Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഇലക്ട്രിക് കാർ പ്ലാന്റ് സ്ഥാപിക്കാൻ ഹ്യൂണ്ടായ് കമ്പനി

ജിദ്ദ - സൗദിയിൽ ഇലക്ട്രിക് കാർ അസംബ്ലി പ്ലാന്റ് സ്ഥാപിക്കാൻ കൊറിയയിലെ ഏറ്റവും വലിയ കാർ നിർമാണ കമ്പനിയായ ഹ്യൂണ്ടായ് കമ്പനിക്ക് നീക്കം. സൗദിയിലെ അസംബ്ലി പ്ലാന്റിൽ നിന്നുള്ള ഇലക്ട്രിക് കാറുകൾ സൗദി അറേബ്യയിലും ഗൾഫ് രാജ്യങ്ങളിലും മധ്യപൗരസ്ത്യദേശത്തും കമ്പനി വിപണനം ചെയ്യും. ഹ്യൂണ്ടായ് മോട്ടോർ കമ്പനി ഗ്രൂപ്പ് ചെയർമാൻ ചുംഗ് ഉയ്-സുൻ ആഴ്ചകൾക്കുള്ളിൽ നടത്തുന്ന സൗദി സന്ദർശനത്തിനിടെ സൗദിയിൽ ഇലക്ട്രിക് കാർ അസംബ്ലി പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പൂർത്തിയാകുമെന്നാണ് കരുതുന്നത്. 
ഫാക്ടറി സ്ഥാപനവുമായി ബന്ധപ്പെട്ട കരാറിൽ ഇരു വിഭാഗവും അടുത്ത മാസം ഒപ്പുവെക്കും. സെമി അസംബിