Sorry, you need to enable JavaScript to visit this website.

കൃഷിയുടെ വാസ്തുവിദ്യാകാരൻ

ഹരിതവിപ്ലവത്തിന്റെ പിതാവ് നോർമൻ ബോർലോഗ് ആയിരിക്കാം, എന്നാൽ ഇന്ത്യയിലെ അതിന്റെ ശിൽപി മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം.എസ് സ്വാമിനാഥനായിരുന്നു.

ഓഗസ്റ്റ് ഏഴിന് 98 വയസ്സ് തികഞ്ഞ ഇതിഹാസ കാർഷിക ശാസ്ത്രജ്ഞൻ വ്യാഴാഴ്ച കഥാവശേഷനായി. 1955-ൽ ജപ്പാനിൽനിന്നുള്ള പ്രശസ്ത ഗോതമ്പ് ജനിതക ശാസ്ത്രജ്ഞൻ ഹിതോഷി കിഹാരയിൽനിന്ന് നോറിൻ-10 എന്ന അർദ്ധ കുള്ളൻ ഇനത്തെക്കുറിച്ച് കേൾക്കുമ്പോൾ സ്വാമിനാഥന് 30 വയസ്സ് തികഞ്ഞിരുന്നില്ല. 1954 അവസാനം, ദൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിൽ (ഐ.എ.ആർ.ഐ) അസിസ്റ്റന്റ് സൈറ്റോജെനെറ്റിസ്റ്റായി അദ്ദേഹം ചേർന്നു. യു.കെയിലെ കേംബ്രിഡ്ജ് സർവകലാശാലയിൽനിന്ന് പി.എച്ച്.ഡിയും യു.എസിലെ വിസ്‌കോൺസിനിൽ രണ്ട് വർഷത്തെ പോസ്റ്റ്‌ഡോക്ടറൽ പഠനവും കഴിഞ്ഞായിരുന്നു ആ വരവ്. ഉരുളക്കിഴങ്ങിന്റെ ജനിതകശാസ്ത്രത്തിലും മഞ്ഞ്-രോഗ-പ്രതിരോധശേഷിയുള്ള ഇനങ്ങളുടെ പ്രജനനത്തിലുമായിരുന്നു അദ്ദേഹത്തിന്റെ പഠനം.

ജനിതകശാസ്ത്ര ഡിവിഷൻ എന്ന് പിന്നീട് പുനർനാമകരണം ചെയ്യപ്പെട്ട ഐ.എ.ആർ.ഐയുടെ ബോട്ടണി ഡിവിഷനിൽ സ്വാമിനാഥന്റെ ശ്രദ്ധ ഗോതമ്പിലേക്ക് മാറി. വളപ്രയോഗത്തോട് പ്രതികരിക്കുന്ന അർദ്ധ കുള്ളൻ ഇനങ്ങളുടെ പ്രജനനത്തിന്റെ ആവശ്യകത അദ്ദേഹത്തിന് ബോധ്യപ്പെട്ടു.

പരമ്പരാഗത ഗോതമ്പ് ഇനങ്ങൾ നീളമുള്ളതും മെലിഞ്ഞതുമായിരുന്നു. അതിന്റെ ചെടികൾ 4.5-5 അടി വരെ നീളമുള്ളതും ദുർബലമായ തണ്ടുകളുള്ളതുമായിരുന്നു. നന്നായി ധാന്യങ്ങൾ പിടിക്കുമ്പോൾ ഭാരത്താൽ ആ ചെടികൾ തല കുനിച്ചു, പലപ്പോഴും നിലത്ത് വീണു. ഹെക്ടറിന് 1-1.5 ടൺ വരെ മാത്രമായിരുന്നു വിളവ്.
സ്വാമിനാഥന്റെ മനസ്സിൽ പുതിയ ഇനങ്ങളുണ്ടായിരുന്നു, ഉയർന്ന  തോതിലുള്ള കൃത്രിമവളപ്രയോഗത്തിൽ പിടിച്ചുനിൽക്കാൻ കഴിയുന്ന ഇനങ്ങളായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. ഒരു ടൺ ഗോതമ്പ് ഉൽപ്പാദിപ്പിക്കുന്നതിന് 25 കിലോ നൈട്രജൻ ആവശ്യമാണ്. വിളവ് ഹെക്ടറിന് നാല് ടണ്ണായി ഉയർത്തണമെങ്കിൽ, 100 കിലോ നൈട്രജൻ നൽകണം. ഉയരമുള്ള ഇനങ്ങൾക്ക് 40-50 കിലോപോലും താങ്ങാൻ ശേഷിയില്ലെന്ന് അദ്ദേഹം മനസ്സിലാക്കി.

