Sorry, you need to enable JavaScript to visit this website.

പ്രവാസികളെ കെട്ടുകെട്ടിക്കാൻ ഒരുമ്പെട്ടവർ

പ്രതികൂല സാഹചര്യങ്ങളിലും വിദേശത്ത് ഇടത്തരം ജോലി ചെയ്യുന്നവരേക്കാൾ കൂടുതൽ വേതനം ഇന്ന് സർക്കാർ ജീവനക്കാർ നാട്ടിലിരുന്ന് ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് വാങ്ങുന്നുണ്ട്. എന്നിട്ടും ആർത്തപ്പണ്ടാരങ്ങൾക്ക് മതിയാവുന്നില്ല. അപൂർവം സർക്കാർ ജീവനക്കാർ മാത്രമാണ് ഇതിൽനിന്നു വ്യത്യസ്തരായുള്ളത്. പക്ഷേ അവർക്ക് കഴുകൻമാരായ സഹപ്രവർത്തകർക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്.

പ്രവാസി നിക്ഷേപത്തെ ആകർഷിക്കാൻ സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുമ്പോൾ നിക്ഷേപ താൽപര്യവുമായി വരുന്ന പ്രവാസികളെ എങ്ങനെ ആട്ടിപ്പായിക്കാം എന്നതിൽ ഗവേഷണം നടത്തി വരികയാണ് സർക്കാർ ഉദ്യോഗസ്ഥരും ചില തദ്ദേശ സ്വയംഭരണ ഭരണ കർത്താക്കളും. പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ എന്തെങ്കിലും ചെയ്തു ഉപജീവനം കണ്ടെത്താമെന്ന ചിന്തയിലും കഴിയുന്നത്ര പേർക്ക് തൊഴിൽ നൽകാമെന്ന വിചാരത്തിലും ജീവിതകാലം മുഴുൻ അധ്വാനിച്ച് സ്വരുക്കൂട്ടിയ സമ്പാദ്യവുമായി നാട്ടിലെത്തുന്നവരെ ചൂഷണം ചെയ്തും കുതികാൽവെട്ടിയും നിൽക്കക്കള്ളിയില്ലാതാക്കി സകലതും വിട്ടെറിഞ്ഞ് അവരെ വീണ്ടും പ്രവാസം തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്ന പ്രവണതയാണ് നാട്ടിലുള്ളത്. ആധുനിക കേരളത്തിന്റെ വികസനത്തിൽ പ്രവാസികൾ വഹിച്ച പങ്കിനെക്കുറിച്ച് ഘോരഘോരം പറയുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുമ്പോഴും പ്രവാസികളെ പണം വേണ്ടുവോളമുള്ളവരെന്ന മറ്റൊരു കണ്ണിലൂടെയാണ് സമൂഹം ഇന്നും കാണുന്നത്. അതിനാൽ അവർ തുടങ്ങുന്ന സംരംഭത്തിനെതിരെ കൊടി നാട്ടിയും ഇല്ലാത്ത വകുപ്പുകളത്രയും ഉണ്ടാക്കിയും വട്ടംകറക്കാൻ ഇക്കൂട്ടർക്ക് ഒരു മടിയുമില്ല. ജന്മനാട്ടിൽ എന്തെങ്കിലും ചെയ്ത് ശിഷ്ടകാലം കഴിഞ്ഞുകൂടാമെന്ന ആഗ്രഹത്താൽ നാട്ടിലെത്തിപ്പെട്ടവർ ഇത്തരം കയ്‌പേറിയ അനുഭവങ്ങളാൽ ഒരു മുഴം കയറിൽ  ജീവിതം അവസാനിപ്പിച്ചോ, എല്ലാം ഉപേക്ഷിച്ച് വീണ്ടും പ്രവാസിയായോ, അതല്ലെങ്കിൽ വിധിയെന്ന രണ്ടക്ഷരത്തിൽ അഭയം തേടി സ്വയം ഒതുങ്ങിക്കൂടുകയോ ആണ് പതിവ്. അതിൽ നിന്ന് വ്യത്യസ്തമായി ചിലരെങ്കിലും പ്രതിരോധം തീർത്താൽ അവരെ തെരുവിൽ വലിച്ചിഴക്കാൻ പോലീസ് വരെ പ്രത്യക്ഷപ്പെടുന്ന കാഴ്ചയാണ് കേരളത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്. അതിൽ അവസാനത്തെ ഉദാഹരണമാണ് യു.കെ പ്രവാസിയായ കോട്ടയം മാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ ബിസാ ക്ലബ് ഹൗസ് ഫോർ സ്റ്റാർ ഹോട്ടൽ കം സ്പോർട്ട്സ് വില്ലേജ് തുടങ്ങിയ യുകെ പ്രവാസി മലയാളി ഷാജിമോൻ ജോർജ്.
