Sorry, you need to enable JavaScript to visit this website.

നിലയ്ക്കാത്ത കുഞ്ഞുനിലവിളികൾ

അറബ് കുട്ടികൾ അവരുടെ ജീവിതത്തിന് നേരെ അഭൂതപൂർവമായ ആക്രമണം നേരിടുന്നതായി യൂനിസെഫ് തന്നെ പറയുന്നുണ്ട്. മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും  61 ദശലക്ഷത്തിലധികം കുട്ടികൾ സംഘർഷഭരിതമായ  രാജ്യങ്ങളിൽ താമസിക്കുന്നു. ഓരോ മൂന്ന് അറബ് കുട്ടികളിലും ഒരാൾ അക്രമത്തിന്റെ കെടുതികൾ അനുഭവിക്കുന്നുവെന്നാണ് ഡിഫൻസ് ഫോർ ചിൽഡ്രൻ ഇന്റർനാഷണൽ ഫലസ്തീൻ എന്ന സന്നദ്ധ സംഘടന പറയുന്നത്. ഗാസക്കെതിരായ ഇസ്രായിൽ യുദ്ധത്തിൽ ഈ മാസം മാത്രം 1200 ഫലസ്തീൻ കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു.


കുഞ്ഞുനിലവിളികളാൽ മുഖരിതമാണ് ഗാസ. ഓരോ മണിക്കൂറിലും അവിടെ നിരവധി കുരുന്നു ജീവനുകൾ പിടഞ്ഞുതീരുന്നു. മുൻപില്ലാത്ത തരം നശീകരണ വ്യഗ്രതയോടെ ഇസ്രായിൽ സൈന്യം നടത്തുന്ന നരമേധത്തിൽ പൊലിയുന്നതധികവും കുട്ടികളാണ്. പത്ത് ദിവസത്തെ ആക്രമണത്തിനിടയിൽ മരിച്ചുവീണ കുഞ്ഞുങ്ങളുടെ എണ്ണം ആയിരം കവിഞ്ഞു. പരിക്കേറ്റ് ജീവഛവമായവർ അതിലുമെത്രയോ ആണ്. ഭയാനകമായ യുദ്ധാവസ്ഥയിൽ മാനസികമായും ശാരീരികമായും അവർ തകരുന്നു.

ഈ നൂറ്റാണ്ടിൽ, ഒരു പക്ഷേ കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിക്ക് ശേഷം ലോകത്ത് ഏറ്റവുമധികം പീഡനം അനുഭവിച്ച കുട്ടികൾ അറബ് ലോകത്തായിരിക്കാം, അതിൽ തന്നെ ഫലസ്തീനിൽ. ഗൾഫ് യുദ്ധങ്ങളിലും സിറിയയിലെ ആഭ്യന്തര സംഘർഷത്തിലുമടക്കം എണ്ണമറ്റ കുട്ടികളാണ് ബലിയാടായത്. മുതിർന്നവരുടെ ആക്രമണോത്സുകതക്ക് മുന്നിൽ പിടഞ്ഞുവീണ ബാല്യകൗമാരങ്ങൾ. ദേഹമാസകലം വെടിയേറ്റും ഷെല്ലുകൾ വീണു തുളഞ്ഞ മാംസത്തിൽനിന്ന് ചോരയൊഴുകുന്ന ദൃശ്യങ്ങളുമായി എത്രയെത്ര വാർത്താചിത്രങ്ങൾ. ഇറാഖിലെ യു.എസ് ആക്രമണ കാലത്ത് ലോകത്തെ കരയിച്ച എത്രയോ ദാരുണ രംഗങ്ങളാണുണ്ടായത്. ഫലസ്തീനിൽ അത് കാലങ്ങളായി നിരന്തരമായി ആവർത്തിക്കുന്നു.

അറബ് കുട്ടികൾ അവരുടെ ജീവിതത്തിന് നേരെ അഭൂതപൂർവമായ ആക്രമണം നേരിടുന്നതായി യൂനിസെഫ് തന്നെ പറയുന്നുണ്ട്. മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും  61 ദശലക്ഷത്തിലധികം കുട്ടികൾ സംഘർഷഭരിതമായ  രാജ്യങ്ങളിൽ താമസിക്കുന്നു. അതായത്, ഓരോ മൂന്ന് അറബ് കുട്ടികളിലും ഒരാൾ അക്രമത്തിന്റെ കെടുതികൾ അനുഭവിക്കുന്നുവെന്നാണ് ഡിഫൻസ് ഫോർ ചിൽഡ്രൻ ഇന്റർനാഷണൽ ഫലസ്തീൻ എന്ന സന്നദ്ധ സംഘടന പറയുന്നത്. ഗാസക്കെതിരായ ഇസ്രായിൽ യുദ്ധത്തിൽ ഈ മാസം മാത്രം  1200 ഫലസ്തീൻ കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു.