കൂടുതൽ പോഷകങ്ങൾ ആഗിരണം ചെയ്യാനും അവയെ ധാന്യമാക്കി മാറ്റാനും ഗോതമ്പ് ചെടികളുടെ 'വാസ്തുവിദ്യ' മാറ്റുന്നതാണ് പരിഹാരമെന്ന് സ്വാമിനാഥന് അറിയാമായിരുന്നു. പുതിയ ഇനങ്ങൾ ശക്തമായ കാണ്ഡത്തോടുകൂടിയ അർദ്ധ-കുള്ളൻ ആയിരിക്കണം. അത് വൻതോതിൽ വളപ്രയോഗം നടത്തിയാലും വാടിപ്പോകില്ല. ധാന്യം കായ്ക്കുന്ന കതിരുകൾ നിവർന്നുനിൽക്കും. കുലകൾ തന്നെ കൂടുതൽ ധാന്യങ്ങൾ വഹിക്കാൻ തക്ക വലിപ്പമുള്ളതായിരിക്കണം.

സ്വാമിനാഥൻ തുടക്കത്തിൽ മ്യൂട്ടജെനിസിസ് വഴി അർദ്ധ-കുള്ളൻ ഗോതമ്പ് ഇനങ്ങൾ വികസിപ്പിച്ചെടുക്കാൻ ശ്രമിച്ചു. സസ്യങ്ങളെ വികിരണത്തിന് വിധേയമാക്കി അവയുടെ ഡി.എൻ.എയിൽ അഭികാമ്യമായ പരിഷ്‌കാരങ്ങൾ അവതരിപ്പിക്കാനായിരുന്നു പദ്ധതി. ചെടിയുടെ ഉയരം കുറയുന്നത് കുലകളുടെ വലുപ്പവും കുറയുന്നതിന് കാരണമായതിനാൽ ഈ തന്ത്രം ഫലവത്തായില്ല.
അപ്പോഴാണ് കിഹാര, നോറിൻ-10 ഗോതമ്പിനെക്കുറിച്ച്  സ്വാമിനാഥനോട് പറയുന്നത്. ഈ ഇനത്തിന് 2-2.5 അടി മാത്രമേ ഉയരമുള്ളുവെങ്കിലും വലിയ കുലകളുണ്ട്. 

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജപ്പാനിൽ ജനറൽ ഡഗ്ലസ് മക്ആർതറിന്റെ കീഴിലുള്ള യു.എസ് അധിനിവേശ സേനയുമായി ബന്ധപ്പെട്ടിരുന്ന കാർഷിക ശാസ്ത്രജ്ഞനായ സാമുവൽ സെസിൽ സാൽമൺ 1949 ൽ നോറിൻ -10 ന്റെ വിത്തുകൾ കൊണ്ടുപോയി ഓർവിൽ വോഗലിന് നൽകിയതായി കിഹാര പറഞ്ഞു. പുൾമാനിലെ വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ യു.എസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചർ, പ്രാദേശികമായി വളർത്തിയ യു.എസ് ബ്രീഡർ ഗോതമ്പുമായി നോറിൻ-10 ക്രോസ് ചെയ്തു. ആ ക്രോസ്സുകളിൽനിന്ന് വോഗൽ 1956 ൽ ഒരു ഇനം വികസിപ്പിച്ചു.  അത് 25 ശതമാനം കൂടുതൽ ഉൽപാദനം നൽകുകയും 'ഗെയിൻസ്' എന്ന പേരിൽ പുറത്തിറക്കുകയും ചെയ്തു.

