Sorry, you need to enable JavaScript to visit this website.

കളിക്കളങ്ങളിലെ സ്വപ്‌നയാത്രികൻ

നസ്‌റു പള്ളിശ്ശേരി
നസ്‌റു പള്ളിശ്ശേരി
ഫുട്‌ബോൾ യാത്രകളിൽ നസ്‌റുവിന്റെ ചിത്രങ്ങൾ
ഫുട്‌ബോൾ യാത്രകളിൽ നസ്‌റുവിന്റെ ചിത്രങ്ങൾ
നസ്‌റു പള്ളിശ്ശേരി

മിടുക്കനായ ഫുട്‌ബോളർ. കളിക്കാരനായിരിക്കെ തന്നെ പരിശീലക ലൈസൻസ് നേടി.ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രമുഖ ക്ലബ്ബിന്റെ റിസർവ് ടീം ഫിസിയോയായിരിക്കെ വിദേശ പഠനത്തിനായ് ഇംഗ്ലണ്ടിലേക്ക് പോയി. പഠനശേഷം അവിടെ ജോലിയും നേടി. ഇംഗ്ലണ്ടിലെ തിരക്ക് പിടിച്ച ജോലിക്കിടയിൽ ലഭിക്കുന്ന ഒഴിവ് ദിനങ്ങളിൽ വിവിധ  രാജ്യങ്ങളിലെ ഫുട്‌ബോൾ മ്യൂസിയങ്ങളും സ്‌റ്റേഡിയങ്ങളും സന്ദർശിക്കുന്ന തിരക്കിലാണ്.
പറഞ്ഞു വരുന്നത് കാളികാവ് സ്വദേശി നസ്‌റുദ്ദീൻ എന്ന നസ്‌റു പള്ളിശ്ശേരിയെക്കുറിച്ചാണ്. യു.കെയിലെ പോർട്‌സ്മത്തിലെ ക്യൂയേ അലക്‌സാണ്ട്ര ഹോസ്പിറ്റലിൽ ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന ഇരുപത്തിയെട്ടുകാരൻ. നസ്‌റു ഇതിനകം ഇറ്റലി, ജർമനി, സ്വിറ്റ്‌സർലന്റ്, സ്‌കോട്‌ലൻറ്, വെയിൽസ്, ബഹ്‌റൈൻ, സൗദി അറേബ്യ എന്നീ  രാജ്യങ്ങൾ സന്ദർശിച്ചു. ലോക ഫുട്‌ബോളിനെ നിയന്ത്രിക്കുന്ന സ്വിറ്റ്‌സർലന്റിലെ ഫിഫ ആസ്ഥാനവും മ്യൂസിയവും സന്ദർശിച്ചത് നസ്‌റുവിന് മറക്കാനാവാത്ത അനുഭവമാണ്. സൂറിക്കിൽനിന്ന് അഞ്ച് മൈൽ അകലെയാണ് ഫിഫ ആസ്ഥാനവും മ്യൂസിയവും. മ്യൂസിയത്തിലേക്ക് പ്രവേശിക്കുന്നിടത്തു തന്നെ ഫിഫക്ക് കീഴിലുള്ള 211 രാഷ്ട്രങ്ങളുടെ കൊടികളും ജഴ്‌സികളും പ്രദർശിപ്പിച്ചിട്ടുണ്ട്. ഇന്ത്യ ലോകകപ്പ് കളിച്ചില്ലെങ്കിലും ആ 211 രാജ്യങ്ങൾക്കിടയിൽ  ഇന്ത്യയുടെ പതാകയും ജഴ്‌സിയും ഇടം പിടിച്ചത് കണ്ടപ്പോൾ നസ്‌റുവിന് അഭിമാനം തോന്നി. ഒറിജിനൽ സ്വർണ ലോകകപ്പ്, ആദ്യകാലത്തെ ലോകകപ്പ് ട്രോഫി, ഫിഫയുടെ അംഗീകാരമുള്ള ടൂർണമെന്റുകളിലെ ട്രോഫികൾ, ലോകകപ്പ്, യൂത്ത് വേൾഡ് കപ്പ്, വനിതാ ലോകകപ്പ്, കോൺഫെഡറേഷൻസ് കപ്പ്, ഒളിംപിക്‌സ് തുടങ്ങിയവയിൽ ജേതാക്കളായ ടീമംഗങ്ങൾക്ക് നൽകിയ മെഡലുകൾ, ആദ്യ ലോകകപ്പ് മത്സരത്തിൽ കളി