Sorry, you need to enable JavaScript to visit this website.

വിമാനം പോലെ കുതിച്ച ബസ് വീണ്ടും  അപകടമുണ്ടാക്കി കസ്റ്റഡിയിലായി 

നന്തി, കോഴിക്കോട്- കോഴിക്കോട്-കണ്ണൂര്‍ ദേശീയ പാത വീതി കൂട്ടലിന്റെ ഭാഗമായി പലേടത്തും കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണ്. പപ്പു താമരശേരി ചുരം സിനിമയില്‍ പറഞ്ഞത് പോലെ ഇപ്പം ശര്യാക്കി തരാമെന്ന് പറഞ്ഞ് നിര്‍മാണ ജോലി വര്‍ഷങ്ങളായി തുടരുകയാണ്. സര്‍വീസ് റോഡ് പോലെ ഇടുങ്ങിയ വീഥിയിലൂടെയാണ് കൊയിലാണ്ടി, പയ്യോളി, തിക്കോടി ഭാഗങ്ങളിലെ യാത്ര. സൂക്ഷിച്ചും കണ്ടും വണ്ടി ഓടിച്ചില്ലെങ്കില്‍ പണി പാളും. ഇതിനിടയ്ക്കാണ് ഇതേ റൂട്ടിലെ സ്വകാര്യ ബസുകാരുടെ മരണപ്പാച്ചില്‍. എന്തും സംഭവിക്കാം. 
പോലീസിനും മോട്ടോര്‍ വാഹന വകുപ്പിനുമൊന്നും ഇതൊന്നും ശ്രദ്ദിക്കാന്‍ സാധാരണ നേരം കിട്ടാറില്ല. എന്നാല്‍ കഴിഞ്ഞ ദിവസം കൊയിലാണ്ടിക്കടുത്തുണ്ടായ സ്വകാര്യ ബസ് ഡ്രൈവറുടെ തോന്നിവാസത്തില്‍ പോലീസിന് ഇടപെടേണ്ടി വന്നു. 
അമിത വേഗത്തില്‍ സഞ്ചരിച്ച് അപകടം വരുത്തിയ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇത് മൂന്നാം തവണയാണ് ടാലന്റ് ബസ് അപകടം വരുത്തുന്നത്. ഇന്നലെ വൈകീട്ട് കൊയിലാണ്ടി ദേശീയപാതയില്‍ കൃഷ്ണ തിയ്യറ്ററിനു സമീപമാണ് ഒരേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരായ നന്തി സ്വദേശികളായ ഹാരിസ്, റഹീസ് എന്നിവര്‍ക്ക് പരിക്കേറ്റത്. 
ഇവര്‍ താലൂക്ക് ആശു പ ത്രിയില്‍ ചികിത്സ തേടി. അമിത വേഗത്തില്‍ വന്ന് ഇടതു ഭാഗത്തു കൂടെ കയറ്റുമ്പോഴാണ് ബൈക്ക് യാത്രക്കാരെ ഇടിച്ചത്. അതു കൊണ്ടരിശം തീരാഞ്ഞ് ഇവരെ ബസ് ജീവനക്കാര്‍ അസഭ്യം പറയുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ ബസ് തടഞ്ഞു. തുടര്‍ന്നാണ്  പോലീസെത്തി ബസ് കസ്റ്റഡിയിലെടുത്തത്. ഇത് മൂന്നാം തവണയാണ് രണ്ടാഴ്ചക്കുള്ളില്‍ ഇതേ  ബസ് അപകടം വരുത്തുന്നത്. മുരളി സര്‍വ്വീസ് സ്റ്റേഷനു മുന്‍വശം വെച്ചും, സ്റ്റേറ്റ് ബാങ്കിനു സമീപം വെച്ചും ഇതേ ബസ് അപകടം വരുത്തിയിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. 


 

Latest News