Sorry, you need to enable JavaScript to visit this website.

എക്‌സിറ്റ്-റീഎൻട്രി നിയമ ലംഘന തീയതി കണക്കാക്കുന്നത് എപ്പോൾ മുതൽ? 

ചോദ്യം: എക്‌സിറ്റ് റീ എൻട്രി നിയമം ലംഘിക്കപ്പെട്ടാൽ മൂന്നു വർഷത്തേക്കു സൗദിയിലേക്കു മടങ്ങിവരാനാവില്ലല്ലോ. നിയമ ലംഘനത്തിന്റെ  പേരിലുള്ള മൂന്നു വർഷ കാലാവധി കണക്കാക്കുന്നത് എക്‌സിറ്റ് റീ എൻട്രി അടിച്ച തീയതി മുതലാണോ, അതോ സൗദിയിൽനിന്ന് എക്‌സിറ്റ് റീ എൻട്രിയിൽ പോയ തീയതി മുതലാണോ? വിശദീകരിക്കാമോ?

ഉത്തരം: സൗദി ഇമിഗ്രേഷൻ നിയമ പ്രകാരം എക്‌സിറ്റ് റീ എൻട്രി നിയമ ലംഘനത്തിന്റെ പേരിലുള്ള പ്രവേശന നിരോധം കണക്കാക്കുന്നത് എക്‌സിറ്റ് റീ എൻട്രി കാലാവധി തീരുന്ന ദിവസം മുതലായിരിക്കും. അറബി മാസം കണക്കാക്കിയായിരിക്കും ഇതു തീരുമാനിക്കുക. 
സൗദിയിൽനിന്ന് എക്‌സിറ്റ് റീ എൻട്രി വിസയിൽ നാട്ടിൽ പോയ വിദേശി നിശ്ചിത തീയതിക്കകം മടങ്ങി വരാതിരിക്കുകയോ, എക്‌സിറ്റ് റീ എൻട്രിയുടെ കാലാവധി നീട്ടാതിരിക്കുകയോ ചെയ്യുമ്പോഴാണ് മൂന്നു വർഷ സൗദി പ്രവേശന നിരോധ നിയമം ബാധകമാകുന്നത്. നിരോധന കാലാവധി പൂർത്തിയാവാതെ മറ്റൊരു വിസയിൽ മടങ്ങിവരാൻ കഴിയില്ല. അതല്ലെങ്കിൽ നിലവിലെ സ്‌പോൺസറുടെ തന്നെ പുതിയ വിസയിൽ വേണം വരാൻ. 

എക്‌സിറ്റ് റീ എൻട്രി കാലാവധി കഴിഞ്ഞ ശേഷവും നീട്ടാൻ ആവുമോ?

ചോദ്യം: ആറു മാസം മുമ്പ് എക്‌സിറ്റ് റീ എൻട്രിയിൽ നാട്ടിൽ പോയ ആളാണ് ഞാൻ. 15 ദിവസം മുമ്പ് എന്റെ എക്‌സിറ്റ് റീ എൻട്രിയുടെ കാലാവധി കഴിഞ്ഞു. മൂന്നു വർഷത്തെ സൗദി പ്രവേശന നിരോധം ഇല്ലാതിരിക്കാൻ എന്റെ എക്‌സിറ്റ് റീ എൻട്രി നീട്ടാൻ കഴിയുമോ? സാധ്യമാകുമെങ്കിൽ അതു എങ്ങനെയാണ്. എന്റെ സ്‌പോൺസർ അബ്ശിർ പരിശോധിച്ചപ്പോൾ ഇഖാമക്ക് ഇപ്പോഴും കാലാവധി ഉണ്ടെന്നാണ് മനസ്സിലായത്.

ഉത്തരം: ഇത്തരമൊരു സാഹചര്യത്തിൽ സ്‌പോൺസർ ആദ്യം ചെയ്യേണ്ടത് ഫീസ് അടച്ച് എക്‌സിറ്റ് റീ എൻട്രി ഒരു മാസത്തേക്ക് നീട്ടുകയാണ്. അതിനു ശേഷം നിങ്ങൾക്കു മടങ്ങി വരാം. അതിനു മുമ്പേ ജവാസാത്ത് സിസ്റ്റത്തിൽ നിങ്ങളുടെ ഫയൽ ക്ലോസ്ഡ് ആണോ എന്നു പരിശോധിക്കണം. കാരണം എക്‌സിറ്റ് റീ എൻട്രി കാലാവധി കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ആൾ തിരിച്ചു വരാതിരിക്കുകയോ, കാലാവധി നീട്ടാതിരിക്കുകയോ ചെയ്താൽ സിസ്റ്റം ഓട്ടോമാറ്റിക് ആയി നിങ്ങളുടെ ഫയൽ ക്ലോസ് ചെയ്യും. അതുണ്ടായാൽ നിങ്ങൾ എക്‌സിറ്റ് റീ എൻട്രിയിൽ പോയി നിശ്ചിത സമയത്തിനകം മടങ്ങിവരാത്ത നിയമ ലംഘകനായായിരിക്കും പരിഗണിക്കപ്പെടുക. 
ഇഖാമയുടെ കാലാവധി കഴിഞ്ഞിട്ടില്ലെന്ന് സ്‌പോൺസർ പറയുന്ന സാഹചര്യത്തിൽ എക്‌സിറ്റ് റീ എൻട്രി ഫീസ് അടച്ച് കാലാവധി നീട്ടി നിയമാനുസൃതം നിങ്ങൾക്ക് സൗദിയിൽ മടങ്ങിയെത്താം.

സൗദിക്കു പുറത്തായിരിക്കുമ്പോൾ ഇഖാമ കാലാവധി കഴിഞ്ഞാൽ?

ചോദ്യം: ഞാൻ സൗദിക്കു പുറത്തും എന്റെ കുടുംബം സൗദിയിലുമാണ്. ഇപ്പോൾ എന്റെ ഇഖാമയുടെയും എക്‌സിറ്റ് റീ എൻട്രിയുടെയും കാലാവധി അവസാനിച്ചു. ഈ സാഹചര്യത്തിൽ എന്താണ് ചെയ്യേണ്ടത്? 

ഉത്തരം: സ്‌പോൺസർ ഫീസ് അടച്ച് ഇഖാമ പുതുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കുടുംബം സൗദിയിലായിരിക്കുന്നതിനാൽ കുടുംബത്തിന്റെ ലെവി പ്രതിമാസം 400 റിയാൽ വീതം അടച്ചെങ്കിൽ മാത്രമേ ഇഖാമ പുതുക്കാൻ സാധിക്കൂ. കുടുംബത്തിന്റെ ലെവിയും നിങ്ങളുടെ ഇഖാമ പുതുക്കുന്നതിനുള്ള ഫീസും തുടർന്ന് എക്‌സിറ്റ് റീ എൻട്രി നീട്ടുന്നതിനുള്ള ഫീസും അടച്ചാൽ മാത്രമേ തടസ്സങ്ങളൊന്നും കൂടാതെ നിയമാനുസൃതം നിങ്ങൾക്ക് സൗദിയിൽ പ്രവേശിക്കാൻ സാധിക്കൂ.

Latest News