Sorry, you need to enable JavaScript to visit this website.

ഒരു നിശ്ചയവുമില്ലാത്ത കാലം


'റോമാ നഗരം വെന്തെരിയുമ്പോൾ നീറോ ചക്രവർത്തി' വീണ വായിക്കുകയായിരുന്നു എന്ന വിവരം നന്നായി അറിയുന്ന നേതാവാണ് സുധാകര ഗുരുക്കൾ. പിണറായി വിജയനെ 'അഭിനവ നീറോ' എന്നു വിളിക്കാൻ ഒട്ടും അമാന്തിച്ചില്ല. 'കേരളീയം' ആഘോഷിക്കുമ്പോൾ മറ്റൊന്നും വിളിക്കാനില്ല. ആദ്യം മനസ്സിൽ തോന്നിയതു വിളിച്ചു; അത്ര തന്നെ. നീറോയുടെ മറ്റു ദുർഗുണങ്ങൾ കൂടി അറിഞ്ഞിട്ടാണോ ആ 'പദവി' നൽകിയതെന്നറിയില്ല. അറിഞ്ഞിട്ടാണെങ്കിൽ കടന്ന കൈ ആയിപ്പോയി. 'വല്യേട്ടൻ പാർട്ടി'യുടെ അനിഷേധ്യ നേതാവിനും അക്കാര്യം അറിയില്ലെന്നു തോന്നുന്നു. ഒരു മാനനഷ്ടക്കേസിന് നല്ല 'സ്‌കോപ്പുള്ള' ഐറ്റമായിരുന്നു.
ഗുരുക്കൾ  എന്നും ഉണരുന്നതു തന്നെ പിണറായിക്കിട്ട് ഒന്നു കൊടുക്കാൻ വേണ്ടിയാണെന്നത് പ്രസിദ്ധം. പക്ഷേ തലസ്ഥാനത്ത് 27 കോടി രൂപ മുടക്കി സർക്കാർ 'കേരളീയം മാമാങ്കം' നടത്തുന്നതിനെ കയറി പിടിച്ചിട്ടു കാര്യമില്ല. മകൾക്കു തുല്യം കരുതി വനിതാ ജേണലിസ്റ്റിന്റെ തോളിൽ പിടിച്ച സുരേഷ് ഗോപിയെപ്പോലെയല്ല ഗുരുക്കൾ. അദ്ദേഹം കണക്കു നിരത്തിയാണ് സംസാരം. കവടി നിരത്താൻ അറിയില്ല; ഭാഗ്യം! ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം' എന്നു പറഞ്ഞതുപോലെയല്ല ഗുരുക്കളുടെ പോക്ക്. ആനവണ്ടി ജീവനക്കാർക്കു ശമ്പളം കൊടുക്കാൻ പണമില്ല. നാളെ നല്ല ചോറുണ്ണുവാൻ ഇന്നു നെല്ലു സംഭരിക്കണമെന്നു പറഞ്ഞാൽ ധനമന്ത്രി രണ്ടു കൈയും മലർത്തും.  എന്നാൽ തട്ടിപ്പു സൊസൈറ്റികൾക്കു ധനസഹായം നൽകാൻ തയാറാണുതാനും, വിരോധമില്ല. ഉണ്ടായിട്ടും കാര്യമില്ല. എതിർക്കുന്തോറും പക്ഷപാതം കൂടും. 'പ്രസവിക്കുന്തോറും യൗവ്വനം വർധിക്കുന്നു' എന്ന ആയുർവേദ പരസ്യം പോലെ. പക്ഷേ, തിരുവനന്തപുരത്തെ 'വെള്ളക്കെട്ട്' കണ്ടാൽ സർക്കാർ മൊത്തമായും കോർപറേഷൻ ചില്ലറയായും കണ്ണടയ്ക്കും. അത്യാവശ്യത്തിന് പഴയ പ്രസ്താവനകളുടെ ആയിരമോ പതിനായിരമോ കോപ്പി പുറത്തിറക്കും; ഉള്ളടക്കം ചരിത്രപരമായി സമ്പന്നമാണ്, സത്യവുമാണ്. സർ സി.പിയുടെ കാലം തൊട്ടേ വെള്ളപ്പൊക്കമുണ്ടായിരുന്നു.
