Sorry, you need to enable JavaScript to visit this website.

ഡോ.സ്വാമിനാഥന്‍ വയനാടിനു വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ മഹാപ്രതിഭ

വയനാട് പുത്തൂര്‍വയലിലെ ഡോ.എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം.

കല്‍പറ്റ-വയനാടിനു വിലപ്പെട്ട സംഭാവനകള്‍ ചെയ്ത മഹാപ്രതിഭയാണ് ചെന്നൈയില്‍ അന്തരിച്ച ഡോ.എം.എസ്.സ്വാമിനാഥന്‍. കല്‍പറ്റയ്ക്കു സമീപം പുത്തൂര്‍വയലില്‍ 1997 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ഗവേഷണനിലയത്തിലൂടെ പകരംവയ്ക്കാനില്ലാത്ത സേവനമാണ് ഡോ.സ്വാമിനാഥന്‍ വയനാടന്‍ ജനതയ്ക്കു ലഭ്യമാക്കിയത്. ജൈവവൈവിധ്യത്തിന്റെയും നാട്ടറിവുകളുടെയും സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും ശാസ്ത്ര-സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ്  പുത്തൂര്‍വയല്‍ നിലയം.  വയനാടിനോടും ഇവിടത്തെ ജനതയോടുമുള്ള  ഡോ.സ്വാമിനാഥന്റെ പ്രത്യേക താത്പര്യമാണ് ഇതിനു നിദാനമായതെന്നു അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ പറയുന്നു. അന്തരിച്ച കല്‍പറ്റ കൊട്ടാരം നാരായണസ്വാമി ഡോ.സ്വാമിനാഥന്റെ പിതൃസഹോദരനാണ്. ഡോ.സ്വാമിനാഥന്റെ അടുത്ത ബന്ധുവാണ് പുത്തൂര്‍വയല്‍ നിലയത്തിന്റെ സ്ഥാപക മാനേജര്‍ എ.രത്നസ്വാമി. പുത്തൂര്‍വയലില്‍ ഗവേഷണനിലയം ആരംഭിച്ചശേഷം മിക്കവര്‍ഷങ്ങളിലും ഡോ.സ്വാമിനാഥന്‍ വയനാട്ടില്‍ എത്തിയിയിരുന്നു. ഏറ്റവും ഒടുവില്‍ 2017ലാണ് ഗവേഷണ നിലയം സന്ദര്‍ശിച്ചത്.  
പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനു പ്രത്യേക  ഊന്നല്‍ നല്‍കിയാണ് പൂത്തൂര്‍വയലിലെ ഗവേഷണ നിലയത്തിന്റെ പ്രവര്‍ത്തനം. മനുഷ്യരെ പ്രകൃതിയിലേക്ക് തിരിച്ചുനടത്തുന്നതില്‍ വലിയ പങ്കാണ് ഗവേഷണ നിലയം വഹിക്കുന്നത്. കര്‍ഷകരെയും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളെയും സാമൂഹിക സംഘടനകളെയും കൂട്ടിയോജിപ്പിച്ചാണ് ഗവേഷണ നിലയം ജൈവവൈവിധ്യ സംരക്ഷണത്തിന് നേതൃത്വം നല്‍കുന്നത്.
200ല്‍ അധികം പരമ്പരാഗത ഇനം വിളകള്‍, വംശനാശ ഭീഷണി നേരിടുന്ന 200 ഓളം ഇനം സസ്യങ്ങള്‍, നാനൂറോളം ഇനം വംശീയ-ഔഷധ സസ്യങ്ങള്‍ എന്നിവയുടെ സംരക്ഷണം, അധികം അറിയപ്പെടാത്ത ഭക്ഷ്യജപോഷകാഹാരങ്ങളുടെ പ്രചാരണം എന്നിവ നിലയം നടത്തിവരുന്നുണ്ട്. കേരളത്തില്‍ ആദ്യമായി കര്‍ഷകരുടേതായി അംഗീകരിക്കുന്നതിനു 21 ഇനം നെല്‍വിത്തുകള്‍ ശിപാര്‍ശ ചെയ്തത് പുത്തൂര്‍വയല്‍ നിലയമാണ്. പശ്ചിമഘട്ടത്തിലെ അപൂര്‍വും വംശനാശ ഭീഷണി നേരിടുന്നതുമായ സസ്യജാലങ്ങള്‍ക്കായുള്ള ലീഡ് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ നിലയത്തിന്റെ ഭാഗമാണ്. ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ സസ്യങ്ങളില്‍  579 ഇനം  വംശനാശഭീഷണി നേരിടുന്നവയുടെ പട്ടികയില്‍ ഉള്‍പ്പെട്ടതും 512 ഇനം  പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്നവയുമാണ്. 800 തരം ഔഷധസസ്യങ്ങളും 124 ഇനം വന്യഭക്ഷ്യസസ്യങ്ങളും 62 ഇനം വന്യ ഓര്‍ക്കിഡുകളും 75 തരം പന്നല്‍ ചെടികളും 70 വള്ളിച്ചെടിയിനങ്ങളും 25 ഇനം നാടന്‍ കുരുമുളകും 60 ഇനം ശലഭോദ്യാന സസ്യങ്ങളും 27 വാഴയിനങ്ങളും ഉദ്യാനത്തിന്റെ ഭാഗമാണ്. നക്ഷത്രവനവും നവഗ്രഹവനവും ഉദ്യാനത്തിലുണ്ട്. 80 ഇനം പക്ഷികളുടെയും  13 തരം ഉരഗങ്ങളുടെയും 11 ഇനം സസ്തനികളുടെയും 93 തരം ശലഭങ്ങളുടെയും സാന്നിധ്യവും  ഉദ്യാനത്തിന്റെ പ്രത്യേകതയാണ്. നിലയത്തിന്റെ പ്രോത്സാഹനത്തില്‍ പ്രവര്‍ത്തിക്കുന്ന ആദിവാസി കൂട്ടായ്മകള്‍ക്കു ദേശീയ പ്ലാന്റ് ജീനോം സേവ്യര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

 

Latest News