Sorry, you need to enable JavaScript to visit this website.

സൗദിവല്‍ക്കരണം വിദഗ്ധ തൊഴിലുകളിലേക്കും; മെഡിക്കല്‍, ഐ.ടിയടക്കം 11 മേഖലകള്‍ ലക്ഷ്യം


0 ബഹുരാഷ്ട്ര കമ്പനികളുമായി ചര്‍ച്ച തുടങ്ങി
0  കൂടുതല്‍ മേഖലകളില്‍ പരിശീലനം

റിയാദ് - ബഹുരാഷ്ട്ര കമ്പനികളുമായും 18 സര്‍ക്കാര്‍ വകുപ്പുകളുമായും സഹകരിച്ച് 11 മേഖലകള്‍ കൂടി സ്വദേശിവല്‍ക്കരണ പദ്ധതിക്കു കീഴില്‍ കൊണ്ടുവരാന്‍ സ്വദേശിവല്‍ക്കരണ സമിതി നീക്കം ഊര്‍ജിതമാക്കി. കഴിഞ്ഞ മൂന്നു മാസമായി  ഐബിഎം, ഹുവാവെ അടക്കമുള്ള മള്‍ട്ടി നാഷണല്‍ കമ്പനികളുമായി ചര്‍ച്ചകളും ശില്‍പശാലകളും നടത്തിവരികയാണ്. സ്വകാര്യമേഖലകളില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്ന മന്ത്രിസഭ തീരുമാനമനുസരിച്ചാണ് പദ്ധതി.


അച്ചന്‍മാര്‍ എഫ്.ബി വിടുന്നു; പറയാന്‍ കാരണമുണ്ട്


മെഡിക്കല്‍, ഐടി, ഇന്‍ഡസ്ട്രിയല്‍, എഞ്ചിനീയറിംഗ് ആന്റ് ട്രേഡിംഗ് കണ്‍സല്‍ട്ടന്‍സി, ടൂറിസം, റീട്ടെയില്‍, ട്രാന്‍സ്‌പോര്‍ട്ട്, കോണ്‍ട്രാക്ടിംഗ്, അക്കൗണ്ടിംഗ്, അഭിഭാഷകവൃത്തി, റിക്രൂട്ട്‌മെന്റ് ആന്റ് ട്രൈനിംഗ് എന്നീ മേഖലകളാണ് പുതുതായി സ്വദേശിവല്‍ക്കരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യമന്ത്രാലയം, ഐ.ടി വകുപ്പ്, എഞ്ചിനീയറിംഗ് കൗണ്‍സില്‍, സൗദി ബാര്‍ അസോസിയേഷന്‍, സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ട്‌സ് തുടങ്ങിയവയുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് തൊഴില്‍മന്ത്രാലയത്തിലെ സ്വദേശിവല്‍ക്കരണസമിതി ജനറല്‍ സൂപ്പര്‍വൈസര്‍ എഞ്ചിനീയര്‍ ഗാസി അല്‍ശഹ്‌റാനി വ്യക്തമാക്കി. ഘട്ടം ഘട്ടമായി പദ്ധതി നടപ്പാക്കുന്നതിന് ഈ മേഖലകളില്‍ യോഗ്യരായ സ്വദേശികളുടെ വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്.

മന്ത്രാലയം ആവിഷ്‌കരിച്ച വിദൂര തൊഴില്‍ പദ്ധതി പ്രകാരം 50,000  സ്വദേശിവനിതകള്‍ വീട്ടിലിരുന്നോ വീടിനടുത്ത തൊഴില്‍ കേന്ദ്രത്തില്‍ വെച്ചോ ജോലി ചെയ്യുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി വരുന്നവര്‍ക്ക് പാര്‍ട് ടൈം ജോലിക്കും അവസരമൊരുക്കിവരികയാണ്. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ 400 ഫാര്‍മസിസ്റ്റുകള്‍ക്ക് തൊഴില്‍ നല്‍കാന്‍ പ്രമുഖ മരുന്നു കമ്പനിയുമായി മന്ത്രാലയം കരാറൊപ്പുവെച്ചിട്ടുണ്ട്. അതോടൊപ്പം വിവിധ ആശുപത്രികളില്‍ 133 ഡോക്ടര്‍മാരെയും നിയമിക്കും.
സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മേഖല സ്വദേശിവല്‍ക്കരിക്കുന്നതിന് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുമായും താമസ കെട്ടിടങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ആറായിരത്തോളം കെട്ടിട പരിശോധകരെ നിയമിക്കാന്‍ പാര്‍പ്പിട മന്ത്രാലയവുമായും ധാരണയിലെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം പുരാവസ്തു വകുപ്പുമായി സഹകരിച്ച് ടൂറിസം മേഖല സ്വദേശിവല്‍ക്കരിക്കുന്നതിനുള്ള വര്‍ക്ക്‌ഷോപ്പുകളും നടന്നുവരികയാണ്. ഐടി മേഖലയിലെ സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കാന്‍ ഹുവാവെ, ഐബിഎം, ആമസോണ്‍, നെസ്്‌ലെ തുടങ്ങിയ കമ്പനികളുമായി സഹകരിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
സ്വകാര്യ പൊതുമേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ച് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ 12 റീട്ടെയില്‍ മേഖലയിലെ സ്വദേശിവല്‍ക്കരണം  അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്നു. സര്‍ക്കാര്‍ മേഖലയിലെ മെയിന്റനന്‍സ് ജോലികള്‍ സ്വദേശിവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക കമ്പനി രൂപീകരിക്കുന്നതിനുള്ള റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടുണ്ട്. സാപ്റ്റ്‌കോയുമായി സഹകരിച്ച് ട്രാന്‍സ്‌പോര്‍ട്ട് മേഖലയിലെ സ്വദേശിവല്‍ക്കരണത്തിന് കാപ്റ്റന്‍ ബസ് എന്ന പദ്ധതിയാണ് നടപ്പാക്കിയിരിക്കുന്നത്. മെഡിക്കല്‍ റെപ്രസന്റേറ്റീവ് പ്രൊഫഷനുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുമായും കരാറൊപ്പുവെച്ചു. സ്വകാര്യമേഖലയുടെ വളര്‍ച്ചയില്‍ സ്വദേശികളുടെ പങ്ക് ഉറപ്പുവരുത്തുന്നതിനും യോഗ്യതക്കനുസരിച്ച് സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും മന്ത്രാലയം ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

Tags

Latest News