Sorry, you need to enable JavaScript to visit this website.

എന്തുകൊണ്ട് ഇന്ത്യ മാത്രം?

ഇന്ത്യക്കെതിരായ ഏഴ് ലോകകപ്പ് മത്സരങ്ങളിൽ ഒന്നു പോലും ജയിക്കാൻ പാക്കിസ്ഥാന് സാധിച്ചിട്ടില്ല. എന്താണ് പാക്കിസ്ഥാനെ തടയുന്നത്? അവരുടെ മുൻകാല ക്യാപ്റ്റന്മാർ പറയുന്നു.... 

ലോക ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ പോരാട്ടമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ. രണ്ട് രാജ്യങ്ങളിലെ കോടിക്കണക്കിനാളുകൾ ജീവന്മരണ പോരാട്ടം പോലെ വീക്ഷിക്കുന്നതാണ് ഈ കളികൾ. പക്ഷെ ലോകകപ്പിൽ ഈ ടീമുകൾ ഏറ്റുമുട്ടിയപ്പോൾ എല്ലായ്‌പോഴും ഒരേ ഫലമാണ്, ഏഴു കളികളിൽ ഏഴും ഇന്ത്യ ജയിച്ചു. 
അഞ്ചു തവണയും ടോസ് കിട്ടിയത് ഇന്ത്യക്ക് ഗുണം ചെയ്തുവോ? പിരിമുറുക്കത്തിൽ എളുപ്പം വീണുപോവുന്ന ടീമാണോ പാക്കിസ്ഥാൻ? 
വിശകലനങ്ങളേറെയാണ്. തോൽവിക്ക് പ്രത്യേകിച്ച് ഒരു കാരണവും കാണിക്കാനില്ലെന്നാണ് മുൻ പാക്കിസ്ഥാൻ നായകൻ വസീം അക്രം പറയുന്നത്. സമ്മർദ്ദത്തിനടിപ്പെടുന്നതാണ് പ്രധാന കാരണമെന്ന് നാലു തവണ തോറ്റ പാക് ടീമിൽ ഉണ്ടായിരുന്ന ഇൻസമാമുൽ ഹഖ് കരുതുന്നു. ടോസിന്റെ ഭാഗ്യവും ഇന്ത്യക്കായിരുന്നുവെന്ന് ഇൻസമാം അഭിപ്രായപ്പെട്ടു. എന്നാൽ പാക്കിസ്ഥാൻ രണ്ട് തവണ ടോസ് നേടിയപ്പോഴും തലവിധി മാറിയില്ല. 2003 ലെ ലോകകപ്പ് സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയനിൽ സചിൻ ടെണ്ടുൽക്കറുടെ മിന്നുന്ന ബാറ്റിംഗിലാണ് പാക്കിസ്ഥാൻ വീണത്. 2019 ൽ പാക്കിസ്ഥാൻ ടോസ് നേടി ഫീൽഡിംഗ് തെരഞ്ഞെടുത്തപ്പോൾ മാഞ്ചസ്റ്ററിൽ രോഹിത് ശർമ അരങ്ങു വാണു. ആ തോൽവിയിലാണ് സർഫറാസ് അഹമ്മദിന്റെ ക്യാപ്റ്റൻസി തെറിച്ചത്. 

1992 ൽ ആദ്യ മത്സരം
ആദ്യ നാലു ലോകകപ്പുകളിൽ ഇന്ത്യ-പാക്കിസ്ഥാൻ മത്സരമുണ്ടായിരുന്നില്ല. 1992 ലെ ലോകകപ്പിൽ സിഡ്‌നിയിലായിരുന്നു ആദ്യ മുഖാമുഖം. 217 റൺസിന്റെ ചെറിയ ലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 43 റൺസിന് കീഴടങ്ങി. എന്നാൽ ആ ലോകകപ്പുയർത്തിയത് പാക്കിസ്ഥാനായിരുന്നു. ഇരു രാജ്യങ്ങളും വേദിയൊരുക്കിയ 1987 ലെ ലോകകപ്പിൽ ഇന്ത്യ-പാക്കിസ്ഥാൻ ഫൈനൽ പ്രതീക്ഷിച്ചതായിരുന്നു. പക്ഷെ രണ്ടു ടീമുകളും സെമിഫൈനലിൽ തോറ്റു. ഇന്ത്യ ഇംഗ്ലണ്ടിനോടും പാക്കിസ്ഥാൻ ഓസ്‌ട്രേലിയയോടും. 
1996 ലെ ലോകകപ്പിൽ ബാംഗ്ലൂരിൽ ഇന്ത്യയോട് തോറ്റത് പാക്കിസ്ഥാൻ ടീമിനെതിരെ നാട്ടിൽ കനത്ത രോഷത്തിനിടയാക്കി. ക്യാപ്റ്റൻ വസീം അക്രം പരിക്കഭിനയിച്ച് മാറി നിന്നതായി ആരോപണമുയർന്നു. കനത്ത സുരക്ഷയിലാണ് ടീം തിരിച്ചെത്തിയത്. ആ മത്സരം ഇതിഹാസതുല്യനായ ജാവീദ് മിയാൻദാദിന്റെ ഏകദിന കരിയറിന് അന്ത്യം കുറിച്ചു. 

