Sorry, you need to enable JavaScript to visit this website.

അൽബാഹയിൽ വാഹനാപകടത്തിൽ അഞ്ചു പേർക്ക് പരിക്ക്

അൽബാഹ - അൽഅഖീഖ്, അൽബാഹ റോഡിൽ അല്ലഹ്‌യാനിലുണ്ടായ വാഹനാപകടത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. അപകടത്തെ കുറിച്ച് റെഡ് ക്രസന്റ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചയുടൻ രണ്ടു ആംബുലൻസ് സംഘങ്ങളെ സ്ഥലത്തേക്ക് അയച്ചു. റെഡ് ക്രസന്റ് ആംബുലൻസുകൾ എത്തുന്നതിനു മുമ്പായി പരിക്കേറ്റവരിൽ ഒരാളെ സൗദി പൗരന്മാരിൽ ഒരാൾ സ്വന്തം കാറിൽ ആശുപത്രിയിലേക്ക് നീക്കി. ശേഷിക്കുന്ന നാലു പേരെ റെഡ് ക്രസന്റ് ആംബുസൻസുകളിൽ അൽഅഖീഖ് ജനറൽ ആശുപത്രിയിലേക്ക് നീക്കി. 
പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ശേഷിക്കുന്നവർക്ക് ഇടത്തരം പരിക്കാണ് നേരിട്ടത്. കൺട്രോൾ റൂമിൽ വിവരം ലഭിച്ച് പത്തു മിനിറ്റിനകം റെഡ് ക്രസന്റ് സംഘങ്ങൾ അപകട സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. റെഡ് ക്രസന്റ് സെന്ററുകൾ പ്രവർത്തിക്കുന്ന നഗരങ്ങൾക്കു സമീപം സംഭവിക്കുന്ന അപകടങ്ങളിൽ പരിക്കേൽക്കുന്നവരെ സൗദി പൗരന്മാർ സ്വന്തം വാഹനങ്ങളിൽ ആശുപത്രികളിലേക്ക് നീക്കരുത്. 
ഇത്തരം സ്ഥലങ്ങളിലുണ്ടാകുന്ന അപകടങ്ങളിൽ കുറഞ്ഞ സമയത്തിനകം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്താൻ റെഡ് ക്രസന്റ് സംഘങ്ങൾക്ക് സാധിക്കും. പരിക്കുകളുടെ സ്വഭാവത്തിനനുസരിച്ച് ആവശ്യമായ പ്രാഥമിക ശുശ്രൂഷകൾ നൽകി പരിക്കേറ്റവരെ സുരക്ഷിത രീതിയിൽ ആശുപത്രിയിലെത്താൻ റെഡ് ക്രസന്റ് സംഘങ്ങൾക്കാണ് സാധിക്കുക. പരിക്കേറ്റവരെ തെറ്റായ രീതിയിൽ നീക്കുന്നത് ഗുരുതരമായ ആരോഗ്യ സങ്കീർണതകളിലേക്ക് നയിച്ചേക്കുമെന്നും റെഡ് ക്രസന്റ് മുന്നറിയിപ്പ് നൽകി. 

Latest News