നിയന്ത്രിച്ച റഫറിയുടെ വിസിൽ, ലോകകപ്പ് മത്സരങ്ങൾക്ക് വിസിലൂതിയ  റഫറിമാരുടെ ജഴ്‌സികൾ, ആദ്യ ലോകകപ്പിലുപയോഗിച്ച  ബൂട്ട്, ഓരോ ലോകകപ്പുകളിലും ഉപയോഗിച്ച പന്തുകൾ,  കൈപ്പടയിൽ എഴുതിയ പ്രഥമ ലോകകപ്പ്  മാച്ച് ലിസ്റ്റ്, 2022 വരെയുള്ള ലോകകപ്പുകളിൽ കിരീടം ചൂടിയ ടീമുകളുടെ മാച്ച് ലിസ്റ്റ്, ഏറ്റവുമൊടുവിൽ ഖത്തറിൽ ജേതാക്കളായ അർജന്റീനാ ടീമിന്റെ നായകൻ ലിയണൽ മെസ്സിയുടെയും പരിശീലകൻ ലിയണൽ സ്‌കലോനിയുടെയും പേര് ആ ലിസ്റ്റിൽ നിന്നും വായിച്ചെടുത്തപ്പോൾ അർജന്റീനാ ആരാധകൻ കൂടിയായ നസ്‌റുവിന് ഏറെ സന്തോഷം. ലോക ഫുട്ബാളിനെക്കുറിച്ചും ലോകകപ്പിനെക്കുറിച്ചും നാളിതുവരെ അറിയാത്ത പല അറിവുകളും പങ്കിട്ടും വിസ്മയ കാഴ്ചകൾ കണ്ടും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കാൽപന്ത് പ്രേമികളുമായി ആശയവിനിമയം നടത്തി അഞ്ച് മണിക്കൂർ അവിടെ ചെലവഴിച്ചത് നസ്‌റുവിന് അവിസ്മരണീയമായ അനുഭവമാണ് സമ്മാനിച്ചത്.
ഇറ്റലിയിൽ എ.സി മിലാന്റെ മ്യൂസിയം സന്ദർശിച്ചു. കണ്ണാടി കൂട്ടിൽ പ്രദർശിപ്പിച്ച തന്റെ ഇഷ്ട താരങ്ങളിലൊരാളായ കക്കക്ക് ലഭിച്ച ബാലൺഡോർ പുരസ്‌കാരമാണ് ഏറെ ആകർഷിച്ചത്. ജർമനിയിൽ ബയേൺ മ്യൂണിക്ക് ആസ്ഥാനവും സ്‌റ്റേഡിയവും സന്ദർശിച്ചു. സ്‌കോട്‌ലന്റിലെ എഡിൻബറൊ സിറ്റി എഫ്.സിയുടെയും വെയിൽസിലെ കാർഡിഫ് സിറ്റി എഫ്.സിയുടെയും സ്‌റ്റേഡിയങ്ങളും കണ്ടു. ഇംഗ്ലണ്ടിലെ ചെൽസി, വെസ്റ്റ്ഹാം, മാഞ്ചസ്റ്റർ സിറ്റി, ഓൾഡ് ട്രാഫോഡ്, പോട്‌സ്മത്ത് എഫ്.സി സ്‌റ്റേഡിയങ്ങളിൽ പല മത്സരങ്ങൾക്കും കാണിയായി. 2022ൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അണിനിരന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കളി അവരുടെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോഡ് സ്‌റ്റേഡിയത്തിൽ കണ്ടു. 2022ൽ  ജനനിബിഢമായ ഇംഗ്ലണ്ടിലെ വെബ്ലി സ്‌റ്റേഡിയത്തിൽ നടന്ന ഫൈനലിസിമയിൽ യൂറോ ചാമ്പ്യന്മാരായ ഇറ്റലിയെ ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീന കീഴടക്കുകയും നായകൻ മെസ്സി കപ്പുയർത്തുകയും ചെയ്ത കാഴ്ച ഇന്നും നസ്‌റുവിന്റെ കണ്ണുകളിലുണ്ട്. 
