Sorry, you need to enable JavaScript to visit this website.

ബ്രിട്ടനില്‍ പുതിയ കോവിഡ് വേരിയന്റ് ബാധിതരുടെ എണ്ണം കുതിക്കുന്നു

ലണ്ടന്‍-യുകെയില്‍ പുതിയ കോവിഡ് വേരിയന്റ് ബാധിക്കുന്നവരുടെ എണ്ണം പെരുകുന്നു.  ഈ വേരിയന്റ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. കോവിഡ് ബാധിച്ച് രാജ്യമാകമാനം ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരേറുന്നുവെന്നും വേനല്‍ മുതല്‍ ഇത്തരക്കാരുടെ എണ്ണമേറുന്നുവെന്നുമാണ് ഈ കണക്കുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 17ലെ കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടിലെ 3019 ഹോസ്പിറ്റല്‍ ബെഡുകളിലാണ് കോവിഡ് ബാധിച്ചവര്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്.
കോവിഡ് ബാധിച്ചവരുടെ എണ്ണം ജൂലൈ മുതല്‍ മൂന്നിരട്ടിയായി വര്‍ധിക്കുകയാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇവരുടെ എണ്ണം കഴിഞ്ഞ ആഴ്ച കുറഞ്ഞിട്ടുണ്ട്. എന്നാല്‍ 2021ലെ രണ്ടാം തരംഗത്തിന്റെ മൂര്‍ധന്യത്തില്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന കോവിഡ് രോഗികളായ 33,000 പേരുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിലവില്‍ ഹോസ്പിറ്റലുകളിലെ കോവിഡ് രോഗികള്‍ വളരെ കുറവാണ്. നിലവില്‍ ആശുപത്രികളില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതില്‍ മൂന്നിലൊന്ന് പേര്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രികളിലെത്തിയിരിക്കുന്നത്. അതായത് ശേഷിക്കുന്നവര്‍ മറ്റ് രോഗങ്ങളാല്‍ ആശുപത്രികളിലെത്തുകയും പിന്നീട് ടെസ്റ്റുകളുടെ ഭാഗമായി അവര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു.
പുതിയ വേരിയന്റിനെക്കുറിച്ചറിയാനുള്ള ഗൂഗിള്‍ സെര്‍ച്ചുകള്‍ ഒരു മാസത്തിനിടെ ഇരട്ടിയായെന്നും റിപ്പോര്‍ട്ടുണ്ട്. അതിനിടെ പുതിയ വേരിയന്റിനെ ചെറുക്കുന്നതിനായുള്ള ബൂസ്റ്റര്‍ വാക്സിനുകള്‍ വിതരണം ചെയ്യുന്നത് ത്വരിതപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ 2020-21ലെ യുകെ കോവിഡ് കാലവുമായി താരതമ്യപ്പെടുത്തി അനാവശ്യമായി ആശങ്കപ്പെടേണ്ടതില്ലെന്നും വാക്സിനേഷനിലൂടെ രാജ്യത്ത് കോവിഡ് പ്രതിരോധം നിലനില്‍ക്കുന്നതിനാല്‍ മുന്‍ തരംഗങ്ങളിലേത് പോലെ രാജ്യം അടച്ച് പൂട്ടലിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതമാവില്ലെന്നുമാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Latest News