Sorry, you need to enable JavaScript to visit this website.

സൗദിയിലെ ലോക കേരള സഭ ത്രിശങ്കുവിൽ, അനുമതി നൽകാതെ കേന്ദ്രം

ജിദ്ദ- സൗദിയിൽ മൂന്നിടങ്ങളിലായി നടത്താൻ തീരുമാനിച്ച ലോക കേരള സഭ ത്രിശങ്കുവിൽ. ഒക്ടോബർ 19 മുതൽ 21 വരെ റിയാദ്, ദമാം, ജിദ്ദ എന്നിവടങ്ങളിലാണ് ലോക കേരള സഭ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ നിശ്ചയിച്ച തിയതിയിലേക്ക് മൂന്നാഴ്ച മാത്രം ശേഷിക്കേ, ഇതേവരെ കേന്ദ്രം അനുമതി നൽകിയില്ല. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചെങ്കിൽ മാത്രമേ ലോക കേരള സഭയിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സൗദിയിലേക്ക് പോകാനാകൂ. മുഖ്യമന്ത്രിയും അഞ്ചു മന്ത്രിമാരുമാണ് ലോക കേരള സഭയിൽ പങ്കെടുക്കുന്നതിനായി പോകാൻ തീരുമാനിച്ചിരുന്നത്. ഒക്ടോബർ 19ന് റിയാദ്, 20 ദമാം, 21ന് ജിദ്ദ എന്നിവിടങ്ങളിലായിരുന്നു ലോക കേരള സഭ നിശ്ചയിച്ചത്. ഇതിന് ആവശ്യമായ ഒരുക്കങ്ങളുമായി പ്രവാസി സംഘടന രംഗത്തുണ്ടായിരുന്നു. എംബസി, കോൺസുലേറ്റ് എന്നിവയുമായി സഹകരിച്ച് ഒരുക്കം തുടങ്ങിയെങ്കിലും കേന്ദ്രം ഇതേവരെ അനുമതി നൽകിയില്ല. അമേരിക്കയിൽ ലോക കേരള സഭക്ക് പോകാൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പരിപാടി നടക്കുന്നതിന് ഒരു മാസം മുമ്പു തന്നെ കേന്ദ്രം അനുമതി നൽകിയിരുന്നു. എന്നാൽ സൗദിയുടെ കാര്യത്തിൽ ലോക കേരള സഭ നടക്കാൻ ഇരുപത് ദിവസം മാത്രം ബാക്കി നിൽക്കേ ഇനിയും അനുമതി നൽകിയില്ല. ഈ മാസം ഒൻപതിനാണ് ഇത് സംബന്ധിച്ച് കേരളം വിദേശകാര്യ വകുപ്പിന് അനുമതിക്കായി അപേക്ഷിച്ചത്. മുഖ്യമന്ത്രിക്കും അഞ്ചു മന്ത്രിമാർക്കും പുറമെ, സ്പീക്കർ എ.എൻ ഷംസീർ, ലോക കേരള സഭ ഡയറക്ടർ വി. വാസുകി, നോർക്ക സെക്രട്ടറി സുമൻ ബില്ല, സി.ഇ.ഒ കെ. ഹരികൃഷ്ണൻ എന്നിവരും ലോക കേരള സഭ സമ്മേളനത്തിൽ പങ്കെടുക്കാൻ സൗദിയിലേക്ക് പോകുന്നത്. അമേരിക്കയിലെ ലോക കേരള സഭയില്‍ പങ്കെടുത്ത കെ.എന്‍ ബാലഗോപാലിന് പകരം പി. രാജീവായിരിക്കും സൗദിയിലേക്ക് പോകുന്നത്. ബാലഗോപാല്‍ ഈ സമയത്ത് ലണ്ടനില്‍ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കുന്നതിനാലാണിത്. 
ലോക കേരള സഭയുടെ ചെലവ് പ്രാദേശികമായാണ് കണ്ടെത്തുന്നത്. കേന്ദ്രം അനുമതി നൽകിയ ശേഷം മാത്രമേ ഇതിനുള്ള നടപടി ക്രമങ്ങൾ തുടങ്ങാനാകൂ. സൗദിയിലെ ചെലവ് കണ്ടെത്തുന്നതിന് പ്രാദേശികമായ ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ടെങ്കിലും കേന്ദ്ര സർക്കാറിന്റ മൗനം ഇക്കാര്യത്തിൽ തടസമാകുകയാണ്.

Latest News