കാളികാവ് പള്ളിശ്ശേരിയിലെ കോഴിക്കോടൻ കുഞ്ഞിമുഹമ്മദിന്റെയും റൈഹാനത്തിന്റെയും ഏഴ് മക്കളിൽ അഞ്ചാമനാണ് നസ്‌റു. അടക്കാകുണ്ട് സി.എച്ച്.എസ് സ്‌കൂൾ ടീമിലൂടെയാണ് നസ്‌റു എന്ന ഫുട്‌ബോളറുടെ തുടക്കം.
2009 ലെ  സംസ്ഥാന സബ്ബ് ജൂനിയർ ഫുട്േബാളിൽ ജേതാക്കളായ മലപ്പുറം ജില്ലാ ടീമംഗമായിരുന്നു. ഇടുക്കി ജൂനിയർ,  കേരളാ ജൂനിയർ, മംഗലാപുരം സീനിയർ, യെനപ്പോയ (മംഗലാപുരം),  അണ്ണാമലൈ ( ചെന്നൈ) യൂനിവേഴ്‌സിറ്റി ടീമുകൾക്കും കളിച്ചിട്ടുള്ള നസ്‌റു മംഗലാപുരം സൂപ്പർ ഡിവിഷൻ ലീഗിൽ യെനപ്പോയക്കു വേണ്ടി തുടർച്ചയായി നാല് വർഷം ടോപ്പ്‌സ്‌കോററായി. 2013, 2015 വർഷങ്ങളിൽ കർണ്ണാടകയുടെയും, 2019ൽ തമിഴ്‌നാടിന്റെയും സന്തോഷ് ട്രോഫി കോച്ചിംഗ് ക്യാമ്പുകളിൽ ഇടം പിടിച്ചു. കോളേജിലെ പരീക്ഷ കാരണം 2013 ലെ കർണാടക സന്തോഷ് ട്രോഫി ക്യാമ്പിൽ പങ്കെടുക്കാനായില്ല. തമിഴ്‌നാടിന്റെ കോച്ചിംഗ് ക്യാമ്പിലായിരിക്കെ കാലിനേറ്റ പരിക്കുമൂലം ക്യാമ്പ് പൂർത്തിയാക്കാനും കഴിഞ്ഞില്ല. പരിക്കില്ലായിരുന്നുവെങ്കിൽ   2019ലെ സന്തോഷ് ട്രോഫിയിൽ തമിഴ്‌നാടിനു വേണ്ടി ആ കാളികാവുകാരൻ ബൂട്ട് കെട്ടുമായിരുന്നു. കെ.എസ്.ഇ.ബിക്ക് ഗസ്റ്റ് കളിക്കാൻ ക്ഷണമുണ്ടായെങ്കിലും പഠനം പാതിവഴിയിൽ ഉപേക്ഷിക്കാൻ നസ്‌റു തയ്യാറായില്ല. നസ്‌റു സെവൻസ് കളിച്ച ടീമുകൾ കെ.എഫ്.സി കാളികാവ്, 
സ്‌കൈ ബ്ലൂ എടപ്പാൾ, ഹിറ്റാച്ചി തൃക്കരിപ്പൂർ, ഷൂട്ടേഴ്‌സ് പടന്ന, സബാൻ കോട്ടക്കൽ, ടൗൺ ടീം അരീക്കോട്, അൽ മദീന ചെർപ്പുളശ്ശേരി, അൽ മിൻഹാൽ വളാഞ്ചേരി, എഫ്.സി തൃക്കരിപ്പൂർ, തുടങ്ങിയവയാണ്. ഇന്ത്യൻ താരം ആഷിക്ക് കുരുണിയൻ, മുൻ മോഹൻ ബഗാൻ താരം വാഹിദ് സാലി, സന്തോഷ് ട്രോഫി താരങ്ങളായ സിറാജ് ചെമ്മിലി, ഫൈസൽ കോട്ടക്കൽ, അഫ്ദൽ മുത്തു തുടങ്ങിയവരോടൊപ്പമെല്ലാം കളിച്ചിട്ടുണ്ട്.