പട്ടം താണുപിള്ളയും ആർ. ശങ്കറും കരുണാകരനും ഭരിച്ചപ്പോഴും വെള്ളം കയറിയിരുന്നു. (അച്യുതാനന്ദന്റെ പേര് സൗകര്യപൂർവം ഒഴിവാക്കിയിട്ടുണ്ട്. ഇനിയും വിഭാഗീയത താങ്ങാൻ ശേഷിയില്ല.) പകരം ഉമ്മൻചാണ്ടിയുടെ പേര് മറക്കാതെ ചേർക്കുന്നതിൽ ആർക്കും വിരോധവുമില്ല. എന്നാൽ, സുധാകര ഗുരുക്കൾ മേൽപറഞ്ഞ വെള്ളപ്പൊക്കത്തെ നേരിട്ടു കണ്ടത് കഴിഞ്ഞ മാസം മാത്രമാണ്. അറേബ്യൻ കടൽ വീട്ടിനകത്ത് കയറി വന്നുവെന്നാണ് ആദ്യം കരുതിയത്. പിന്നെയാണ് തന്റെ താമസം പേട്ടയിലാണെന്നും 'ആമയിഴഞ്ചാൻ തോടും' കഴക്കൂട്ടം ബൈപാസും തമ്മിൽ മുന്നണിയുണ്ടാക്കിയിട്ടുണ്ടെന്നും മനസ്സിലായത്.
ഏതായാലും 'കേരളീയം' പൊടിപൊടിച്ചു. പൊടിപടലത്തിൽപെട്ടു ഘടകകക്ഷികൾ കണ്ണുകാണാതെ കൈപൊക്കും. അത് മുഖ്യമന്ത്രിക്കുള്ള പിന്തുണയായി വ്യാഖ്യാനിക്കപ്പെടും. ആറുവേദികളിലായി നടക്കുന്ന പുഷ്‌പോത്സവത്തിൽ വല്യേട്ടൻ ആനന്ദ പുഷ്പസാഗരത്തിൽ ആറാടും. ഗുരുക്കളുടെ മനസ്സമാധാനം ഇനിയും അകലെയാകും!
****                        ****                             ****
'ഇ.ഡിയെ പേടിച്ചാരും നേർവഴി നടപ്പീല' എന്നാണ് നാട്ടുനടപ്പ്. 'സിറ്റിംഗ് ജഡ്ജി'യെയും സി.ബി.ഐയെയും കടത്തിവെട്ടി ഇപ്പോൾ 'റേറ്റിംഗി'ൽ ടോപ്പ് ആണ് ഇ.ഡി. എപ്പോൾ ഇടിക്കൊള്ളും എന്ന ഭയത്തിലാണ് ഓരോ പ്രതിപക്ഷ നേതാവും. ഏറ്റവും ഒടുവിൽ വി.എസ്. ശിവകുമാറിനു കിട്ടി. അടുത്തത് ആരെന്ന ആകാംക്ഷ നിമിത്തം ഇന്ദിരാഭവനിൽ മുമ്പത്തെപ്പോലെ കടക്കാൻ ആളില്ല. റോഡിന് ഇരുവശത്തും പാത്തും പതുങ്ങിയും നിന്ന് നോക്കും, എന്നിട്ടു മടങ്ങും. ഇങ്ങനെ പോയാൽ അതു നാളത്തെ 'ആചാര'മാകാം! രാജസ്ഥാനിലും തമിഴ്‌നാട്ടിലുമായി ഇ.ഡി വരുത്തുന്ന വിന ചില്ലറയല്ല. ആരും കടന്നു കയറാൻ മടിക്കുന്ന പശ്ചിമബംഗാളിലും കയറിക്കഴിഞ്ഞു. ഇ.ഡിക്കെന്ത് ഘോരവനം? അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള ഗുസ്തി തുടരുമ്പോൾ തന്നെ, ഇ.ഡി സ്ഥലം പി.സി.സി പ്രസിഡന്റും ശിഷ്ടം പതിനൊന്നുപേരും താമസിക്കുന്ന ഇടങ്ങളിലാണ് കടന്നുകയറിയത്. ചരിത്രത്തിൽ ഇതിനുമുമ്പ് 'കൊറോണ'യ്ക്ക് മാത്രം കഴിഞ്ഞ കാര്യം! മനസ്സിൽ കളങ്കമില്ലാത്ത  72 കാരൻ ഗെഹ്‌ലോട്ടിനു കസേര 'ഹൽവ' പോലെ പ്രിയംകരം. 