പ്രവാസികളായിരുന്ന ആന്തൂരിലെ സാജൻ പാറയിലും പുനലൂരിലെ സുഗതനും ഒരു തുണ്ട് കയറിൽ ജീവനൊടുക്കിയത് നാം ആരും മറന്നിട്ടില്ല. ഏറെ വിവാദങ്ങൾക്കു തിരികൊളുത്തിയ ഇവരുടെ ആത്മഹത്യ കൊണ്ടും ഉദ്യോഗസ്ഥ ലോബിയുടെയും പ്രദേശിക രാഷ്ട്രീയ നേതാക്കളുടെയും മനോനിലയിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ലെന്നാണ് പുതിയ സംഭവം കാണിക്കുന്നത്. പ്രവാസി സംരംഭകർ കേരളത്തിൽ വ്യവസായം ആരംഭിക്കാൻ മുന്നിട്ടിറങ്ങുമ്പോൾ രാഷ്ട്രീയ, ഉദ്യോഗസ്ഥ രംഗത്ത് നിന്ന് നേരിടേണ്ടിവരുന്ന തിക്താനുഭവങ്ങൾക്കെതിരെ സെക്രട്ടറിയേറ്റ് പടിക്കൽ പ്രവാസി സംഘടനകൾ സമരങ്ങൾ വരെ സംഘടിപ്പിച്ചിട്ടുണ്ട്. 
തൊഴിൽ സംസ്‌കാരത്തിന്റെയും സംരംഭകത്വത്തിന്റെയും  ക്രിയാത്മക ശൈലികൾ വിദേശങ്ങളിൽനിന്നു ശീലിച്ചവരാണ് പ്രവാസികൾ. നമ്മുടെ നാട്ടിലെ സമരങ്ങളും കൊടിനാട്ടലും അവിടങ്ങളിൽ കണ്ട ശീലം അവർക്കില്ല. അവർ കണ്ടിട്ടുള്ളതും അനുഭവിച്ചിട്ടുള്ളതും ഏതു സംരംഭകരെയും സ്വാഗതം ചെയ്യുന്നതും സഹായിക്കുന്നതുമായ സർക്കാരുകളെയും സംവിധാനങ്ങളെയുമാണ്. എന്നാൽ അതിൽ നിന്നു വ്യത്യസ്തമായ അനുഭവം സ്വന്തം നാട്ടിൽ നേരിടേണ്ടി വരുമ്പോൾ അവർ തളർന്നു പോവുകയാണ്. കോട്ടയം ജില്ലയിൽനിന്നു തന്നെ മറ്റൊരു പ്രവാസിക്കും തിക്താനുഭവം ഉണ്ടായത് അടുത്തിടെയാണ്. അദ്ദേഹത്തിന് പോലീസിൽനിന്നും ഗുണ്ടകളിൽനിന്നുമായിരുന്നു ഭീഷണി. 