എസ്.എസ്.എൽ.സിക്കും  പ്ലസ് ടുവിനും പഠനത്തിൽ പിന്നോക്കമായിരുന്ന നസ്‌റു പിന്നീടങ്ങോട്ട്  ഒരു ഫുട്‌ബോളർ കളിക്കളത്തിൽ പ്രകടിപ്പിക്കുന്ന വീറും വാശിയോടും കൂടി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ഫിസിയോ തെറാപ്പിയിൽ ബിരുദവും രണ്ട് ബിരുദാനന്തര ബിരുദവും മൂന്ന് പി.ജി ഡിപ്ലോമയും നേടി. ബിരുദാനന്തര ബിരുദത്തിലൊന്ന് ഇന്റർനാഷനലാണ് (എം.എസ്.സി സ്ട്രങ്ത്ത് കണ്ടീഷനിംഗ് റിഹാബിലേഷൻ, പോർട്ട്‌സ്മത്ത് യൂനിവേഴ്‌സിറ്റി, യു.കെ).പി.ജി ഡിപ്ലോമയിലൊന്ന് ഫിഫ ഫുട്‌ബോൾ മെഡിസിനാണ്. ഫിസിയോ തെറാപ്പി കോഴ്‌സിന് ചേർന്നപ്പോൾ ഉളുക്കും ചതവും നോക്കുന്ന കോഴ്‌സെന്ന് പറഞ്ഞ് കൂട്ടുകാർ പരിഹസിച്ചിരുന്നു. എന്നാൽ, അവരെല്ലാം പിന്നീട് നസ്‌റുവിനെ അഭിനന്ദിക്കുകയായിരുന്നു. 
ഒരു സാധാരണ കർഷക കുടുംബാംഗമായ നസ്‌റു പഠനത്തിന് പണം കണ്ടെത്തിയിരുന്നത് സെവൻസ് കളിച്ചായിരുന്നു. വിദേശ ബിരുദം നേടണമെന്നത് നസ്‌റുവിന്റെ വലിയ മോഹമായിരുന്നു. 2021ലാണ് വിദേശ പഠനത്തിന് ഇംഗ്ലണ്ടിലെത്തിയത്. രണ്ട് വർഷമായിരുന്നു പഠനം. 2023 ൽ ജോലിയും ലഭിച്ചു. പഠനകാലത്തു തന്നെ സഞ്ചാരത്തിന് തുടക്കമിട്ടിരുന്നു. ഇപ്പോൾ ജോലിയായി, വരുമാനമായതോടെ സഞ്ചാരത്തിന് വേഗം കൂടി. ആഴ്ചയിലെ അവധി ദിനങ്ങളിലും മറ്റു ഒഴിവ് ദിവസങ്ങളിലുമാണ് സഞ്ചാരം. സൗദി അറേബ്യ രണ്ട് തവണ സന്ദർശിച്ചിട്ടുണ്ട്. സൗദിയിലേക്കുള്ള യാത്രയുടെ ഉദ്ദേശ്യം ഉംറ നിർവഹിക്കുകയും പ്രവാചക നഗരിയായ മദീന സന്ദർശിക്കലുമായിരുന്നു. ഏറ്റവുമൊടുവിൽ മൂന്നാഴ്ച മുമ്പാണ്  സൗദി സന്ദർശിച്ചത്. നെയ്മാറും റൊണാൾഡോയുമടക്കം യൂറോപ്പിലെ പ്രശസ്തരായ നിരവധി താരങ്ങൾ നിലവിൽ പന്ത് തട്ടുന്ന റിയാദിലെ പ്രശസ്തമായ കിംഗ് ഫഹദ് സ്‌റ്റേഡിയം സന്ദർശിക്കണമെന്നുണ്ടായിരുന്നു. സന്ദർശന ദിവസം റിയാദ് സ്‌റ്റേഡിയത്തിൽ കളിയില്ലാത്തതിനാൽ ആ ആഗ്രഹം നിറവേറ്റാനായില്ല.
