Sorry, you need to enable JavaScript to visit this website.

സരിതയുടെ കത്തിലെ വിവാദ നാല് പേജ്; ഉമ്മന്‍ ചാണ്ടി നാളെ ഹാജരാകും

കൊല്ലം- സോളാര്‍ കേസില്‍ വ്യാജരേഖകള്‍ ചമച്ച് കമ്മീഷന്‍ മുമ്പാകെ ഹാജരാക്കിയെന്ന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാളെ  സാക്ഷിയായി കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാകും. സോളാര്‍ വഞ്ചനാ കേസില്‍ 2013 ജൂലൈ മൂന്നിനു സരിതാ എസ്. നായരെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കുകയും തുടര്‍ന്നു പത്തനംതിട്ട ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
2013 ജൂലായ് 24 നു പത്തനംതിട്ട ജില്ലാ ജയിലിലെത്തിയ സരിതയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍ അപേക്ഷ സമര്‍പ്പിച്ചശേഷം സരിത നല്‍കിയ 21 പേജുള്ള കത്ത് ജയില്‍ സൂപ്രണ്ട് വിശ്വനാഥ കുറുപ്പിനെ ഏല്‍പ്പിക്കുകയും അദ്ദേഹം പേജുകള്‍ എണ്ണി തിട്ടപ്പെടുത്തുകയും ചെയ്തു. സരിതയുടെ നിര്‍ദേശപ്രകാരം ഈ കത്ത് ഫെനി ബാലകൃഷ്ണന് തിരികെ നല്‍കി കൈപ്പറ്റ് രസീതും നല്‍കി. ഇതു സന്ദര്‍ശക ഡയറിയില്‍ രേഖപ്പെടുത്തുകയും ചെയ്തു. ഈ കത്ത്  കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ പി.എ പ്രദീപ്കുമാറിനെ ഏല്‍പിക്കണമെന്ന് ഫെനി ബാലകൃഷ്ണന് സരിത നിര്‍ദേശം നല്‍കിയിരുന്നു.
ജയിലിന് വെളിയില്‍ കാത്തുനിന്നിരുന്ന പ്രദീപ്കുമാര്‍ ഫെനി ബാലകൃഷ്ണനില്‍നിന്നു കത്തു വാങ്ങി തിരുവനന്തപുരത്തേക്കു പോവുകയും ഗണേഷ്‌കുമാറിന്റെ ബന്ധുവിനു കത്ത് ഏല്‍പ്പിക്കുകയും ചെയ്തു. 21 പേജുള്ള കത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള രാഷ്ട്രീയ നേതൃത്വത്തിനെതിരെ ലൈംഗികാരോപണങ്ങള്‍ ഉള്‍പ്പെടെയുള്ള ഒന്നുംതന്നെ ഇല്ലായിരുന്നുവെന്ന് ഫെനി ബാലകൃഷ്ണന്‍ കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയില്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ള ഉന്നത രാഷ്ട്രീയനേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്താന്‍ കെ.ബി. ഗണേഷ്‌കുമാറുമായി ചേര്‍ന്നു ഗൂഢാലോചന നടത്തി അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം നാലു പേജുകള്‍കൂടി സരിതയുടെ കൈപ്പടയില്‍ എഴുതിച്ചേര്‍ത്ത് സോളാര്‍ കമ്മിഷന്‍ മുമ്പാകെ ഹാജരാക്കുകയായിരുന്നുവെന്നാണ് കേസ്. തുടര്‍ന്ന് കമ്മിഷന്റെ കണ്ടെത്തലുകളിലും നിഗമനങ്ങളും ഉമ്മന്‍ചാണ്ടിക്കെതിരെ തെറ്റായ പരാമര്‍ശങ്ങള്‍ ഉണ്ടാക്കിയെന്ന് ആരോപിച്ചു മുന്‍ ജില്ലാ സര്‍ക്കാര്‍ അഭിഭാഷകന്‍ സുധീര്‍ ജേക്കബ,് അഭിഭാഷകനായ ജോളി അലക്‌സ് മുഖേന കൊട്ടാരക്കര മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഇതിന്‍ പ്രകാരം ഫെനി ബാലകൃഷ്ണന്‍, പത്തനംതിട്ട ജയില്‍ സൂപ്രണ്ട് വിശ്വനാഥകുറുപ്പ് തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഈ കേസിലാണ് ഉമ്മന്‍ചാണ്ടി ഹാജരാകുക.
 

 

 

Latest News