Sorry, you need to enable JavaScript to visit this website.

കാൽപന്തുത്സവത്തിന് സൗദി ഒരുങ്ങുമ്പോൾ....

2018 ലെ ലോകകപ്പ് ഉദ്ഘാടന വേദിയിൽ ഫിഫ പ്രസിഡന്റിനും റഷ്യൻ പ്രസിഡന്റിനുമൊപ്പം കിരീടാവകാശി.
2018 ലെ ലോകകപ്പ് ഉദ്ഘാടന വേദിയിൽ ഫിഫ പ്രസിഡന്റിനും റഷ്യൻ പ്രസിഡന്റിനുമൊപ്പം കിരീടാവകാശി.
2018 ലെ ലോകകപ്പ് ഉദ്ഘാടന വേദിയിൽ ഫിഫ പ്രസിഡന്റിനും റഷ്യൻ പ്രസിഡന്റിനുമൊപ്പം കിരീടാവകാശി.

അറബ് മണ്ണിൽ വീണ്ടും കാൽപന്ത് മാമാങ്കത്തിന് അരങ്ങുണരുകയാണ്. ലോകകപ്പ് സൗദിയിലെത്തുന്നതിന്റെ അന്തർധാരകൾ. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനൊയുടെയും ശ്രമങ്ങൾ, ഉയർന്നുവരാവുന്ന ആരോപണങ്ങൾ... 

ഫുട്‌ബോൾ ചരിത്രത്തിലെ, ലോകകപ്പിന്റെ ചരിത്രത്തിലെ നിർണായക വാരമാണ് കടന്നുപോയത്. ലോക സ്‌പോർട്‌സിലെ ഏറ്റവും ശക്തരമായ രണ്ടു പേർ കൈകോർത്തപ്പോൾ സൗദി അറേബ്യയിലേക്ക് 2034 ലെ ലോകകപ്പ് കടന്നുവരികയാണ്. സൗദി കായികരംഗം അടിമുടി മാറ്റിമറിച്ച് ലോകത്തെ വിസ്മയിപ്പിക്കുകയാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ഗൾഫ് രാജ്യങ്ങളെ ലോക ഫുട്‌ബോളിലെ സ്വാധീനശക്തിയാക്കാൻ എല്ലാ പിന്തുണയും നൽകുകയാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനൊ. ഈ രണ്ടു പേർ തമ്മിലുള്ള സമവാക്യമാണ് 2034 ലെ ലോകകപ്പ് വേദി നിശ്ചയിക്കുന്നതിൽ നിർണായകമായത്. 

 സൗദി മാത്രം
ആദ്യം ഇന്തോനേഷ്യയും പിന്നാലെ ഓസ്‌ട്രേലിയയും പിന്മാറിയതോടെ 2034 ലെ ലോകകപ്പ് വേദിക്കായി സൗദി അറേബ്യ മാത്രമേ രംഗത്തുള്ളൂ. ലോകത്തിലെ ഏറ്റവുമധികം പേർ വീക്ഷിക്കുന്ന കായിക മാമാങ്കത്തിന്റെ വേദി നിശ്ചയിക്കുന്നതിൽ മത്സരം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഫിഫ. ഏതാണ്ട് പൂർണമായും നികുതി ഒഴിവായി ആയിരം കോടി ഡോളർ ഫിഫക്ക് വരുമാനമുണ്ടാക്കുന്ന ഉൽപന്നമാണ് ലോകകപ്പ്. 
2017 മുതൽ ഇൻഫാന്റിനോക്ക് സൗദി ഭരണ നേതൃത്വവുമായി അടുത്ത ബന്ധമുണ്ട്. ആ വർഷം ഡിസംബറിലാണ് ഇൻഫാന്റിനൊ ആദ്യമായി സൽമാൻ രാജാവിനെ സന്ദർശിച്ചത്. പിന്നീട് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി അദ്ദേഹം അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നു. ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച അറബ് ഉച്ചകോടിയിലും ഇസ്രായിൽ-യു.എ.ഇ ബന്ധം പുനഃസ്ഥാപിച്ച വേളയിലും സാക്ഷികളിലൊരാളായി ഫിഫ പ്രസിഡന്റുണ്ടായിരുന്നു. 