സ്വാമിനാഥൻ വോഗലിന് കത്തെഴുതി, 'ഗെയിൻസിന്റെ' വിത്തുകൾ ആവശ്യപ്പെട്ടു. വോഗൽ അത് നൽകാൻ തയാറായിരുന്നു. പക്ഷേ ശീതകാല ഗോതമ്പായ 'ഗെയിൻസ്' ഇന്ത്യൻ സാഹചര്യങ്ങളിൽ പൂക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. റോക്ക്‌ഫെല്ലർ ഫൗണ്ടേഷന്റെ മെക്സിക്കോ അഗ്രികൾച്ചർ പ്രോഗ്രാമിന്റെ കൂടെയുണ്ടായിരുന്ന നോർമൻ ബോർലോഗിനെ സമീപിക്കാൻ അദ്ദേഹം സ്വാമിനാഥനെ ഉപദേശിച്ചു. വോഗൽ തന്റെ യഥാർത്ഥ ക്രോസ്സിനൊപ്പം നോറിൻ-10 ന്റെ വിത്തുകളും ബോർലോഗുമായി പങ്കിട്ടു. തുടർന്ന് മെക്‌സിക്കോയിൽ വിളയുന്ന സ്പ്രിംഗ് ഗോതമ്പിനൊപ്പം ഇവ ക്രോസ്സ് ചെയ്തു. നോറിൻ-10 ന്റെ കുള്ളൻ ജീനുകൾ ഉൾക്കൊള്ളുന്ന ഉയർന്ന വിളവ് നൽകുന്ന ഇനങ്ങൾ വികസിപ്പിക്കുകയും അത് ഇന്ത്യയിലെ കൃഷിക്ക് കൂടുതൽ അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്തു.

സ്വാമിനാഥൻ ബോർലോഗിന് കത്തെഴുതുകയും അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിക്കാൻ അന്നത്തെ ഐ.എ.ആർ.ഐ ഡയറക്ടർ ബി.പി പാലിനോട് നിർദ്ദേശിക്കുകയും ചെയ്തു.  പുതുതായി വികസിപ്പിച്ച വിത്തുകൾ അയയ്ക്കാൻ ബോർലോഗ് സമ്മതിച്ചിരുന്നു, പക്ഷേ ഇവിടെ അവ വളരുന്ന സാഹചര്യങ്ങൾ പഠിക്കേണ്ടിയിരുന്നു. ബോർലോഗിന്റെ സേവനങ്ങൾ വിട്ടുതരാൻ റോക്ക്‌ഫെല്ലർ ഫൗണ്ടേഷനോട് അഭ്യർഥിക്കുന്നത് 1962 വരെ നീണ്ടു.

ഒടുവിൽ 1963 മാർച്ചിൽ ബോർലോഗ് എത്തി. ഉത്തരേന്ത്യയിൽ ഗോതമ്പ് കൃഷി ചെയ്യുന്ന പ്രധാന പ്രദേശങ്ങൾ സന്ദർശിച്ച ശേഷം, 1963 ഒക്ടോബറിൽ അദ്ദേഹം നാല് മെക്‌സിക്കൻ ഇനങ്ങളുടെ 100 കിലോ വിത്ത് അയച്ചു. 1963-64 റാബി സീസണിൽ ഐ.എ.ആർ.ഐയിലും പരീക്ഷണ പാടങ്ങളിലും ഇവ വിതച്ചു. പന്ത്‌നഗർ, കാൺപൂർ (ഉത്തർപ്രദേശ്), ലുധിയാന (പഞ്ചാബ്), പൂസ (ബീഹാർ) എന്നിവിടങ്ങളായിരുന്നു പരീക്ഷണം.
ഇതിന്റെ ഫലങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട്, സ്വാമിനാഥൻ ഉയർന്ന വിളവ് നൽകുന്ന ഇനങ്ങൾ യഥാർഥ കർഷകരുടെ വയലുകളിൽ പരീക്ഷിക്കണമെന്ന് നിർദ്ദേശിച്ചു. 1964 നവംബറിൽ ദൽഹിയിലെ ജൗന്തി ഗ്രാമത്തിലെ കർഷകർ സോനോറ 64, ലെർമ റോജോ 64 എ എന്നീ ഗോതമ്പിനങ്ങൾ നട്ടുപിടിപ്പിച്ചു. അവരിൽ ഭൂരിഭാഗവും 4 ടണ്ണും ചിലർ 4.5 ടണ്ണും ഒരു ഹെക്ടറിൽനിന്ന് വിളവെടുത്തു. ഹരിതവിപ്ലവത്തിന് ഇന്ത്യയിൽ അങ്ങനെ യഥാർഥത്തിൽ വിത്തുപാകി. 