46 കാരനായ സച്ചിൻ പൈലറ്റിന്റെ കാര്യം മല്ലികാബാണൻ തിരിച്ചറിയുന്നുമില്ല. ്ഉണ്ടവനറിയാമോ ഉണ്ണാത്തവന്റെ വേദന' എന്നു പഴമൊഴി. ഏറ്റവുമൊടുവിൽ വാർത്തകളിൽ കാണുന്നത് വീണ്ടും 20 പേർ കോൺഗ്രസു വിട്ട് ബി.ജെ.പിയിലേക്കു ചേക്കേറി എന്നത്രേ! ഇക്കണക്കിന് അടുത്ത വർഷം മാർച്ചിനു മുമ്പേ ഇരുപാർട്ടികളെയും തിരിച്ചറിയാൻ വയ്യാതാകും. 'ആയാറാം ഗയാറാം' രാഷ്ട്രീയ നാടകം! ഇതിനിടയിൽ 'മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടുപോയി' എന്നു പറഞ്ഞതുപോലെ സീറ്റുകൾ സിനിമാ താരങ്ങളും സമുദായ നേതാക്കളും പങ്കിട്ടെടുത്ത് ആസ്വദിക്കും. അതങ്ങനെയല്ലേ വരൂ!
കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ! തെലങ്കാനയിൽ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ഇരുന്നരുളുന്ന (സിറ്റിംഗ് സീറ്റ് എന്ന് ആംഗലം) സീറ്റു തന്നെ വേണമെന്ന് കേരളത്തിലെ വല്യേട്ടൻ പാർട്ടി. അടുത്ത പ്രധാനമന്ത്രി സ്ഥാനം തന്നെ ഇടയ്‌ക്കൊക്കെ സ്വപ്നം കാണാറുള്ള ചന്ദ്രശേഖര റാവുമായി പിണങ്ങിപ്പിരിഞ്ഞ ശേഷമാണ് വല്യേട്ടൻ കോൺഗ്രസിന്റെ മുന്നിലെത്തിയത്. എങ്കിലും 'ഡിമാന്റ്' കടന്നുപോയി. ആനമെലിഞ്ഞെന്നു കരുതി........
****                         ****                      ****
ജെ.ഡി.എസ് സംസ്ഥാന പാർട്ടിയായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് മന്ത്രി കൃഷ്ണൻകുട്ടി വെളിപ്പെടുത്തിയതോടെ കേരളത്തിന്റെ മുകളിൽ പാറി നടന്ന കാർമേഘങ്ങൾ ഒഴിഞ്ഞു. ഇനി മന്ത്രിക്കസേര ഒഴിയേണ്ടിവരില്ല. എല്ലാവരും ഇതുപോലെ കൊച്ചു കൊച്ചു പാർട്ടികളായിരുന്നെങ്കിൽ ലോകം എത്ര സമാധാനത്തോടെ കഴിയുമായിരുന്നു. എന്നും 'കുട്ടി'കളായിരിക്കുന്നതിനെക്കാൾ സുഖകരമായി മറ്റെന്തുണ്ട്? കൈയിൽ ഏതെങ്കിലും തരത്തിലുള്ള കളിപ്പാട്ടങ്ങൾ ഒപ്പം ഉണ്ടാകുക; തെരഞ്ഞെടുപ്പിനു മുമ്പായി അവ തന്നെ 'ചിഹ്ന'ങ്ങളായി അംഗീകാരം നേടുക; അതു തന്നെ സംഭവിച്ചാൽ ആനന്ദലബ്ധിക്കു പാൽ പ്രഥമൻ വേറെ വേണ്ട!
 

Latest News