യുദ്ധത്തിന്റെ ഭയാനകമായ അവസ്ഥ കുട്ടികളിൽ പലമടങ്ങ് ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കും. ആഴത്തിലുള്ള മാനസിക ആഘാതങ്ങൾ കുട്ടികളുടെ ജീവിതത്തെ തന്നെ തകർക്കും. അവരുടെ വൈകാരികവും മാനസികവുമായ അവസ്ഥയിൽ ദീർഘകാലം ഹാനികരമായ ഫലങ്ങൾ ഉണ്ടാക്കുന്നതാണ് അത്. ഉത്കണ്ഠ, വിഷാദം, ആത്മാഭിമാനമില്ലായ്മ, ഉറക്കക്കുറവ്, പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോർഡർ, സാമൂഹിക ഒറ്റപ്പെടൽ, വേർപിരിയൽ ഉത്കണ്ഠ, കുടുംബത്തെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ടതിന്റെ അഗാധമായ ദുഃഖം തുടങ്ങിയ പ്രശ്‌നങ്ങൾ കൗമാരക്കാരിൽ അനുഭവപ്പെടുന്നതായി പഠനങ്ങളിൽ പറയുന്നു. 

സംഘർഷങ്ങൾ പലപ്പോഴും കുട്ടികളെയും അവരുടെ കുടുംബങ്ങളെയും ജന്മനാടുകൾ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നു,  നിർബന്ധിത കുടിയിറക്കവും സാമൂഹിക ബന്ധങ്ങളുടെ ശോഷണവുമാണ് അനന്തര ഫലം. അവർക്ക് ഒരു പിന്തുണ സംവിധാനമില്ലാതാകുകയും അനിശ്ചിത ഭാവിയെ സ്വയം അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. നിർബന്ധിത സ്ഥാനചലനം സ്‌കൂൾ വിദ്യാർഥികളുടെ വിദ്യാഭ്യാസ പാതകളിൽ തടസ്സമുണ്ടാക്കുന്നു. ഇത് ഭാവിയിൽ തൊഴിൽ ഉറപ്പാക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യം നേടാനുള്ള സാധ്യത കുറക്കുന്നു. ചില കുട്ടികൾ അതിജീവനത്തിനുള്ള മാർഗമെന്ന നിലയിൽ ബാലവേലയിൽ ഏർപ്പെടാൻ നിർബന്ധിതരായേക്കാം. ഇത് ചൂഷണത്തിന്റെ മറ്റൊരു മേഖലയിലേക്ക് അവരെ തള്ളിവിടുന്നു. 

സംഘർഷങ്ങളിൽ ഇരയാകുന്ന കുട്ടികൾക്ക് ശാരീരിക പരിക്കുകളോ ദീർഘകാല വൈകല്യങ്ങളോ മൂലം ജീവിതനിലവാരം ഗണ്യമായി കുറയുന്നു. യുദ്ധ മേഖലകളിലെ ഭക്ഷണ വിതരണത്തിലെ തടസ്സം ക്ഷാമത്തിനും പോഷകാഹാരക്കുറവിനും ഇടയാക്കും. ഇപ്പോൾ തന്നെ ഗാസയിൽ എത്രയോ ദിവസമായി വേണ്ടത്ര ആഹാരമോ വെള്ളമോ ഇല്ലാതെയാണ് ജനങ്ങൾ ജീവിക്കുന്നത്. മലിനജലം കുടിക്കാൻ പോലും അവർ നിർബന്ധിതരാകുന്നു. ഇത് കുട്ടികളുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നു. തുടർച്ചയായ അക്രമം, പോഷകാഹാരക്കുറവ്, രോഗങ്ങളോ പരിക്കുകളോ ചികിത്സിക്കുന്നതിനുള്ള ആരോഗ്യ സേവനങ്ങളുടെ അലഭ്യത എന്നിവ കാരണം സംഘർഷ മേഖലകളിൽ കുട്ടികളുടെ മരണ നിരക്ക് കൂടുതലാണ്.