വിഷൻ 2030
കിരീടാവകാശിയുടെ വിഷൻ 2030 ൽ സ്‌പോർട്‌സിന് കാര്യമായ സ്ഥാനമുണ്ട്. 2021 നു ശേഷം സൗദി അറേബ്യ സ്‌പോർട്‌സിൽ അദ്ഭുതപ്പെടുത്തുന്ന രീതിയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ന്യൂകാസിലിനെ വാങ്ങുകയും ആദ്യ സീസണിൽ തന്നെ അവർക്ക് ചാമ്പ്യൻസ് ലീഗിൽ സ്ഥാനം നേടിക്കൊടുക്കുകയും ചെയ്തു. ലോകകപ്പ് ഫുട്‌ബോളും ലോകകപ്പ് ക്രിക്കറ്റും സ്‌പോൺസർ ചെയ്തു. ക്രിസ്റ്റിയാനൊ റൊണാൾഡോയുൾപ്പെടെ താരനിരയെ സൗദി ലീഗിലെത്തിച്ചു. എന്തിന്റെയും ഏതിന്റെയും  കേന്ദ്രമായി സൗദിയെ മാറ്റാനാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ശ്രമിക്കുന്നതെന്ന് മിഡിലീസ്റ്റ് വിഷയങ്ങളിൽ പണ്ഡിതനായ ജെയിംസ് ഡോർസി പറയുന്നു. 
അതുപോലെ വലിയ സ്വപ്‌നങ്ങൾ കൊണ്ടുനടക്കുന്നയാളാണ് ഇൻഫാന്റിനൊ. അദ്ദേഹത്തിന്റെ പല ആശയങ്ങളും നടക്കാതെ പോയി. സൗദി പിന്തുണയുള്ള പുതിയ ടൂർണമെന്റുകൾ, 2022 ലെ ലോകകപ്പിൽ 48 ടീമുകൾ, ഖത്തർ ലോകകപ്പിലെ ചില മത്സരങ്ങൾ അയൽരാജ്യങ്ങളിൽ സംഘടിപ്പിക്കുക, രണ്ടു വർഷത്തിലൊരിക്കൽ ലോകകപ്പ് നടത്തുക തുടങ്ങി പല പദ്ധതികളും വലിയ എതിർപ്പ് ക്ഷണിച്ചു വരുത്തി.

ചൈനീസ് സ്വപ്നം
2030 ലെ ലോകകപ്പ് ചൈനയിൽ നടത്താനുള്ള ചരടുവലികൾ ഇൻഫാന്റിനൊ ആരംഭിച്ചിരുന്നു. 2019 ലായിരുന്നു ഇത്. അപ്പോഴാണ് കോവിഡ് എല്ലാം തകിടം മറിച്ചത്. 2021 ൽ പുതിയ രീതിയിലുള്ള ക്ലബ്ബ് ലോകകപ്പിന് ചൈനയിൽ തുടക്കമിടാനുള്ള ശ്രമം ഫിഫ ഉപേക്ഷിച്ചു. മാത്രമല്ല, 2030 ൽ ലോകകപ്പ് നടത്താനുള്ള ഊഴം യൂറോപ്പിന്റേതാണ്. 2018 ൽ റഷ്യയും 2022 ൽ ഖത്തറും 2026 ൽ വടക്കെ അമേരിക്കയിലുമാണ് ടൂർണമെന്റ്. 
മൂന്നു രാജ്യങ്ങളുടെ പദ്ധതിയായാണ് 2034 ലെ വേദിക്കായുള്ള ശ്രമം ആരംഭിച്ചത്. സൗദിയും ഈജിപ്തും ഗ്രീസും. 2022 ഓഗസ്റ്റിൽ ഗ്രീക്ക് പ്രധാനമന്ത്രി ഫിഫ പ്രസിഡന്റിനെ കണ്ടു. എന്നാൽ ക്രമേണ ഈ പദ്ധതി മങ്ങി. ഗ്രീസ് പിന്മാറി. 2030 ലെ ലോകകപ്പ് ചട്ടം പ്രഖ്യാപിക്കുന്നത് ഫിഫ നീട്ടി വെച്ചു. ജൂണിൽ നടക്കേണ്ട യോഗം ഒക്ടോബർ നാലിനാണ് ഓൺലൈനായി നടന്നത്. മുപ്പത്തേഴംഗ ഫിഫ കൗൺസിൽ ആറ് രാജ്യങ്ങൾക്കായി 2030 ലെ ലോകകപ്പ് അനുവദിച്ചു. എതിരില്ലാതെ ആ പദ്ധതി ഫിഫ അംഗീകരിച്ചു. 2034 ലെ ലോകകപ്പ് വേദിക്കായി ഏഷ്യക്കും ഓഷ്യാനക്കും അവസരം നൽകി. 