ഇത്തരം സംഭവങ്ങളാൽ പ്രവാസം അവസാനിപ്പിച്ച് ഇനിയുളള കാലം നാട്ടിൽ എന്തെങ്കിലും ചെയ്തു ജീവിക്കാമെന്ന തീരുമാനം എടുക്കാനിരിക്കുന്നവരോട് ഇങ്ങോട്ടു വരല്ലേ എന്ന അഭ്യർഥനയാണ് നാട്ടിലെത്തിപ്പെട്ട പ്രവാസികളിൽനിന്നുണ്ടാകുന്നത്. വിദേശത്ത് പിടിച്ചു നിൽക്കാൻ യാതൊരു നിവൃത്തിയുമില്ലാത്തവർ മാത്രമാണ് ഇപ്പോൾ മടങ്ങുന്നത്. നാട്ടിലുള്ള പുതിയ തലമുറയാകട്ടെ എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന മട്ടിൽ ഉള്ളതത്രയും വിറ്റുപെറുക്കിയും കിട്ടാവുന്നത്ര കടം വാങ്ങിയും ബാങ്ക് വായ്പയെടുത്തുമെല്ലാം സ്ഥലം വിടുകയാണ്. ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും സർക്കാർ ശമ്പളം വാങ്ങുന്നവർക്ക് ഇനിയും പഠിക്കാറായിട്ടില്ല. പ്രതികൂല സാഹചര്യങ്ങളിലും വിദേശത്ത് ഇടത്തരം ജോലി ചെയ്യുന്നവരേക്കാൾ കൂടുതൽ വേതനം ഇന്ന് സർക്കാർ ജീവനക്കാർ നാട്ടിലിരുന്ന് ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് വാങ്ങുന്നുണ്ട്. എന്നിട്ടും ആർത്തിപ്പണ്ടാരങ്ങൾക്ക് മതിയാവുന്നില്ല. അപൂർവം സർക്കാർ ജീവനക്കാർ മാത്രമാണ് ഇതിൽനിന്നു വ്യത്യസ്തരായുള്ളത്. പക്ഷേ അവർക്ക് കഴുകൻമാരായ സഹപ്രവർത്തകർക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. 
പ്രവാസി സമൂഹം ആധുനിക കേരളത്തിന്റെ വികസനത്തിൽ വഹിച്ച പങ്കിനെക്കുറിച്ച് കേരളീയത്തിന്റെ ഭാഗമായി തലസ്ഥാന നഗരിയിൽ സെമിനാർ നടന്നുകൊണ്ടിരിക്കുമ്പോഴാണ് യു.കെ പ്രവാസി ഷാജിമോന് നീതിക്കായി തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വന്നതെന്നതാണ് വിരോധാഭാസം. ഗാർഹിക തൊഴിലാളികളുടെ പ്രശ്നങ്ങൾ മുതൽ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യുവതലമുറയുടെ ഒഴുക്ക് വരെയുള്ള വിഷയങ്ങളായിരുന്നു സെമിനാറിൽ ചർച്ചാ വിഷയം. പ്രവാസികളുടെ പണം കൊണ്ട് മുന്തിയ തൊഴിൽ സാധ്യതകളോ വൻകിട മൂലധന നിക്ഷേപമോ കേരളത്തിൽ ഉണ്ടായിട്ടില്ലെന്നായിരുന്നു സെമിനാറിലെ മുഖ്യാതിഥി മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ അഭിപ്രായ പ്രകടനം. 25 കോടി മുടക്കി നിരവധി പേർക്ക് തൊഴിൽ സാധ്യതകളുള്ള സംരംഭം തുടങ്ങിയ ഷാജിമോനെ പോലുള്ളവർക്ക് മൂന്നു വർഷമായിട്ടും മതിയായ അനുമതി നൽകാൻ തയാറാവാത്തിടത്തോളം എങ്ങനെയാണ് സംരംഭങ്ങളുമായി പ്രവാസികൾ വരിക?  