മെക്‌സിക്കൻ ഗോതമ്പ് ഇനങ്ങളുടെ ഇന്ത്യയിലെ സാധ്യത ആദ്യം തിരിച്ചറിഞ്ഞതിന് സ്വാമിനാഥന് വലിയ ക്രെഡിറ്റ് നൽകണം. ഇത് സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഏഷ്യയിൽ ഒരു ഹരിതവിപ്ലവം ഉണ്ടാകുമായിരുന്നില്ല- ബോർലോഗ് പിന്നീട് പറഞ്ഞു.

1965-66 ലും 1966-67 ലുമുണ്ടായ തുടർച്ചയായ രണ്ട് വരൾച്ചയെ തുടർന്നാണ് യഥാർഥ ഹരിതവിപ്ലവം സംഭവിച്ചത്. ഭക്ഷ്യധാന്യ ഉൽപ്പാദനം ഈ രണ്ട് വർഷങ്ങളിൽ 72-74 ദശലക്ഷം ടണ്ണായി കുറഞ്ഞതിനാൽ ഇന്ത്യക്ക് ഇറക്കുമതിയെ ആശ്രയിക്കേണ്ടിവന്നു, പ്രധാനമായും യു.എസിൽനിന്ന്. തുടർന്ന് ലെർമ റോജോ 64 എ, സോനോറ 64 എന്നിവയുടെ 18,000 ടൺ വിത്തുകൾ ഇറക്കുമതി ചെയ്യാൻ ഗവൺമെന്റ് രാഷ്ട്രീയ തീരുമാനമെടുത്തു. ബാക്കിയുള്ളത് ചരിത്രമായിരുന്നു. കർഷകർ ആ വിത്തുകൾ നട്ടുപിടിപ്പിച്ചത് ഇന്ത്യയുടെ ഭക്ഷ്യധാന്യ ഉൽപ്പാദനം 1967-68 ൽ 95 മില്യൺ ടണ്ണിലേക്കും 1970-71 ആയപ്പോഴേക്കും 108.4 ലേക്കും ഉയർന്നു. ഗോതമ്പ് ഉൽപ്പാദനം മാത്രം 1966-67ൽ 11.4 മില്യൻ ടണ്ണിൽനിന്ന് 1967-68ൽ 16.5 മില്യൻ ടണ്ണും 1970-71ൽ 23 മില്യൻടണ്ണുമായി ഉയർന്നു.

ഹരിതവിപ്ലവം അവിടെ അവസാനിച്ചില്ല: അറുപതുകളുടെ അവസാനത്തോടെ, ഇന്ത്യൻ ശാസ്ത്രജ്ഞർ അവരുടെ സ്വന്തം കല്യാൺസോണ, സൊണാലിക ഗോതമ്പ് ഇനങ്ങളും വികസിപ്പിച്ചെടുത്തു. ഇറക്കുമതി ചെയ്ത ചുവന്ന ഗോതമ്പിനെക്കാൾ മികച്ച ചപ്പാത്തി ഉണ്ടാക്കുന്ന ഗുണനിലവാരമുള്ള ആമ്പർ നിറമുള്ള ധാന്യങ്ങൾ ഇവ ഉത്പാദിപ്പിച്ചു.

