Sorry, you need to enable JavaScript to visit this website.

പാരസെറ്റമോള്‍ ഓവറാക്കല്ലേ, കരളിന് പണി തരും 

ഹൈദരാബാദ്-പനിയോ തലവേദനയോ വന്നുകഴിഞ്ഞാല്‍ ഒരു പാരസെറ്റമോള്‍ ഗുളിക കഴിക്കാതെ രോഗം മാറില്ല എന്ന വിശ്വാസം ലോകജനതയെ; പ്രത്യേകിച്ച് മലയാളിയെ എന്നേ പിടികൂടിക്കഴിഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന പെയിന്‍ കില്ലറാണ് പാരസെറ്റമോള്‍. സാധാരണഗതിയില്‍ സുരക്ഷിതം അല്ലെങ്കില്‍ ഏറ്റവും ഫലപ്രദം എന്ന വിശ്വാസത്തില്‍ നമ്മള്‍ കഴിക്കുന്ന ഈ ഗുളികയ്ക്ക് മാരകമായ പാര്‍ശ്വഫലങ്ങളുണ്ടെന്ന് മനസിലാക്കണം.
മറ്റേതൊരു മരുന്നിനെയും പോലെത്തന്നെ അമിതമായി ഉപയോഗിച്ചാല്‍ പാരസെറ്റമോളും പാര്‍ശ്വഫലങ്ങള്‍ ശരീരത്തില്‍ സൃഷ്ടിക്കും. എല്ലാ പെയിന്‍ കില്ലറുകള്‍ക്കും ഇതേ സ്ഥിതി വിശേഷം തന്നെയാണുള്ളത്. ഇത് മനസിലാക്കാതെയാണ് ആളുകള്‍ സ്വയം ഡോക്ടറായി മാറി മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് പാരസെറ്റമോള്‍ വാങ്ങി ഭക്ഷണമാക്കി മാറ്റുന്നത്. സൈഡ് ഇഫക്ടുകളെ കുറിച്ച് ബോദ്ധ്യമുള്ളവരാകട്ടെ അതൊന്നും വകവയ്ക്കാതെ താല്‍ക്കാലിക ആശ്വാസത്തിനായി വാരിവിഴുങ്ങുകയും ചെയ്യും.
പാരസെറ്റമോളിന്റെ അമിതഉപയോഗം കരളിനെയാണ് ഏറ്റവുമധികം ബാധിക്കുന്നത്. കൂടാതെ വര്‍ഷങ്ങളായുള്ള ഉപയോഗം വൃക്ക, കുടല്‍, ഹൃദയം എന്നിവയേയും തകരാറിലാക്കും. പാരസെറ്റമോളിലെ എന്‍- അസറ്റൈല്‍ പി-ബെന്‍സോക്യുനൈന്‍ എന്ന മെറ്റബൊളൈറ്റാണ് അപകടകാരികള്‍. കരളിലെ ഗ്‌ളൂട്ടാത്തിയോണിന്റെ അളവ കുറയ്ക്കുകയും കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.ഡോക്ടറുടെ നിര്‍ദേശാനുസരണം കൃത്യമായ അളവിലുള്ള ഡോസ് സ്വീകരിക്കുക എന്നത് മാത്രമേ പാരസെറ്റമോള്‍ അപകടകാരിയാകാതിരിക്കാന്‍ മാര്‍ഗമുള്ളൂ. 


 

Latest News