എത്രയെത്ര ചർച്ചകളും സെമിനാറുകളും നടത്തിയാലും ഇത്തരം തിക്താനുഭവങ്ങൾ ഉള്ളിടത്തോളം ഒരു പ്രവാസിയും സ്വയം ആത്മഹത്യക്കു തയാറാവില്ല. പ്രവാസി നിക്ഷേപം വർധിപ്പിക്കുന്നതിന് ഡയസ്പോറ ഇൻവെസ്റ്റ്മെന്റ് ബോർഡ് രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് കേരളീയ സെമിനാറിൽ ബന്ധപ്പെട്ടവർ അറിയിച്ചുവെങ്കിലും എന്തു സ്ഥാപിച്ചാലും അതിന്റെ പ്രയോജനം ഉണ്ടാവണമെങ്കിൽ ആദ്യം വേണ്ടത് രാഷ്ട്രീയ, ഉദ്യോഗസ്ഥ, പൊതുസമൂഹത്തിന്റെ മനോഭാവത്തിലെ മാറ്റമാണ്. അതിനായുള്ള പരിശ്രമമാണ് ആദ്യം നടത്തേണ്ടത്. അതിനു വേണ്ടി സകൂൾ പാഠപുസ്തകങ്ങളിലടക്കം പ്രവാസി വിഷയങ്ങൾ പാഠ്യവിഷയങ്ങളാക്കണം. പ്രവാസികളോടുള്ള കാഴ്ചപ്പാടിൽ മാറ്റം ഉണ്ടാവണമെങ്കിൽ അടിത്തട്ടിൽനിന്നു തന്നെ തുടങ്ങണം. കേരളത്തിലെ ജന്മിത്വത്തെ തകർക്കുന്നതിന് അടിത്തറ പാകിയത് പ്രവാസമാണെന്നും തിരിച്ചുവരുന്ന പ്രവാസികളോടുള്ള കേരളീയരുടെ മോശം മനോഭാവത്തിന് അടിസ്ഥാനം ഇതാണെന്നുമുള്ള കേരള പ്രവാസി ക്ഷേമ ബോർഡ് മുൻ ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദിന്റെ സെമിനാറിൽ പങ്കെടുത്തുകൊണ്ടുള്ള വിലയിരുത്തൽ നീതിയുക്തമെന്നു വേണം പറയാൻ.  
കൈക്കൂലി കൊടുത്തോ കണ്ടോ പരിചയമില്ലാത്ത പ്രവാസികളോട് നിയമാനുസൃതമായ നടപടിക്രമങ്ങൾക്ക് കൈക്കൂലി ആവശ്യപ്പെട്ടാൽ എന്തൊക്കെ നഷ്ടപ്പെട്ടാലും വേണ്ടില്ല ഇവനെ ശരിപ്പെടുത്തിയേ അടങ്ങൂ എന്ന വാശിയായിരിക്കും ഏതൊരു പ്രവാസിയുടെയും മനസ്സിലുണ്ടാവുക. യു.കെ പ്രവാസി ഷാജിമോൻ ജോർജിന്റെ മനസ്സിലും അതു തന്നെയാണ് ഉണ്ടായത്. അതു പ്രകാരം വിജിലൻസിന് വിവരം കൊടുക്കുകയും കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനെ കുടുക്കുകയും ചെയ്തതോടെ മറ്റു ഉദ്യോഗസ്ഥരും അവർക്ക് ഓശാന പാടുന്ന രാഷ്ടീയക്കാരും സടകുടഞ്ഞ് എഴുന്നേറ്റു. അതോടെ ഷാജിമോന്റെ 25 കോടിയുടെ സംരംഭം അവതാളത്തിലാവുകയായിരുന്നു. ഇതിനിടെ വ്യവസായ മന്ത്രാലയം സംരംഭവുമായി മുന്നോട്ടു പോകാൻ പ്രോത്സാഹനമെന്ന നിലയിൽ താൽക്കാലിക അനുമതി നൽകിയിട്ടും അതു വകവെക്കാതെ പൂട്ടിച്ചേ അടങ്ങൂ എന്ന വാശിയിൽ ഉദ്യോഗസ്ഥർ കച്ചകെട്ടി ഇറങ്ങിയതോടെയാണ് ഷാജിമോന് പ്രതിഷേധവുമായി തെരുവിൽ ഇറങ്ങേണ്ടി വന്നത്. ഇക്കൂട്ടരുടെയെല്ലാം നിലപാടുകളിൽ ഇനിയും മാറ്റം ഉണ്ടായിട്ടില്ലെങ്കിൽ നമ്മുടെ നാട് സംരംഭങ്ങളുടെ ശവപ്പറമ്പായി മാറും, ഒപ്പം വൃദ്ധ സദനവും.

Latest News