Sorry, you need to enable JavaScript to visit this website.

ക്രൈസ്തവ സമൂഹത്തിന്റെ വളർച്ച ഇന്ത്യൻ ബഹുസ്വരതയുടെ അടയാളം -രാഷ്ട്രപതി

മമ്മിയൂർ ക്ഷേത്രത്തിലെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ക്ഷേത്രം ഭാരവാഹികൾ സ്വീകരിക്കുന്നു. 

തൃശൂർ- നാനാത്വത്തോടും ബഹുസ്വരതയോടുമുളള ഇന്ത്യയുടെ മാറ്റമില്ലാത്ത പ്രതിജ്ഞാബദ്ധതയുടെ അടയാളമാണ് കേരളത്തിലെ ക്രിസ്ത്യൻ സമൂഹമെന്നും, അതിന്റെ പാരമ്പര്യവും ചരിത്രവും രാജ്യത്തിന് അഭിമാനമേകുന്നതാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. തൃശൂർ സെന്റ് തോമസ് കോളേജിന്റെ ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിലെ തന്നെ ഏറെ പഴക്കമുളള ക്രിസ്ത്യൻ സമൂഹമാണ് കേരളത്തിലേത്. വിദ്യാഭ്യാസത്തിനും ശുശ്രൂഷയ്ക്കും പ്രാധാന്യം നൽകിയ സമൂഹം. ഈ  കീർത്തി മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചു. സത്യം നിങ്ങളെ സ്വാതന്ത്രമാക്കും എന്ന സെന്റ് തോമസ് കോളേജിന്റെ പ്രമാണവാക്യം തീർത്തും ഔചിത്യ പൂർണമാണ്. വിദ്യാഭ്യാസത്തിന്റെ യഥാർഥമൂല്യം പരീക്ഷകളിലും ബിരുദങ്ങളിലുമല്ലെന്നും അത് ഓർമപ്പെടുത്തുന്നു. സഹജീവികളെ സഹായിക്കാനും കീഴ്ത്തട്ടിലുളളവരെ പരിഗണിക്കാനും നാം പഠിക്കണം. വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ നിർമ്മിതിക്കൊരുങ്ങുമ്പോഴും നമ്മൾ സ്വപ്‌നം കണ്ട ഇന്ത്യയേയും കേരളത്തേയും വാർത്തെടുക്കുമ്പോഴും ഈ വാക്യങ്ങൾ നമുക്ക് മാർഗദർശനം നൽകണം -അദ്ദേഹം പറഞ്ഞു.
ഗവർണർ ജസ്റ്റിസ് പി.സദാശിവം അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പു മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ സംസാരിച്ചു. മേയർ അജിത ജയരാജൻ, സി.എൻ ജയദേവൻ എം.പി, തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഭാര്യ സവിത കോവിന്ദ്, ഗവർണർ ജസ്റ്റിസ് പി.സദാശിവത്തിന്റെ ഭാര്യ സരസ്വതി സദാശിവം എന്നിവർ സംബന്ധിച്ചു. സഹമെത്രാൻ മാർ ടോണി നീലങ്കാവിൽ സ്വാഗതം പറഞ്ഞു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ജില്ലാ കലക്ടർ ടി.വി.അനുപമ, സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര എന്നിവരും സംബന്ധിച്ചു.
രാവിലെ പതിനൊന്ന് മണിയോടെയാണ് കുട്ടനെല്ലൂർ ഹെലിപാഡിൽ രാഷ്ട്രപതി കൊച്ചിയിൽ നിന്നും ഹെലികോപ്ടറിൽ വന്നിറങ്ങിയത്. ജില്ലാ കലക്ടർ ടി.വി അനുപമ, തൃശൂർ റേഞ്ച് ഐ.ജി എം.ആർ അജിത്കുമാർ, മേയർ അജിത ജയരാജൻ, സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര എന്നിവർ രാഷ്ട്രപതിയേയും സംഘത്തേയും സ്വീകരിച്ചു. തുടർന്ന് കാർ മാർഗമാണ് തൃശൂർ സെന്റ് തോമസ് കോളേജിലെത്തിയത്. കനത്ത മഴ മൂലം ഗുരുവായൂരിലേക്കുളള രാഷ്ട്രപതിയുടെ യാത്ര റോഡ് മാർഗമാക്കി.  
ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ രാഷ്ട്രപതി രാംകോവിന്ദിനേയും ഭാര്യ സവിത കോവിന്ദിനേയും സബ് കലക്ടർ ഡോ.രേണുരാജ്, എ.ഡി.എം സി.ലതിക, ഗുരുവായൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ.ബി മോഹൻദാസ്, അഡ്മിനിസ്‌ട്രേറ്റർ എസ്.വി ശിശിധർ ഭരണസമിതി അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. 
തുടർന്ന് രാഷ്ട്രപതി കോവിന്ദും ഭാര്യയും കദളിപ്പഴം നെയ്‌വിളക്ക്, താമരപ്പൂക്കൾ, തെറ്റിപ്പൂക്കൾ എന്നിവ നേർന്നു. കാണിക്ക സമർപ്പിച്ചു. ഗവർണർ ജസ്റ്റിസ് പി.സദാശിവം, ഭാര്യ സരസ്വതി സദാശിവം, മന്ത്രി വി.എസ് സുനിൽകുമാർ, തൃശൂർ റേഞ്ച് ഐ.ജി എം.ആർ അജിത്കുമാർ എന്നിവരും രാഷ്ട്രപതിയെ അനുഗമിച്ചു.
മമ്മിയൂർ ക്ഷേത്രത്തിലെത്തിയെ രാഷ്ട്രപതിയേയും ഭാര്യയേയും മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു സ്വീകരിച്ചു. 
 

Latest News