Sorry, you need to enable JavaScript to visit this website.

കലാപഭൂമിയിൽ ചുട്ടെടുത്ത ബാറ്റുകൾ

ലോകത്തിലെ ഏറ്റവും സൈനിക സാന്നിധ്യമുള്ള പ്രദേശമാണ് കശ്മീർ. മാസങ്ങളോളമാണ് അവിടെ ഇന്റർനെറ്റ് വിഛേദിക്കപ്പെട്ടത്. സ്ഥിതിഗതികളിൽ മാറ്റമുണ്ടായെങ്കിലും അശാന്തിയുടെ കനലുകൾ അടിത്തട്ടിൽ എരിയുകയാണ്. പക്ഷെ ഇന്ത്യയിലെ പത്ത് നഗരങ്ങളിൽ ലോകകപ്പിന് ആരവമുയരുമ്പോൾ തെക്കൻ കശ്മീരിലെ ചിത്രമനോഹരമായ സംഗം നഗരവും ആഘോഷത്തിലാണ്. ബാറ്റ് നിർമാണത്തിന്റെ കേന്ദ്രമാണ് സംഗം. ബാറ്റുകൾക്കായി താങ്ങാനാവാത്ത ഓർഡറാണ് ഇവിടേക്കെത്തുന്നത്. ഐ.സി.സിയുടെ ഏത് ടൂർണമെന്റ് വരുമ്പോഴും കശ്മീർ ബാറ്റുകൾക്ക് ഡിമാന്റേറും. എന്നാൽ ഇത്തവണ ലോകകപ്പ് ഇന്ത്യയിലാണെന്നതും 12 വർഷത്തിനു ശേഷമാണ് ഇന്ത്യ ഒരു പ്രധാന ടൂർണമെന്റിന് വേദിയൊരുക്കുന്നത് എന്നതും ഡിമാന്റ് വർധിപ്പിച്ചിരിക്കുന്നു. 
മീററ്റിൽ നിന്ന് ബാറ്റ് നിർമാണ വിദഗ്ധരായ സുനിൽകുമാറിനെ പോലെയുള്ളവർ ഇപ്പോൾ സംഗം നഗരത്തിലാണ് ജോലി ചെയ്യുന്നത്. സുനിൽകുമാറിന് ഈ രംഗത്ത് രണ്ട് പതിറ്റാണ്ടിലേറെയായുള്ള പരിചയമുണ്ട്. രോഹിത് ശർമ, വിരാട് കോലി, കെ.എൽ രാഹുൽ, ആന്ദ്രെ റസ്സൽ, ഡ്വയ്ൻ ബ്രാവൊ തുടങ്ങിയ ഇന്റർനാഷനൽ കളിക്കാർക്ക് സുനിൽകുമാർ ബാറ്റ് നിർമിച്ചു കൊടുത്തിട്ടുണ്ട്. കശ്മീരി ബാറ്റുകൾ ഇന്റർനാഷനൽ ടൂർണമെന്റുകളിൽ ഉപയോഗിക്കുന്നതിന് ഐ.സി.സി അംഗീകാരം നൽകിയശേഷം ബാറ്റുകൾക്ക് വലിയ ഡിമാന്റാണെന്ന് കശ്മീരിലെ ക്രിക്കറ്റ് ബാറ്റ് മനുഫാക്ചറേഴ്‌സ് അസോസിയേഷൻ വക്താവ് ഫൗസുൽ കബീർ പറയുന്നു. 


നൂറു വർഷത്തിലേറെയായി ഞങ്ങൾ ബാറ്റ് നിർമിക്കുന്നുണ്ട്. പക്ഷെ മുമ്പൊന്നും ദേശീയ, അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിരുന്നില്ല. എന്നാൽ ഐ.സി.സി അംഗീകാരം കശ്മീർ ബാറ്റുകൾക്ക് വലിയ ഉത്തേജനം പകർന്നു -ജി.ആർ8 എന്ന പേരിൽ ബാറ്റ് നിർമിക്കുന്ന കമ്പനിയുടെ ഉടമയായ കബീർ വെളിപ്പെടുത്തി. 
ആഗോള തലത്തിൽ പ്രധാന ടൂർണമെന്റുകളിൽ ഉപയോഗിക്കുന്ന ബാറ്റുകളിൽ 80 ശതമാനവും കശ്മീരിൽ നിർമിക്കുന്നതാണെന്ന് കബീർ പറയുന്നു. വർഷം 30 ലക്ഷത്തോളം ബാറ്റുകളാണ് നിർമിക്കുന്നത്. എന്നാൽ ലോകകപ്പ് ആഗതമായതോടെ ഡിമാന്റ് പതിനഞ്ചിരട്ടിയോളം വർധിച്ചു. രണ്ടു മാസത്തിനിടയിൽ 30-40 ലക്ഷം ബാറ്റുകളാണ് നിർമിച്ചത്. 2021 വരെ കശ്മീർ ബാറ്റുകളുടെ കയറ്റുമതി ഉണ്ടായിരുന്നില്ല. ഐ.സി.സി അംഗീകാരം ലഭിച്ച ശേഷം രണ്ടു ലക്ഷത്തോളം ബാറ്റുകൾ കയറ്റുമതി ചെയ്തുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. 
ലോകകപ്പ് കാലമാണ് തങ്ങളുടെ ജീവിതത്തിൽ സുഭിക്ഷ കൊണ്ടുവരുന്നതെന്ന് മുഷ്താഖ് അഹമദ് ശെയ്ഖ് എന്ന തൊഴിലാളി പറയുന്നു. പ്രതിഫലം ഇരട്ടിയാവും. പകലും രാത്രിയും പണിയുണ്ടാവും. സാധാരണ ആയിരം ബാറ്റ് ഓർഡർ ചെയ്യുന്നവർ ലോകകപ്പ് കാലത്ത് നാലായിരത്തോളം ബാറ്റിന് ഓർഡർ നൽകും. ഇംഗ്ലണ്ടിലെ മരങ്ങളിൽ നിന്നുള്ള ബാറ്റുകളെ അപേക്ഷിച്ച് കശ്മീരി ബാറ്റുകൾ ഈട് നിൽക്കുന്നതും വില കുറഞ്ഞതുമാണെന്ന് കശ്മീരിന്റെ രഞ്ജി ട്രോഫി താരം ഉമർ ആലം പറയുന്നു. ഇംഗ്ലിഷ് ബാറ്റുകൾ ഒരു സീസണാവുമ്പോഴേക്കും മോശമാവും. കശ്മീരി ബാറ്റുകൾ മൂന്നോ നാലോ സീസണുകൾ കളിക്കാനാവും. ഇപ്പോൾ മിക്ക ഇന്റർനാഷനൽ കളിക്കാരും കശ്മീരി ബാറ്റാണ് ഉപയോഗിക്കുന്നത് -ആലം ചൂണ്ടിക്കാട്ടി. 
ലോകകപ്പ് കാലമെത്തുമ്പോൾ കശ്മീരിനും അത് അംഗീകാരമാണ്, ഈടിനും ഗുണനിലവാരത്തിനും രാജ്യാന്തര പ്രശസ്തിക്കും. 

Latest News