Sorry, you need to enable JavaScript to visit this website.

ബൗളിംഗ് മെഷീൻ

ഈ ലോകകപ്പിൽ ഇന്ത്യയുടെ ബൗളിംഗ് കരുത്തറിയാൻ കളിക്കളത്തിലല്ല, പുറത്തേക്കാണ് നോക്കേണ്ടത്. ആർ. അശ്വിനും മുഹമ്മദ് ഷമിയും അക്ഷർ പട്ടേലുമാണ് പുറത്തിരിക്കുന്നത്. യുസ്‌വേന്ദ്ര ചഹലിനെ പോലൊരു സ്പിന്നർക്കും പ്രസിദ്ധ് കൃഷ്ണയെ പോലൊരു പെയ്‌സർക്കും പതിനഞ്ചംഗ ടീമിൽ പോലും സ്ഥാനം ലഭിച്ചില്ല. നാലു പേരെയും ഏതാണ്ടെല്ലാ ടീമും പ്ലേയിംഗ് ഇലവനിലേക്ക് ഇരുകൈകളും നീട്ടി സ്വീകരിക്കും. 
ലോകകപ്പിലെ ആദ്യ നാലു കളികളിലും ഇന്ത്യൻ ബൗളിംഗ് വേറിട്ടു നിന്നു. ആദ്യ കളിയിൽ ഓസ്‌ട്രേലിയയെ 199 ന് എറിഞ്ഞിട്ടു. രണ്ടാമത്തെ കളിയിൽ അഫ്ഗാനിസ്ഥാൻ മൂന്നിന് 184 ലെത്തിയതാണ്. അവരെ എട്ടിന് 272 ലൊതുക്കാൻ കഴിഞ്ഞു. മൂന്നാമത്തെ കളിയിൽ രണ്ടിന് 155 ൽ മുന്നേറുകയായിരുന്ന പാക്കിസ്ഥാനെ 191 ന് പുറത്താക്കി. 36 റൺസിനിടെ അവരുടെ എട്ടു വിക്കറ്റുകൾ നിലംപൊത്തി. നാലാമത്തെ മത്സരത്തിൽ ഓപണർമാർ ബംഗ്ലാദേശിന് നല്ല തുടക്കം നൽകിയതായിരുന്നു. പക്ഷെ ഇന്ത്യൻ ബൗളർമാർ അവരെ പിടിച്ചുകെട്ടി. മാത്രമല്ല, ഏറെക്കാലത്തിനു ശേഷം ഇന്ത്യൻ ബൗളിംഗ് പൂർണ കരുത്തിലാണ്. ബംഗ്ലാദേശിനെതിരെ ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റതു മാത്രമാണ് അപവാദം. 
കഴിഞ്ഞ മൂന്നു വർഷം ഇന്ത്യൻ ബൗളർമാരെ പരിക്കുകൾ അലട്ടുകയായിരുന്നു. പ്രത്യേകിച്ചും ജസ്പ്രീത് ബുംറയുടെ അഭാവം വലിയ തിരിച്ചടിയായിരുന്നു. ബുംറ തിരിച്ചുവന്നുവെന്നു മാത്രമല്ല, ടൂർണമെന്റിലെ ഏറ്റവും അപകടകാരിയായ ബൗളറായി മാറി. ബുംറയെ പോലൊരു കളിക്കാരനില്ലാതെ ലോകകപ്പ് കളിക്കുന്നത് ചിന്തിക്കാൻ പോലുമാവില്ലെന്ന് ഇന്ത്യൻ ബൗളിംഗ് കോച്ച് പരസ് മാംബ്രെ പറയുന്നു. ബുംറയെ ലോകകപ്പിൽ പൂർണ കരുത്തോടെ കിട്ടാൻ വേണ്ടിയാണ് ബൗളറുടെ തിരിച്ചുവരവ് ഇത്രയും താമസിപ്പിക്കാൻ ടീം മാനേജ്‌മെന്റ് തയാറായത്. ഓപണിംഗ് ബൗളറായും മധ്യനിരയിലെ രണ്ടാം സ്‌പെല്ലിലും അവസാന ഓവറുകളിലും ഒന്നിനൊന്ന് മികച്ച രീതിയിൽ ബുംറ പന്തെറിയുന്നു. ബുംറയെ ലോകകപ്പിനായി സജ്ജമാക്കിയതിന് മാംബ്രെ നന്ദി പറയുന്നത് ബംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയിലെ മെഡിക്കൽ സംഘത്തിനാണ്. അക്കാദമിയിലെ ഫിസിയൊതെറാപ്പിസ്റ്റുകൾ കഠിനാധ്വാനം ചെയ്തുവെന്ന് അദ്ദേഹം പറയുന്നു. 
