Sorry, you need to enable JavaScript to visit this website.

നിലപാട് കടുപ്പിച്ച് തുര്‍ക്കി, ഇസ്രായിലിലെ അംബാസഡറെ തിരിച്ചുവിളിച്ചു

ഇസ്താംബൂള്‍- ഗാസയിലെ രക്തച്ചൊരിച്ചിലില്‍ പ്രതിഷേധിച്ച് ഇസ്രായിലിലെ തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിക്കുന്നതായും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള ബന്ധം വിച്ഛേദിക്കുന്നതായും തുര്‍ക്കി അറിയിച്ചു.
പശ്ചിമേഷ്യന്‍ സന്ദര്‍ശിക്കുന്ന യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ തുര്‍ക്കി സന്ദര്‍ശനം ദുഷ്‌കരമായിരിക്കുമെന്ന സൂചന നല്‍കുന്നതാണ് തീരുമാനം. നാളെയാണ് ബ്ലിങ്കന്‍ അങ്കാറയിലെത്തുക.
കഴിഞ്ഞ മാസം ഇസ്രായില്‍-ഹമാസ് യുദ്ധം ആരംഭിക്കുന്നത് വരെ തുര്‍ക്കിയും ഇസ്രായിലുമായുള്ള  ബന്ധം സുഗമമായിരുന്നു. എന്നാല്‍ യുദ്ധം രൂക്ഷമാകുകയും ഫലസ്തീന്‍ സിവിലിയന്‍മാര്‍കൂട്ടക്കൊലക്ക് ഇരയാകുകയും ചെയ്തതോടെ ഇസ്രായിലിനും പിന്തുണക്കുന്ന അമേരിക്ക അടക്കമുള്ള രാജ്യക്കാര്‍ക്കുമെതിരെ ശക്തമായ സ്വരത്തിലാണ് തുര്‍ക്കി സംസാരിക്കുന്നത്.
സിവിലിയന്മാര്‍ക്കെതിരെ ഇസ്രായില്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളും വെടിനിര്‍ത്തല്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചതും മൂലം ഗാസയില്‍ അരങ്ങേറുന്ന മാനുഷിക ദുരന്തം കണക്കിലെടുത്താണ് അംബാസഡര്‍ സാക്കിര്‍ ഒസ്‌കാന്‍ ടൊറുണ്‍ലറിനെ കൂടിയാലോചനകള്‍ക്കായി തിരിച്ചുവിളിക്കുന്നതെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 

 

Latest News