ഇതിനെല്ലാം പിന്നിലുള്ള ആസൂത്രകനും തന്ത്രജ്ഞനും തീർച്ചയായും സ്വാമിനാഥനായിരുന്നു. ഇതൊക്കെയാണെങ്കിലും, ഹരിതവിപ്ലവത്തിന്റെ പ്രതികൂല പാർശ്വഫലങ്ങളെക്കുറിച്ച് അദ്ദേഹം അജ്ഞനായിരുന്നില്ല. 1968 ജനുവരിയിൽ തന്നെ, വാരണാസിയിൽ നടന്ന ഇന്ത്യൻ സയൻസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ട്, ഒന്നോ രണ്ടോ ഉയർന്ന വിളവ് തരുന്ന ഇനങ്ങൾക്കുവേണ്ടി പ്രാദേശികമായി പൊരുത്തപ്പെടുത്തുന്ന നിരവധി ഇനങ്ങൾ അതിവേഗം മാറ്റിസ്ഥാപിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. മണ്ണിന്റെ ഫലഭൂയിഷ്ഠത മാനിക്കാതെയുള്ള കൃഷി ആത്യന്തികമായി കൃഷിഭൂമിയെ മരുഭൂമിയാക്കി മാറ്റുമെന്നും കീടനാശിനികളുടെയും കുമിൾനാശിനികളുടെയും കളനാശിനികളുടെയും വിവേചനരഹിതമായ ഉപയോഗവും  ഭൂഗർഭജലത്തിന്റെ അശാസ്ത്രീയമായ ഊറ്റിയെടുക്കലും ദീർഘകാലാടിസ്ഥാനത്തിൽ തിരിച്ചടിയാകുമെന്നും പ്രവചനാത്മകമായി അദ്ദേഹം പറഞ്ഞു. ഹരിതവിപ്ലവത്തെ 'നിത്യഹരിത വിപ്ലവം' ആക്കി മാറ്റുന്നതിനുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങളുടെ ആമുഖമായിരുന്നു അത്. 'പാരിസ്ഥിതിക ദോഷങ്ങളില്ലാതെ ശാശ്വതമായി ഉൽപാദനക്ഷമത മെച്ചപ്പെടുത്തൽ' എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

ഇന്ത്യൻ കൃഷിയെക്കുറിച്ചുള്ള അതേ അഭിനിവേശവും ഉത്കണ്ഠയും സ്വാമിനാഥന് കൃഷിക്കാരുടെ ക്ഷേമത്തിലും ഉണ്ടായിരുന്നു. 2004-06-ൽ അദ്ദേഹം നേതൃത്വം നൽകിയ കർഷകർക്കായുള്ള ദേശീയ കമ്മീഷൻ, വിളകൾക്ക് കുറഞ്ഞ താങ്ങുവില ഉൽപ്പാദനച്ചെലവിന്റെ 50 ശതമാനമെങ്കിലും കൂടുതലായിരിക്കണമെന്ന് ശുപാർശ ചെയ്തപ്പോൾ, അത് കൃഷിക്കാരോടൊപ്പം നിൽക്കുന്ന ഒരു കാർഷിക ശാസ്ത്രജ്ഞന്റെ ഭാവനാത്മകമായ നിർദേശമായി. ഇന്ന് ഇന്ത്യയിലെ മിക്ക കർഷകർക്കും ഈ 'സ്വാമിനാഥൻ ഫോർമുല' അറിയാം, രാജ്യത്തെ ഭക്ഷ്യധാന്യത്തിൽ സ്വയംപര്യാപ്തമാക്കിയ വിപ്ലവത്തിന് തുടക്കമിട്ട ഇതിഹാസ ശാസ്ത്രജ്ഞനാണ് അദ്ദേഹമെന്ന് അറിയില്ലെങ്കിൽ പോലും...

Latest News