Sorry, you need to enable JavaScript to visit this website.

ഉറങ്ങിക്കിടന്ന അമ്മയ്ക്കരികില്‍ നിന്നും  19 കാരി നവജാതശിശുവിനെ മോഷ്ടിച്ച് കടന്നു

റിയോ ഡി ജനീറോ-ഉറങ്ങിക്കിടന്ന അമ്മയ്ക്ക് അരികില്‍ നിന്നും നവജാത ശിശുവിനെ മോഷ്ടിച്ച് കടന്നുകളഞ്ഞ 19 കാരി പിടിയില്‍. ബ്രസീലിലെ റിയോ ഡി ജനീറോയിലെ മുനിസിപ്പല്‍ ആശുപത്രിയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഉറങ്ങിക്കിടന്ന അമ്മയ്ക്ക് അരികില്‍ നിന്നും യുവതി കുഞ്ഞിനെ മോഷ്ടിച്ച് കടന്നത്. വലിയ ബാഗിനുള്ളില്‍ ആക്കിയാണ് കുഞ്ഞിനെ യുവതി ആശുപത്രിയില്‍ നിന്നും കടത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ കണ്ടെത്തിയ പോലീസ് കുഞ്ഞിനെ രക്ഷിതാക്കള്‍ക്ക് തിരികെ ഏല്‍പ്പിച്ചു.
ബ്രസീല്‍ സ്വദേശികളായ നിവിയ റബെലോയുടെയും ഭര്‍ത്താവ് മാത്യൂസ് കുന്‍ഹയുംടെയും കുഞ്ഞിനെയാണ് തട്ടിക്കൊണ്ടു പോയത്. ക്യൂനെ മലക്യാസ് എന്ന 19 കാരിയാണ് ആശുപത്രികുള്ളില്‍ കയറി കുഞ്ഞിനെ മോഷ്ടിച്ചത്. കുഞ്ഞിനെ നഷ്ടമായി എന്ന് അറിഞ്ഞ ഉടന്‍തന്നെ മാതാപിതാക്കള്‍ ആശുപത്രി അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ രീതിയില്‍ ഒരു യുവതി ആശുപത്രിയിലേക്ക് വലിയൊരു ബാഗുമായി വരുന്നതും അധികം വൈകാതെ തന്നെ പുറത്തേക്ക് പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് യുവതിയുടെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോള്‍, കുഞ്ഞ് വീട്ടിലുണ്ടായിരുന്നു. ബുധനാഴ്ച രാവിലെ 9 മണിയോടെ കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് തിരികെ ഏല്‍പ്പിച്ചു.
19 കാരിയായ പെണ്‍കുട്ടിക്കെതിരെ കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് പോലീസ് കേസെടുത്തു. ക്യൂനെ മലക്യാസ് കുട്ടിയെ തട്ടിക്കൊണ്ട് പോകാനായി ആശുപത്രി വാര്‍ഡില്‍ കയറുമ്പോള്‍ അവിടെ മറ്റ് നാല് നവജാത ശിശുക്കളും അവരുടെ അമ്മമാരും ഉണ്ടായിരുന്നു. എല്ലാവരും നല്ല ഉറക്കമായിരുന്നതിനാല്‍ കുഞ്ഞിനെ തട്ടിയെടുത്ത വിവരം ആരും അറിഞ്ഞില്ല. പിന്നീട് ഉറക്കം ഉണര്‍ന്നപ്പോഴാണ് കുഞ്ഞ് അരികില്‍ ഇല്ലെന്ന് അമ്മ തിരിച്ചറിയുന്നത്. അപകടങ്ങള്‍ ഒന്നും കൂടാതെ കുഞ്ഞിനെ തിരികെ കിട്ടിയ സന്തോഷത്തിലാണ് ഇപ്പോള്‍ നിവിയ റബെലോയും ഭര്‍ത്താവ് മാത്യൂസ് കുന്‍ഹയും.

Latest News