Sorry, you need to enable JavaScript to visit this website.

ഹമാസ്-ഇസ്രായേൽ യുദ്ധമുഖം കനത്തു; ടെൽ-അവീവിലേക്കുള്ള വിമാന സർവീസ് റദ്ദാക്കി എയർ ഇന്ത്യ

ന്യൂഡൽഹി - ഹമാസ്-ഇസ്രായേൽ യുദ്ധമുഖം തുറന്നതിന് പിന്നാലെ ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്കുള്ള വിമാന സർവീസ് റദ്ദാക്കി എയർ ഇന്ത്യ. ടെൽ അവീവിൽ നിന്ന് തിരിച്ചുള്ള സർവീസും റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
 ജർമൻ എയർലൈൻസ്, സ്വിസ് എയർ, ഓസ്ട്രിയൻ എയർലൈൻസ്, ടർക്കിഷ് എയർലൈൻസ് എന്നിവയും വിമാന സർവീസ് റദ്ദാക്കിയിട്ടുണ്ട്. ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് കേന്ദ്ര സർക്കാർ നേരത്തെ ജാഗ്രതാനിർദേശം നൽകിയിരുന്നു. അധികൃതരുടെ നിർദ്ദേശം പാലിക്കണം. അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്. സുരക്ഷിതമായ താവളത്തിന് സമീപത്ത് കഴിയണം. സർക്കാർ പുറപ്പെടുവിക്കുന്ന മാർഗ നിർദേശങ്ങൾ പിന്തുടരണം തുടങ്ങിയ നിർദേശങ്ങളാണ് കേന്ദ്രസർക്കാർ നൽകിയിട്ടുള്ളത്. അത്യാവശ്യ ഘട്ടങ്ങളിൽ എംബസിയുമായി ബന്ധപ്പെടാനുള്ള നമ്പറുകളും കേന്ദ്രം നൽകിയിട്ടുണ്ട്.
 അതിനിടെ, വ്യോമാക്രമണങ്ങളിലൂടെയും മറ്റും ഫലസ്തീൻ ജനതയെ ഇഞ്ചിഞ്ചായി കശാപ്പ് ചെയ്യുന്ന ഇസ്രായേലിന്റെ നരനായാട്ടിന് പിന്തുണ പതിച്ചു നൽകിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിലപാടിനെതിരെ മനുഷ്യസ്‌നേഹികളുടെ ഭാഗത്തുനിന്ന് കക്ഷിരാഷ്ട്രീയത്തിന് അതീതമായി വിമർശം ഉയരുന്നുണ്ട്. പിറന്ന മണ്ണിൽ ജീവനുവേണ്ടി പിടയുന്ന ഫലസ്തീനികളെ കൊന്നൊടുക്കുന്ന ബെഞ്ചമിൻ നെതന്യാഹു ഭരണകൂടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച മോഡി സർക്കാറിന്റെ തീരുമാനം മാനവികവിരുദ്ധവും രാജ്യതാൽപര്യങ്ങളെ ബലികഴിക്കുന്നതും മഹാനാണക്കേടുമാണെന്നും തിരുത്തണമെന്നും സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശങ്ങൾ ഉയരുന്നുണ്ട്. 
 ശനിയാഴ്ച ഹമാസിന്റെ അപ്രതീക്ഷിത ഇസ്രായേൽ ആക്രമണത്തിൽ നൂറിലേറെ പേർ മരിച്ചതായാണ് റിപോർട്ട്. തുടർന്ന് ഇസ്രായേലിന്റെ പ്രത്യാക്രമണത്തിൽ 250-ലേറെ പേർ മരിക്കുകയും 1700-ൽപരം പേർക്ക് പരുക്കേറ്റതായുമാണ് റിപോർട്ടുകൾ.

Latest News