ഇടുപ്പ് വേദനയുമായി ബുംറ ശസ്ത്രക്രിയക്കൊരുങ്ങിയപ്പോഴാണ് മുഹമ്മദ് സിറാജിന് ഇന്ത്യയുടെ ഒന്നാം നമ്പർ ബൗളറാവാൻ അവസരം തുറന്നത്. ലോകകപ്പിനു മുമ്പുള്ള അത്യുജ്വല നിലവാരം നിലനിർത്താൻ സിറാജിന് പൂർണമായി സാധിച്ചിട്ടില്ല. എങ്കിലും പാക്കിസ്ഥാനെതിരായ മത്സരത്തിൽ തുടക്കത്തിൽ കനത്ത ശിക്ഷ കിട്ടിയ ശേഷം ശരിയായ ലെംഗ്തിൽ പന്തെറിയാൻ സാധിച്ചത് വലിയ നേട്ടമായി ടീം മാനേജ്‌മെന്റ് കരുതുന്നു. സിറാജിന്റെ ആദ്യ രണ്ടോവറിൽ പാക്കിസ്ഥാൻ 18 റൺസെടുത്തിരുന്നു. 
ലോകകപ്പിൽ പന്ത് സ്വിംഗ് ചെയ്യാത്തതാണ് സിറാജിന്റെ പ്രശ്‌നം. ലോകകപ്പിനു മുമ്പുള്ള പരമ്പരകളിൽ അതായിരുന്നില്ല സ്ഥിതി. പുതിയ സാഹചര്യത്തോട് പൂർണമായി ഇണങ്ങാൻ സിറാജിന് സാധിച്ചില്ല. ലോകകപ്പിൽ ഇതുവരെ ആറിന് മുകളിൽ റൺറെയ്റ്റിലാണ് സിറാജ് റൺസ് വഴങ്ങുന്നത്. നാല് കളിയിൽ അഞ്ച് വിക്കറ്റ് മാത്രമാണ് സമ്പാദ്യം. പക്ഷെ അത് ഇന്ത്യയെ അലട്ടുന്നില്ല. ഒരു ബൗളർ അൽപം മങ്ങിയാലും അത് പരിഹരിക്കാനുള്ള ബൗളിംഗ് കരുത്ത് ഇന്ത്യക്കുണ്ട്. 
ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ പന്ത് സ്വിംഗ് ചെയ്യുന്ന വേദികളാണ്. ന്യൂസിലാന്റിനെ നേരിടുന്നത് ധർമശാലയിലാണ്, ഇംഗ്ലണ്ടിനെ ലഖ്‌നോയിലും. രണ്ടിടത്തും പെയ്‌സ്ബൗളർമാർക്ക് നല്ല പിന്തുണ ലഭിച്ചിരുന്നു. 
പുതിയ പന്ത് ഏറ്റവും നന്നായി ഉപയോഗിക്കാനറിയുന്ന, നല്ല സ്‌ട്രൈക്ക് റെയ്റ്റുള്ള മുഹമ്മദ് ഷമിയെ പുറത്തിരുത്തേണ്ടി വരുന്നത് എളുപ്പമുള്ള തീരുമാനമായിരുന്നില്ലെന്ന് മാംബ്രെ പറഞ്ഞു. പക്ഷെ ഇക്കാര്യം ഷമിയുമായി സംസാരിച്ചിട്ടുണ്ട്. കളിക്കുന്ന പിച്ചിന് ഏറ്റവും അനുയോജ്യമായ ബൗളർമാരെയാണ് പരിഗണിക്കുകയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ പന്തുമായും, അവസാന ഓവറുകളിലും ഷമിക്ക് ചെയ്യാൻ കഴിയുന്ന സേവനം പരിഗണിക്കുമ്പോൾ അത് പ്രയാസകരമായ തീരുമാനമാണ്. പക്ഷെ ഷമിയായാലും അശ്വിനായാലും ചിലപ്പോൾ പുറത്തിരിക്കേണ്ടി വരും. 11 പേരെ മാത്രമേ കളിപ്പിക്കാനാവൂ -മാംബ്രെ വിശദീകരിച്ചു. 
