Sorry, you need to enable JavaScript to visit this website.

സൗദി അറാംകൊക്ക് 122 ബില്യൺ ലാഭം, പ്രതീക്ഷയിലും ഉയര്‍ന്നതെന്ന് കമ്പനി

ജിദ്ദ - ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊ ഈ വർഷം മൂന്നാം പാദത്തിൽ 122.19 ബില്യൺ റിയാൽ (3,258 കോടി ഡോളർ) ലാഭം നേടി. കഴിഞ്ഞ കൊല്ലം മൂന്നാം പാദത്തിൽ കമ്പനി ലാഭം 159.12 ബില്യൺ റിയാൽ (4,243 കോടി ഡോളർ) ആയിരുന്നു. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തിൽ കമ്പനി ലാഭം 23.21 ശതമാനം തോതിൽ കുറഞ്ഞു. നേരത്തെ പ്രതീക്ഷിച്ചതിലും ഉയർന്ന ലാഭം കൈവരിക്കാൻ മൂന്നാം പാദത്തിൽ കമ്പനിക്ക് സാധിച്ചു. മൂന്നാം പാദത്തിൽ 111.5 ബില്യൺ റിയാലായിരിക്കും കമ്പനി ലാഭമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 
മൂന്നാം പാദത്തെ ലാഭവിഹിതമായി ഓഹരിയുടമകൾക്ക് കമ്പനി 110.2 ബില്യൺ റിയാൽ (2,940 കോടി ഡോളർ) വിതരണം ചെയ്യം. മൂന്നാം പാദത്തിൽ കമ്പനി നേടിയ ലാഭത്തിന്റെ 90.2 ശതമാനവും ലാഭവിഹിതമായി ഓഹരിയുടമകൾക്ക് വിതരണം ചെയ്യും. ആഗോള തലത്തിൽ എണ്ണ വില കുറഞ്ഞതും വിൽപന നടത്തിയ എണ്ണയുടെ അളവ് കുറഞ്ഞതുമാണ് മൂന്നാം പാദത്തിൽ ലാഭം കുറയാൻ പ്രധാന കാരണം. 
മൂന്നാം പാദത്തിൽ കമ്പനി വരുമാനം 22 ശതമാനം തോതിൽ കുറഞ്ഞ് 424.1 ബില്യൺ റിയാൽ (113 ബില്യൺ ഡോളർ) ആയി. ഇതും പ്രതീക്ഷതിലും കൂടുതലാണ്. മൂന്നാം പാദത്തിൽ കമ്പനി വരുമാനം 417 ബില്യൺ റിയാലാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ കൊല്ലം മൂന്നാം പാദത്തിൽ സൗദി അറാംകൊ വരുമാനവും ലാഭവും വലിയ തോതിൽ വർധിച്ചിരുന്നു. റഷ്യയുടെ ഉക്രൈൻ യുദ്ധത്തിനു പിന്നാലെ എണ്ണ വില ബാരലിന് 100 ഡോളറിനടുത്തായി ഉയർന്നത് വരുമാനവും ലാഭവും വലിയ തോതിൽ ഉയർത്താൻ കമ്പനിയെ സഹായിച്ചു. 
ഈ വർഷം രണ്ടാം പാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തിൽ കമ്പനി ലാഭം 8.31 ശതമാനം തോതിൽ വർധിച്ചു. രണ്ടാം പാദത്തിൽ കമ്പനി ലാഭം 112.81 ബില്യൺ റിയാൽ (3,008 കോടി ഡോളർ) ആയിരുന്നു. ഈ വർഷം ആദ്യത്തെ ഒമ്പതു മാസക്കാലത്ത് സൗദി അറാംകൊ ലാഭം 27.46 ശതമാനം തോതിൽ കുറഞ്ഞു. ഒമ്പതു മാസത്തിനിടെ കമ്പനി 354.54 ബില്യൺ റിയാൽ (9,454 കോടി ഡോളർ) ആണ് ലാഭം കൈവരിച്ചത്. കഴിഞ്ഞ കൊല്ലം ജനുവരി മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള ഒമ്പതു മാസക്കാലത്ത് കമ്പനി 488.78 ബില്യൺ റിയാൽ (13,034 കോടി ഡോളർ) ലാഭം നേടിയിരുന്നു. ക്രൂഡ് ഓയിൽ വില കുറഞ്ഞതും എണ്ണ സംസ്‌കരണ, പെട്രോകെമിക്കൽ മേഖലയിൽ നിന്നുള്ള ലാഭം കുറഞ്ഞതും ഈ വർഷം കമ്പനി കൈവരിച്ച ആകെ ലാഭത്തെ ബാധിച്ചു.
 

Latest News