2017ൽ ഫിസിയോയിൽ ബിരുദം നേടിയശേഷം  വണ്ടൂരിലെ ഒരു സ്വകാര്യ ക്ലിനിക്കിലാണ് ആദ്യമായി ഫിസിയോ തെറാപ്പിസ്റ്റായി ജോലി ചെയ്തത്. ആദ്യമായി ഒരു ടീമിന്റെ ഫിസിയോയാകുന്നത് മലപ്പുറം എം.എസ്.പി ഫുട്‌ബോൾ അക്കാദമിക്കു വേണ്ടി ഗോവയിൽ നടന്ന 'ഐ' ലീഗ് അണ്ടർ 15 ടൂർണമെന്റിലാണ്. പൂനെയിൽ നടന്ന അണ്ടർ 13 'ഐ' ലീഗ് ടൂർണമെന്റിലും എം.എസ്.പിക്കു വേണ്ടി ഫിസിയോയായി.  2021ന്റെ തുടക്കത്തിൽ കുറച്ചു കാലം ഹൈദരാബാദ് എഫ്.സി റിസർവ് ടീമിന്റെ ഫിസിയോയായിട്ടുണ്ട്. ഫുട്‌ബോൾ പരിശീലകർക്കായുള്ള 'ഡി' ലൈസൻസ് നേടിയ നസ്‌റു അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ ക്ഷണപ്രകാരം കോച്ചിംഗ് ട്യൂട്ടർ കോഴ്‌സിൽ ഫിസിയോ ക്ലാസുകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഐ ലീഗ്, ഐ.എസ്.എൽ ക്ലബ്ബുകളിൽനിന്ന് ഫിസിയോയായി ക്ഷണമുണ്ടായിരുന്നെങ്കിലും അതിനിടെയാണ് വിദേശ പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയത്.
ഇംഗ്ലണ്ടിൽ  ദീർഘകാലം തുടരണമെന്ന മോഹം നസ്‌റുവിനില്ല. അവിടെയുള്ള കാലം കൂടുതൽ രാജ്യങ്ങൾ സന്ദർശിക്കണം. ഇന്ത്യയിൽ ഏതെങ്കിലും വലിയ ക്ലബ്ബിന്റെ ഫിസിയോ ആകണമെന്നാണ് മോഹം. അതിനു മുമ്പ് പി.എച്ച്.ഡി ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതിനുള്ള തയ്യാറെടുപ്പുകൾ  തുടങ്ങിക്കഴിഞ്ഞു. ഓരോ യാത്രയിലും ലഭിക്കുന്ന ഫുട്‌ബോൾ അറിവുകളെല്ലാം പുതു തലമുറക്ക് പകർന്നു നൽകണമെന്ന ആഗ്രഹത്തിലും ആവേശത്തിലുമാണ് പരിശീലകനും കളിക്കാരനും ഫിസിയോയുമായ നസ്‌റു പള്ളിശ്ശേരി.

 

 

Latest News