നാലാമത്തെ സ്‌പെഷ്യലിസ്റ്റ് ബൗളർക്ക് ബാറ്റിംഗിലും സംഭാവനയർപ്പിക്കാനാവണം. അശ്വിനായാലും ശാർദുൽ താക്കൂറായാലും. അശ്വിനെ പോലൊരു ലോകോത്തര ബൗളർക്ക് അവസരം കൊടുക്കാനാവാത്തത് സങ്കടകരമാണെന്ന് മാംബ്രെ പറയുന്നു. ഒരു കളിയിൽ അവസരം കിട്ടിയപ്പോൾ മികച്ച പ്രകടനമാണ് അശ്വിൻ കാഴ്ചവെച്ചത്. ആ കളിയിലെ ലോകകപ്പിലെ മികച്ച എക്കണോമി റെയ്റ്റിൽ ഒന്നാം സ്ഥാനത്താണ് അശ്വിൻ. പത്തോവറിൽ വഴങ്ങിയത് 34 റൺസ് മാത്രം. ബുംറക്കും (3.62) മുന്നിലാണ് അശ്വിൻ (3.4). പൂനെയിൽ ബംഗ്ലാദേശിനെതിരെ കളിപ്പിക്കാമായിരുന്നു. എന്നാൽ അവിടത്തെ ചെറിയ ബൗണ്ടറി സ്പിൻ ബൗളിംഗിന് പറ്റിയതല്ല. ഏതു കളിയിലും ടീമിന്റെ താൽപര്യത്തിനാണ് മുൻഗണന. അശ്വിനെ പോലൊരു ടീം പ്ലയർക്ക് അത് മനസ്സിലാക്കാൻ വിഷമമില്ല. ഒരിക്കൽപോലും പരാതിപ്പെടുകയോ മുഖം ചുളിക്കുകയോ ചെയ്യാത്ത വ്യക്തിയാണ് അശ്വിനെന്ന് മാംബ്രെ പറഞ്ഞു. 
കുൽദീപ് യാദവും ഹാർദിക് പാണ്ഡ്യയും ഇന്ത്യൻ ടീമിൽ പകരക്കാരില്ലാത്ത കളിക്കാരാണ്. മൂന്നു മത്സരങ്ങളെങ്കിലും കളിച്ച സ്പിന്നർമാരിൽ ഗ്ലെൻ മാക്‌സ്‌വെൽ മാത്രമാണ് റൺപിശുക്കിൽ കുൽദീപിനെക്കാൾ മുന്നിൽ. രവീന്ദ്ര ജദേജയെ പോലൊരു ഓൾറൗണ്ടർക്ക് ഇതുവരെ ബാറ്റ് ചെയ്യേണ്ടി വന്നിട്ടില്ലെന്നത് ഇന്ത്യയുടെ കരുത്തിന്റെ സൂചനയാണ്. ഹാർദിക് പാണ്ഡ്യയുടെ പരിക്ക് ഗുരുതരമല്ലെന്നതും ഇന്ത്യക്ക് ആശ്വാസ വാർത്തയാണ്. നാല് കളികളിൽ 16 ഓവർ എറിഞ്ഞ ഹാർദിക് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ബംഗ്ലാദേശിനെതിരെ മൂന്ന് പന്ത് മാത്രമേ ഹാർദിക്കിന് എറിയാൻ കഴിഞ്ഞുള്ളൂ. ന്യൂസിലാന്റിനെതിരായ അടുത്ത മത്സരത്തിൽ ഹാർദിക് കളിക്കുമോയെന്നറിയാൻ കാത്തിരിക്കേണ്ടി വരും. സ്‌കാൻ റിപ്പോർട്ട് സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് അയച്ചു കൊടുത്തിരിക്കുകയാണ്. മുംബൈയിലെ ഡോക്ടറുടെ ഉപദേശം നിർണായകമായിരിക്കും. സ്‌കാനിംഗ് കഴിഞ്ഞ് പൂനെയിലെ ഗ്രൗണ്ടിൽ തിരിച്ചെത്തിയ ഹാർദിക് ബംഗ്ലാദേശിനെതിരെ ആവശ്യമെങ്കിൽ ബാറ്റിംഗിനിറങ്ങാൻ തയാറായിരുന്നു. ചിലപ്പോൾ ഞായറാഴ്ച ന്യൂസിലാന്റിനെതിരായ കളിയിൽ ഹാർദിക്കിന് വിശ്രമം നൽകിയേക്കും.
 

Latest News