Sorry, you need to enable JavaScript to visit this website.

ബെയ്റ്റാർ -വംശവെറിയുടെ കളിത്തട്ട്

ബെയ്റ്റാർ ക്ലബ്ബിൽ ആരാധകരുടെ പരിഹാസത്തിനിരയായ ചെചൻ കളിക്കാർ
ചെചൻ കളിക്കാരനെ കളിപ്പിച്ചതിന്റെ പേരിൽ ആരാധകർ തീയിട്ട ബെയ്റ്റാർ ട്രോഫി മുറി. 

ഏറ്റവും ആരാധകരുള്ള കായിക വിനോദമായി ഫുട്‌ബോൾ മാറിയത് മൈതാനങ്ങളിൽ നടക്കുന്ന ആവേശ പോരാട്ടങ്ങളിലൂടെ മാത്രമല്ല, മനുഷ്യനെ  ചേർത്തുനിർത്തുന്ന മാനവികതയുടെ ഭാഷ അതിനുള്ളതു കൊണ്ട് കൂടിയാണ്. ആ മാനവികതക്ക് കടകവിരുദ്ധമാണ് വംശവെറി പ്രസരിപ്പിക്കുന്ന ഇസ്രായിൽ ക്ലബ്ബ് ബെയ്റ്റാർ ജെറുസലേം. വംശവെറിയും അപരവിദ്വേഷവും രാഷ്ട്രഘടനയുടെ അടിസ്ഥാനശിലയായ ഇസ്രായിൽ എന്ന രാജ്യത്തിന്  അലങ്കാരമാണ് ബെയ്റ്റാർ. 1936 ലാണ് ബെയ്റ്റാർ രൂപീകൃതമായത്. ക്ലബ്ബിന്റെ ആരാധക കൂട്ടായ്മയായ 'ലാ ഫാമിലിയ' എല്ലാ കാലവും ഇസ്രായിലിലെ രാഷ്ട്രീയ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാറുണ്ട്. സയണിസ്റ്റുകൾ പടച്ചുവിട്ട അന്ധമായ അറബ്  മുസ്ലിം വിരോധം 'ലാ ഫാമിലിയ' ഗാലറികളിൽ ഏറ്റെടുത്തു. സയണിസ്റ്റ് മൂവ്‌മെന്റുകളെയും വലതുപക്ഷ രാഷ്ട്രീയത്തെയും അന്ധമായി പിന്തുണച്ചു. ഇസ്രായിലി പ്രീമിയർ ലീഗ്, സൂപ്പർ കപ്പ്, മേജർ കപ്പ് തുടങ്ങിയ വലിയ ചാമ്പ്യൻഷിപ്പുകളിലൊക്കെ ജേതാക്കളായെങ്കിലും വംശവെറിയാണ് ക്ലബ്ബിനെ വേറിട്ടുനിർത്തിയത്. ക്ലബ്ബിൽ അറബ് മുസ്ലിം വംശജർ കളിച്ചിട്ടില്ല എന്നത് അവർ മേന്മയായി പ്രഖ്യാപിക്കുന്നു.


2013ൽ റഷ്യൻ ക്ലബ്ബ് ടെറക് ഗ്രോസ്‌നിയിൽനിന്ന് ചെച്‌നിയൻ മുസ്ലിം കളിക്കാരായ സൗർ ഉമറോവിച്ച് സദയേവിനെയും ജിബ്‌രീൽ ഖാദിയേവിനെയും ബെയ്റ്റാർ ടീമിലെടുത്തത് 'ലാ ഫാമിലിയ'യെ ഞെട്ടിച്ചു. കാലങ്ങളായി ക്ലബ്ബിനെ ബാധിച്ച വംശവെറിക്ക് അറുതി വരുത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ തീവ്ര വംശീയവാദികളായ ആരാധകർ അടങ്ങിയിരുന്നില്ല. ജൂതപാരമ്പര്യം പേറുന്ന മെനോറ ചിഹ്നം അടയാളപ്പെടുത്തിയ ബെയ്റ്റാറിന്റെ മഞ്ഞയും കറുപ്പും ജഴ്‌സി മുസ്‌ലിം കളിക്കാർ അണിയുന്നത് അവർക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു. സദയേവും ഖാദിയേവും ക്ലബ്ബിനൊപ്പം ആദ്യ  പരിശീലനത്തിന് ഇറങ്ങിയത് മുതൽ പരിഹാസം നേരിട്ടു. 2014 മാർച്ചിൽ ബെയ്റ്റാറിന്റെ തട്ടകമായ ടെഡി സ്‌റ്റേഡിയത്തിൽ നടന്ന ഇസ്രായിലി പ്രീമിയർ ലീഗ് മത്സരത്തിൽ മക്കാബി നെതാന്യയുമായുള്ള അവരുടെ മത്സരം കാണാൻ ഇസ്രായിൽ രാഷ്ട്രീയത്തിലെ പ്രമുഖരുൾപ്പെടെ വൻ ജനാവലിയെത്തി. ഗോൾരഹിതമായി നീങ്ങുന്ന മത്സരത്തിന്റെ 47ാം മിനിറ്റിൽ ഉമറോവിച്ച് സദയേവ് സ്‌കോർ ചെയ്തു. ബെയ്റ്റാറിന് ആഘോഷമാവേണ്ടതായിരുന്നു ആ ഗോൾ.  എന്നാൽ മുസ്ലിമായ സദയേവിന്റെ ഗോൾ 'ലാ ഫാമിലിയ'ക്ക് അംഗീകരിക്കാനായില്ല. അവർ കൂട്ടത്തോടെ പുറത്തേക്ക് ഒഴുകി. ജെറൂസലേം നഗരത്തിലെ ബെയ്റ്റാറിന്റെ ഓഫീസുകൾക്ക് തീയിട്ടു. സദയേവും ഖാദിയേവും അധികം വൈകാതെ ബെയ്റ്റാർ വിട്ടു. 


2020ൽ അബുദാബി രാജകുടുംബാംഗമായ ശൈഖ് അഹമ്മദ് ബിൻ ഖലീഫ അൽ നെഹ്‌യാൻ ഒമ്പത് കോടി ഡോളർ മുടക്കി ബെയ്റ്റാറിന്റെ പകുതി ഓഹരി വാങ്ങി. അതോടെ ആരാധകർ  വീണ്ടും പ്രതിഷേധവുമായി തെരുവിലിറങ്ങി. തങ്ങളുടെ വംശീയ ബോധത്തിന് അറബികളെയും മുസ്ലിംങ്ങളെയും ഒരിക്കലും ഉൾക്കൊള്ളാൻ ആവില്ലെന്നത് എല്ലാ കാലവും സയണിസ്റ്റുകളുടെ നിലപാടാണല്ലോ. ഫുട്‌ബോളിലും മറിച്ചൊന്ന് അവർക്ക് ഊഹിക്കാനാവില്ല.

Latest News