Sorry, you need to enable JavaScript to visit this website.

എഞ്ചിൻ റൂം...

നാലു കളികൾ, നാല് ജയം. ക്രിക്കറ്റ് ലോകകപ്പ് രണ്ടാഴ്ച പിന്നിടുമ്പോൾ ഏറ്റവുമധികം കിരീടസാധ്യത കൽപിക്കപ്പെടുന്ന ടീമാണ് ആതിഥേയരായ ഇന്ത്യ. കിടയറ്റ ബാറ്റിംഗാണ് നാലു കളിയിലും ഇന്ത്യ കാഴ്ചവെച്ചത്. പ്രത്യേകിച്ചും മുൻനിര. ഓസ്‌ട്രേലിയയെ തോൽപിച്ചത് ആറു വിക്കറ്റിനായിരുന്നു, അതും 41.2 ഓവറിൽ. അഫ്ഗാനിസ്ഥാനെ തകർത്തത് എട്ടു വിക്കറ്റിന്, വെറും മുപ്പത്തഞ്ചോവറിൽ. പാക്കിസ്ഥാനെതിരായ കൊട്ടിഘോഷിക്കപ്പെട്ട കളി ഇന്ത്യ പുഷ്പം പോലെയാണ് ജയിച്ചുകയറിയത്, 30.3 ഓവറിൽ ഏഴു വിക്കറ്റിന്. ബംഗ്ലാദേശിനെതിരെ ഏഴു വിക്കറ്റിന് ജയിച്ചു, 41.3 ഓവറിൽ. ഇതുവരെ ഇന്ത്യൻ ടീം പരീക്ഷിക്കപ്പെട്ടു പോലുമില്ല. മധ്യനിരക്ക് കാര്യമായ റോളില്ല. നീണ്ട വാലറ്റമെന്നായിരുന്നു ഇന്ത്യൻ ടീമിന്റെ പ്രധാന ദൗർബല്യമായി പറയപ്പെട്ടിരുന്നത്. നാലു കളികളിൽ വാലറ്റത്തിന് ബാറ്റ് തൊടേണ്ടി വന്നിട്ടില്ല.
ഇന്ത്യൻ ബാറ്റിംഗ് പൂർണമായും ക്ലിക്കായതിന് പ്രധാന കാരണങ്ങളിലൊന്ന് ഓപണർ രോഹിത് ശർമയുടെ ആക്രമണോത്സുകതയാണ്. പവർപ്ലേയിൽ തന്നെ വിജയത്തിന് അടിത്തറയിടാൻ രോഹിതിന് സാധിക്കുന്നു. പ്രത്യേകിച്ചും ഇന്ത്യൻ നായക സ്ഥാനമേറ്റെടുത്ത ശേഷം രോഹിത് മറ്റൊരു ലെവലിലാണ്. ലോകകപ്പിൽ എല്ലാവരും അത് ശ്രദ്ധിക്കുന്നുവെന്നു മാത്രം. ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ ശേഷം രോഹിത് കടിഞ്ഞാണേറ്റെടുത്തു. അഫ്ഗാനിസ്ഥാനെതിരെ 43 പന്തിൽ 76 റൺസടിച്ചതോടെ കളിയുടെ വിധി തീരുമാനമായി. പാക്കിസ്ഥാനെതിരായ പ്രയാസകരമാവുമെന്നു കരുതിയ കളിയിൽ രോഹിതിന്റെ പ്രത്യാക്രമണം വിജയത്തിൽ നിർണായകമായി. 30 പന്തിൽ 45 റൺസാണെടുത്തത്. 
ബംഗ്ലാദേശിന്റെ ചെറിയ ലക്ഷ്യത്തിലേക്കുള്ള പ്രയാണം പൂർത്തിയാക്കിയതും സെഞ്ചുറിയടിച്ചതും വിരാട് കോലിയായിരിക്കാം. പക്ഷെ അതിന് അടിത്തറയിട്ടത് രോഹിതാണ്. രണ്ട് സിക്‌സറും ഏഴ് ബൗണ്ടറിയുമായി രോഹിത് നേടിയത് 40 പന്തിൽ 48 റൺസാണ്. അതിൽ 40 റൺസും ബൗണ്ടറികളും സിക്‌സറുകളും വഴിയാണ്. 