വസീം-വഖാർ-അഖ്തർ
1999 ലെ ലോകകപ്പിൽ ഇന്ത്യയോട് മാത്രമല്ല ബംഗ്ലാദേശിനോടും പാക്കിസ്ഥാൻ തോറ്റു. ടീമിനെതിരെ ഒത്തുകളി അന്വേഷണമാണ് ഇത്തവണയുണ്ടായത്. റണ്ണേഴ്‌സ്അപ്പായാണ് മടങ്ങിയതെന്നതൊന്നും പാക്കിസ്ഥാൻ കളിക്കാരെ രക്ഷിച്ചില്ല. 
വസീമും വഖാർ യൂനുസും ശുഐബ് അഖ്തറുമടങ്ങുന്ന പെയ്‌സാക്രമണ നിരയുണ്ടായിട്ടും 2003 ൽ ഇന്ത്യയെ തോൽപിക്കാൻ പാക്കിസ്ഥാന് സാധിച്ചില്ല. ആറു വിക്കറ്റിന് തോറ്റു. സചിൻ ടെണ്ടുൽക്കറുടെ മിന്നുന്ന ബാറ്റിംഗ് മഹിമയിൽ അവർ മങ്ങി.
2011 ൽ മൊഹാലിയിൽ നടന്ന സെമി ഫൈനലിൽ പ്രധാനമന്ത്രിമാരായ മൻമോഹൻ സിംഗും യൂസുഫ് റാസ ഗീലാനിയുമുൾപ്പെട്ട ഗാലറിക്കു മുന്നിലാണ് പാക്കിസ്ഥാൻ കീഴടങ്ങിയത്. ഇത്തവണയും സചിനാണ് ഇന്ത്യയെ 85 റൺസോടെ കരകയറ്റിയത്. പക്ഷെ മാസ്മരിക ബാറ്റിംഗല്ല ഭാഗ്യമാണ് സചിനെ നയിച്ചത്. നാലു തവണ പാക്കിസ്ഥാൻ ഫീൽഡർമാർ സചിനെ കൈവിട്ടു. പതിനൊന്നാം ഓവറിൽ സചിൻ 23 ലെത്തി നിൽക്കെ ഫീൽഡ് അമ്പയർ സചിനെ ഔട്ട് വിധിച്ചിരുന്നു. എന്നാൽ വീഡിയൊ റിവ്യൂയിൽ സഈദ് അജ്മലിന്റെ പന്ത് ലെഗ്സ്റ്റമ്പിൽ നിന്ന് അകന്നുപോയതായാണ് ദൃശ്യങ്ങളിൽ കണ്ടത്. പാക്കിസ്ഥാൻ കളിക്കാരെ മാത്രമല്ല കാണികളെയും അമ്പരപ്പിച്ചതായിരുന്നു ഈ ദൃശ്യം. അത് വലിയ വിവാദമായി. എന്തുകൊണ്ട് തോറ്റുവെന്ന് സത്യമായും അറിയില്ലെന്ന് അന്നത്തെ ക്യാപ്റ്റൻ ശാഹിദ് അഫ്‌രീദി പറഞ്ഞു. നന്നായി കളിച്ചാണ് സെമിയിലെത്തിയത്. അഭിമാനപ്പോരാട്ടമാണെന്നും സർവം നൽകി പൊരുതണമെന്നുമാണ് കളിക്കാരെ ഉപദേശിച്ചത് -അഫ്‌രീദി ഓർക്കുന്നു. 

കാരണങ്ങൾ തിരയുമ്പോൾ

2015 ലെ ലോകകപ്പിൽ വിരാട് കോലിയാണ് പാക്കിസ്ഥാന്റെ നെഞ്ചിലെ മുള്ളായത്. കോലിയുടെ സെഞ്ചുറിയിൽ ഇന്ത്യ 76 റൺസിന് ജയിച്ചു. 2019 ൽ മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ മാഞ്ചസ്റ്ററിൽ പാക്കിസ്ഥാൻ 83 റൺസിന് കീഴടങ്ങി. 
തോൽവികൾക്ക് പ്രത്യേകിച്ചൊരു കാരണവും പറയാനില്ലെന്നാണ് വസീം അക്രമിന്റെ നിലപാട്. എന്നാൽ ഇന്ത്യ-പാക്കിസ്ഥാൻ കളിയുടെ പിരിമുറുക്കം കൂടുതൽ നന്നായി നേരിടാൻ ഇന്ത്യൻ കളിക്കാർക്ക് സാധിക്കുന്നുവെന്ന് മറ്റു ക്യാപ്റ്റന്മാർ പറയുന്നു.
ട്വന്റി20 ലോകകപ്പുകളിലും ആദ്യ അഞ്ച് കളികളിൽ ഇന്ത്യയോട് പാക്കിസ്ഥാൻ തോറ്റിരുന്നു. 2021 ൽ ദുബായിൽ ആ പതിവ് പാക്കിസ്ഥാൻ തിരുത്തി. ഏകദിനങ്ങളിലും തോൽവി പരമ്പര അവസാനിപ്പിക്കാൻ കഴിവുള്ള ടീമാണ് ഇപ്പോഴത്തെ പാക്കിസ്ഥാനെന്ന് അക്രം കരുതുന്നു.

Latest News