എല്ലാം പെട്ടെന്ന്
2034 ലെ ലോകകപ്പ് വേദിക്കായി മുന്നോട്ടുവരാൻ താൽപര്യമുള്ള രാജ്യങ്ങൾക്ക് ഫിഫ അനുവദിച്ചത് വെറും 27 ദിവസമാണ്. തുടർന്ന് കരാറൊപ്പിടാൻ ഒരു മാസവും. എന്നാൽ ഫിഫ തീരുമാനം വന്ന് മണിക്കൂറുകൾക്കകം സൗദി തീരുമാനം പ്രഖ്യാപിച്ചു. സൗദിക്ക് എതിരാളികളാവാൻ സാധ്യതയുണ്ടായിരുന്നത് ഓസ്‌ട്രേലിയയാണ്. എന്നാൽ സൗദി മുന്നോട്ടുവന്ന ഉടനെ ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ (എ.എഫ്.സി) അവർക്ക് പിന്തുണ പ്രഖ്യാപിച്ചു. എ.എഫ്.സിയിലെ 47 രാജ്യങ്ങളിൽ ഓസ്‌ട്രേലിയയും അംഗമാണ്. അവർ അമ്പരന്നു. അവർക്ക് പരാജയം സമ്മതിക്കാതെ വഴിയില്ലായിരുന്നു. 
ആദ്യം ഓസ്‌ട്രേലിയക്കും സിംഗപ്പൂരിനും മലേഷ്യക്കുമൊപ്പം ലോകകപ്പ് നടത്താനുള്ള പദ്ധതിയുമായി വന്ന ഇന്തോനേഷ്യ പൊടുന്നനെ മലക്കം മറിയുകയും സൗദിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഓസ്‌ട്രേലിയക്കും പിന്മാറാതെ വഴിയില്ലാതായി. പകരം 2029 ലെ ക്ലബ്ബ് ലോകകപ്പിന്റെയും 2026 ലെ വനിതാ ഏഷ്യാ കപ്പിന്റെയും ആതിഥേയത്വത്തിന് ശ്രമിക്കാൻ അവർ തീരുമാനിച്ചു. 
സൗദിയുടേത് ഉറച്ച ശ്രമമാണെന്നും അതിനോട് മത്സരിക്കാനാവില്ലെന്നും ഫുട്‌ബോൾ ഓസ്‌ട്രേലിയ സി.ഇ.ഒ ജെയിംസ് ജോൺസൺ പറഞ്ഞു. അവരുടെ സർക്കാർ അടിമുടി ഈ ശ്രമത്തിനൊപ്പമുണ്ട്. ഫുട്‌ബോളിൽ വൻ നിക്ഷേപം അവരുടെ മുൻഗണനയാണ് -അദ്ദേഹം പറഞ്ഞു. 

സൗദി ഒരുങ്ങി
2034 ലെ ലോകകപ്പ് വേദി ഇത്ര നേരത്തെ പ്രഖ്യാപിക്കേണ്ടതില്ല. വേദികൾ തീരുമാനിച്ചത് അടുത്ത വർഷം അവസാനത്തോടെയേ ഫിഫ അന്തിമമായി തീരുമാനിക്കുകയുമുള്ളൂ. പക്ഷെ 2030 ലെയും 2034 ലെയും ലോകകപ്പുകൾ ആര് നടത്തുമെന്നതിനെക്കുറിച്ച് ഇപ്പോൾ ആർക്കും സംശയമില്ല. ഫിഫ പ്രസിഡന്റും സൗദി സോക്കർ ഫെഡറേഷൻ പ്രസിഡന്റ് യാസിൽ അൽമിശ്അലും അക്കാര്യം വ്യക്തമാക്കിക്കഴിഞ്ഞു. 
സ്‌പോർട്‌സ് കൊണ്ട് സൗദി അവിടത്തെ പോരായ്മകൾ മറച്ചുപിടിക്കുകയാണെന്നാണ് (സ്‌പോർട്‌സ് വാഷിംഗ്) പ്രധാന ആരോപണം. കിരീടാവകാശിയുമായുള്ള സെപ്റ്റംബറിലെ ഫോക്‌സ് ന്യൂസ് അഭിമുഖത്തിൽ ഇക്കാര്യം എടുത്തു ചോദിച്ചു. അതിന് ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം മറുപടി നൽകിയത്. 'ആ ആരോപണം ശ്രദ്ധിക്കുന്നേയില്ല. സ്‌പോർട്‌സ് വാഷിംഗ് കൊണ്ട് സൗദിയുടെ ആഭ്യന്തര ഉൽപാദനം ഒരു ശതമാനമെങ്കിലും വർധിക്കുമെങ്കിൽ അത് തുടർന്നു കൊണ്ടേയിരിക്കും'.
2027 ലെ ഏഷ്യൻ കപ്പ് സൗദിയിലാണ്. അതിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. 2029 ലെ വനിതാ ഏഷ്യാ കപ്പ് വേദിക്കായും സൗദി ശ്രമിക്കുന്നുണ്ട്. ലോകകപ്പിനായി വേണ്ടത് 14 സ്റ്റേഡിയങ്ങളാണ്. അതൊരു പ്രശ്‌നമാവില്ല. ഖത്തർ ലോകകപ്പ് കാലത്ത് പ്രധാനമായും ഉയർന്ന ആരോപണം അവിടത്തെ പ്രവാസികൾ നേരിടുന്ന പ്രയാസങ്ങളാണ്. സൗദിയിൽ 1.34 കോടി കുടിയേറ്റ തൊഴിലാളികളുണ്ട്. ലോകകപ്പിന് വേണ്ട എല്ലാ അടിസ്ഥാനസൗകര്യങ്ങളും നിർമിക്കേണ്ടത് അവരാണ്. അവരുടെ സംഘടനാ സ്വാതന്ത്ര്യം, തൊഴിൽ സാഹചര്യം, രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യം തുടങ്ങിയവ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടേക്കുമെന്ന് മനസ്സിലാക്കിത്തന്നെയാണ് സൗദി ഈ ദൗത്യം ഏറ്റെടുക്കുന്നത്. 
 

 

 

Latest News