും ഈ വർഷം 100 മീറ്ററിലും ഓട്ടമത്സരത്തിൽ പൂക്കോയ തങ്ങൾക്കായിരുന്നു വെങ്കല മെഡൽ. മണ്ണാർക്കാട്ട് നടന്ന മാരത്തണിൽ അഞ്ച് കിലോമീറ്റർ വിഭാഗത്തിലും തങ്ങൾ പങ്കെടുത്തിരുന്നു.
വാടാനപ്പള്ളിയിലെ  ചേർക്കര പടുവിങ്ങൽ ആറ്റക്കോയ തങ്ങളുടെ സീമന്ത പുത്രി ഫാത്തിമ ബീവിയാണ് പൂക്കോയ തങ്ങളുടെ ഭാര്യ. മക്കൾ: മുഹമ്മദ് ആഷിഖ് തങ്ങൾ, അമൽ താഹ, അബില സൈനുൽ ആബിദ്, നജ്മുന്നീസ സൈഫുദ്ദീൻ. മകൻ ആഷിഖ് ചെറുപ്പത്തിൽ മിടുക്കനായ ക്രിക്കറ്റ് താരമായിരുന്നു. 
പരിക്കു പറ്റിയതിനാൽ കളി നിറുത്തുകയായിരുന്നു. പൂക്കോയ തങ്ങൾ ദീർഘകാലം ജോലി ചെയ്തിരുന്ന ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആന്റ് വാട്ടർ കോർപറേഷനിലാണ് മകന് ജോലി. പെൺമക്കളടക്കം എല്ലാ മക്കളും മരുമക്കളും കാൽപന്ത് കളിയെ ഇഷ്ടപ്പെടുന്നവരാണ്. പേരക്കുട്ടികളെല്ലാം വല്യുപ്പയെ പോലെ പന്ത് കളിക്കാൻ മിടുക്കരാണ്.

Latest News