2022 ലാണ് രോഹിത് ക്യാപ്റ്റൻ സ്ഥാനമേറ്റെടുത്തത്. അതിനു ശേഷം 35 ബാറ്റർമാരാണ് ഏകദിനങ്ങളിലെ പവർപ്ലേയിൽ 300 റൺസെടുത്തത്. അതിൽ രണ്ടു പേർക്കേ രോഹിതിനെക്കാൾ സ്‌ട്രെയ്ക്ക് റെയ്റ്റുള്ളൂ -ട്രാവിഡ് ഹെഡിനും (ഓസ്‌ട്രേലിയ) ഫിൽ സാൾടിനും (ഇംഗ്ലണ്ട്). രണ്ടു പേർക്കും രോഹിതിനോളം സ്‌കോർ ചെയ്യാൻ സാധിച്ചിട്ടില്ല. അവർക്കു രണ്ടു പേർക്കും രോഹിതിനെ പോലെ ക്യപ്റ്റൻസിയുടെ അധിക ഭാരവുമില്ല. ഈ ലോകകപ്പിലെ റൺകൊയ്ത്തിൽ ഒന്നാം സ്ഥാനത്താണ് രോഹിത്. 
സാധാരണഗതിയിൽ ക്രിക്കറ്റിൽ മാറ്റങ്ങൾ ആസൂത്രണം ചെയ്യുന്നത് ക്യാപ്റ്റന്മാരും നടപ്പാക്കുന്നത് യുവ കളിക്കാരുമാണ്. എന്നാൽ ഇവിടെ ക്യാപ്റ്റൻ തന്നെയാണ് ഇരട്ട റോളിൽ. ക്യാപ്റ്റനെ പോലൊരാൾ സാഹസിക ദൗത്യം ഏറ്റെടുക്കുന്നത് അപൂർവമാണ്. രോഹിതിനെ പോലെ അതിന് തയാറായ രണ്ടു പേരേയുള്ളൂ -2015 ൽ ബ്രൻഡൻ മക്കല്ലവും 2009 ൽ ക്രിസ് ഗയ്‌ലും. മക്കല്ലവും ഗയ്‌ലും അതേ ശൈലിയിൽ എപ്പോഴും കളിക്കുന്നവരാണ്. രോഹിത് ഈ ശൈലി ആർജിച്ചെടുത്തതാണ്. ആദ്യ 20 പന്ത് സൂക്ഷിച്ചു കളിക്കുകയും ക്രമേണ വേഗമാർജിക്കുകയുമാണ് രോഹിത് ശീലിച്ച രീതി. പുതിയ രീതി പരീക്ഷിച്ചപ്പോൾ തുടക്കത്തിൽ രോഹിത് പരാജയപ്പെടുകയായിരുന്നു. അത് തുടരാൻ കാണിച്ച നിശ്ചയദാർഢ്യമാണ് വിജയത്തിന് കാരണം. 
തുടക്കം ട്വന്റി20യിലായിരുന്നു. ഇന്ത്യ പഴഞ്ചൻ രീതിയിലാണ് കളിക്കുന്നതെന്ന് പതിവായി വിമർശനം നേരിട്ടു കൊണ്ടിരുന്നു. വിക്കറ്റ് കാക്കുകയും ഒടുവിൽ ആഞ്ഞടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ട്വന്റി20 രീതിയല്ലെന്ന് മനസ്സിലാക്കാൻ ഇന്ത്യൻ ടീം വൈകി. അതിന് വേണ്ടത് വിക്കറ്റ് നഷ്ടപ്പെടുമെന്ന ഭയമില്ലായ്മയാണ്. മറ്റേതു ടീമിനെക്കാൾ തുടക്കത്തിൽ വിക്കറ്റ് നഷ്ടപ്പെടുമെന്ന ഭയം ഇന്ത്യൻ ടീമിനായിരുന്നു. ആ ഭയം മാറ്റിയെടുക്കാൻ സ്വയം മുന്നിട്ടിറങ്ങിയെന്നതാണ് രോഹിതിന്റെ കരുത്ത്. 2019 ൽ ആദ്യ പത്തോവറിൽ ഇന്ത്യയുടെ റൺറെയ്റ്റ് 4.44 ആയിരുന്നു, 2023 ൽ അത് 6.27 ആണ്. 
ഈ ലോകകപ്പിൽ പന്ത് അധികം സ്വിംഗ് ചെയ്യാത്തത് തുടക്കത്തിൽ ആക്രമിക്കാൻ രോഹിതിന് ധൈര്യം പകർന്നിരിക്കാം. ഒപ്പം റൺ ചെയ്‌സുകൾ ഒടുവിൽ പാളിപ്പോവരുതെന്ന ആഗ്രഹം കൂടി രോഹിതിനെ സ്വാധീനിച്ചിരിക്കാം. 2019 ലെ ലോകകപ്പിൽ ന്യൂസിലാന്റിനെതിരെ ഇന്ത്യയെ ചതിച്ചത് എല്ലാം അവസാനത്തേക്കു വെച്ചതു കൊണ്ടായിരുന്നു. മാത്രമല്ല, താൻ പുറത്തായാൽ ചുമതല ഏറ്റെടുക്കാൻ കഴിയുന്നവരാണ് ഇപ്പോഴത്തെ മധ്യനിരയെന്ന് രോഹിത് വിശ്വസിക്കുന്നുണ്ടാവാം. അതിനെക്കാളുപരി, മാറ്റത്തിന് മാതൃകയാവാൻ രോഹിത് ആഗ്രഹിക്കുന്നുണ്ടാവും. 
 

Latest News