സംഘർഷങ്ങളിൽ അകപ്പെട്ട കുട്ടികളെ സംരക്ഷിക്കുകയും പിന്തുണക്കുകയും ചെയ്യുക എന്നത് മാനുഷികവും നയപരവുമായ വെല്ലുവിളിയാണ്, അടിയന്തരമായി കൈകാര്യം ചെയ്യേണ്ട വിഷയം. യുദ്ധ മേഖലകളിലെ കുട്ടികളെ സംരക്ഷിക്കുന്നതിനും അവരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനും നയപരമായ പരിഹാരങ്ങൾക്ക് ഗണ്യമായ സംഭാവന നൽകാനാകും. പാർപ്പിടം, മാനസിക-സാമൂഹിക പിന്തുണ, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, സുരക്ഷ, കുടുംബ പുനരേകീകരണം, ശിശു സംരക്ഷണ സംവിധാനം എന്നീ അവശ്യ മേഖലകൾക്ക് ഇത്തരം നയരൂപീകരണത്തിൽ മുൻഗണന നൽകേണ്ടതുണ്ട്.

ഈ മേഖലകളിലെല്ലാം കുട്ടികളുടെ അവസ്ഥ അറിയാൻ ശിശു നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കണം. വ്യക്തമായ ഒരു ചിത്രത്തിനായി, കുട്ടികളുടെ ബഹുമുഖവും സമഗ്രവുമായ ഡാറ്റ ശേഖരിക്കുന്നതിനൊപ്പം, ജനന സമയത്ത് കുട്ടികളുടെ രജിസ്‌ട്രേഷൻ ഉറപ്പ് വരുത്തുകയും വേണം. മാനുഷിക പ്രതിസന്ധി സാധാരണയായി കുടുംബങ്ങളുടെ ഉപജീവനത്തെ ബാധിക്കും. അതുകൊണ്ടാണ് സാമ്പത്തിക സമ്മർദങ്ങൾ കുറയ്ക്കുന്നതിന് കുട്ടികളുള്ള കുടുംബങ്ങൾക്ക് പിന്തുണ നൽകുന്നതിന് സഹായ പരിപാടികൾ സജ്ജീകരിക്കേണ്ടത് അനിവാര്യമാകുന്നത്. പാർപ്പിടം, ഭക്ഷണം, വസ്ത്രങ്ങൾ, ആരോഗ്യ സംരക്ഷണം അല്ലെങ്കിൽ ശിശു സംരക്ഷണ സബ്സിഡികൾ എന്നിവയുടെ രൂപത്തിലാകാം സഹായങ്ങൾ. കുട്ടികൾക്ക് സുരക്ഷിതമായി കളിക്കാനും പ്രാദേശിക സമൂഹവുമായി ഇടപഴകാനും കഴിയുന്ന തരത്തിൽ ശിശുസൗഹൃദ ഇടങ്ങൾ ഉണ്ടാകണം. രക്ഷാകർതൃ ക്ലാസുകൾ, കൗൺസലിംഗ്, ചൈൽഡ് ഡെവലപ്മെന്റ് സപ്പോർട്ട്, യൂത്ത് മെന്ററിംഗ് പ്രോഗ്രാമുകൾ, നിയമസഹായ ക്ലിനിക്കുകൾ എന്നിവ പോലുള്ള സുപ്രധാന സേവനങ്ങളും വിഭവങ്ങളും നൽകുന്നതിനുള്ള അടിത്തറയായി ഇത്തരം ഇടങ്ങൾ പ്രവർത്തിക്കും.

കാര്യക്ഷമവും സമയബന്ധിതവുമായ ആരോഗ്യ പരിപാലന സേവനങ്ങൾ ഉറപ്പ് വരുത്തുകയെന്നതാണ് സംഘർഷ മേഖലകളിൽ ജീവിക്കുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും ക്ഷേമത്തിന് വേണ്ട പരമപ്രധാന കാര്യം. ആരോഗ്യകരമായ വളർച്ച നിരീക്ഷിക്കുന്നതിനുള്ള പതിവ് പരിശോധനകൾ, നിർബന്ധിത പ്രതിരോധ കുത്തിവെപ്പുകൾ ഉറപ്പാക്കൽ, വിവിധ ശിശുരോഗങ്ങൾക്കുള്ള ചികിത്സ എന്നിവ ഉൾപ്പെടുത്തണം. ശാരീരിക വൈകല്യങ്ങൾക്കോ മരണത്തിനോ ഉള്ള ഉയർന്ന  സാധ്യതകളാൽ നിറഞ്ഞതാണ് അവരുടെ ജീവിതം. സ്ഥിരമായ വൈകല്യങ്ങൾ അല്ലെങ്കിൽ ശിശുമരണങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് ചികിത്സക്കായി അടിയന്തര സേവനങ്ങൾ നൽകേണ്ടത് ആവശ്യമാണ്. ഇതാണ് ഇപ്പോൾ ഗാസയിൽ നിഷേധിക്കപ്പെടുന്നത്.

കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും ഭാവിയിലേക്കുള്ള അവരുടെ സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനുമായി വിദ്യാഭ്യാസത്തിന് പ്രധാന സ്ഥാനം നൽകേണ്ടതുണ്ട്. സുരക്ഷിതവും താത്കാലികവുമായ പഠനാന്തരീക്ഷം അനുയോജ്യമായ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കണം. അങ്ങനെ കുട്ടികൾക്ക് അവരുടെ വിദ്യാഭ്യാസം തുടരാനാകും. ഓൺലൈൻ ക്ലാസ് റൂമുകളിലേക്കും ഇ-ലേണിംഗ് സംവിധാനങ്ങളിലേക്കുമുള്ള പ്രവേശനം അസ്ഥിരമായ സാഹചര്യത്തിൽ മാറ്റങ്ങളുണ്ടാക്കിയേക്കാം. വൈകാരികവും മാനസികവുമായ വിവിധ വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് നൽകി കുട്ടികളെ സജ്ജരാക്കുന്നതിന് സാമൂഹിക പ്രവർത്തകർ, അധ്യാപകർ, മനഃശാസ്ത്രജ്ഞർ എന്നിവരുടെ പ്രത്യേക സഹായം നേടേണ്ടത് പരമപ്രധാനമാണ്. ട്രോമ എജ്യുക്കേഷൻ, സ്‌ട്രെസ്-റിഡക്ഷൻ ടെക്‌നിക്കുകൾ, ഉത്കണ്ഠ അല്ലെങ്കിൽ ഭയം എന്നിവയെ നേരിടാനുള്ള തന്ത്രങ്ങൾ എന്നിവ സമന്വയിപ്പിക്കുന്നത് സംഘർഷങ്ങളുടെ ചില പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനും പ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കും. മാത്രമല്ല, കൂടുതൽ അടിയന്തര സാഹചര്യങ്ങളിൽ സ്വയം പരിരക്ഷിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് കുട്ടികളെ അറിയിക്കണം.

യുദ്ധത്തിന്റെ അരാജകത്വത്തിനിടയിൽ കുട്ടികൾ അവരുടെ കുടുംബങ്ങളിൽനിന്ന് വേർപെടാനുള്ള സാധ്യതയുണ്ട്. ഇതൊരു വലിയ വെല്ലുവിളിയാണ്. ഫാമിലി ട്രെയ്സിംഗ് പ്രോഗ്രാമുകളിലൂടെ വേർപിരിഞ്ഞ കുട്ടികളെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കാൻ കഴിയുന്ന ശക്തമായ ഇടപെടലുകൾ വേണമെന്ന് പല ശിശുക്ഷേമ സംഘടനകളും ചൂണ്ടിക്കാട്ടുന്നുണ്ട്. കുട്ടികൾക്ക് പ്രത്യേകവും സമർപ്പിതവുമായ ശിശു സംരക്ഷണ സംഘടനകളിൽ നിന്ന് സഹായം തേടാനാകും. അടിസ്ഥാനപരമായി, സാമൂഹിക കേന്ദ്രീകൃത ശിശു സംരക്ഷണ ശൃംഖലകൾ വിന്യസിക്കുന്നത് കുഞ്ഞുങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിന് അത്യാവശ്യമാണ്.

യുദ്ധം മനുഷ്യ സമൂഹത്തിനാകെ വിപത്താണ്. കുട്ടികളെ സംബന്ധിച്ച് അത് ദീർഘകാലം നീണ്ടുനിൽക്കുന്ന സങ്കീർണതയാണ്. രക്തച്ചൊരിച്ചിലുകളെ അതിജീവിക്കുന്ന കുട്ടികൾ പുതിയ ലോകത്തിന് വലിയ വെല്ലുവിളിയാകും. അയാൻ കുർദിയുടെ വിറങ്ങലിച്ച ശരീരം മരവിപ്പിച്ച മനസ്സാക്ഷിയുമായി ഓരോ ദിനങ്ങളിലും കുട്ടികളുടെ ആർത്തനാദം കേൾക്കാൻ വിധിക്കപ്പെട്ട ജനത ഈ വിപത്തിന്റെ നേർസാക്ഷ്യമാണ്.

Latest News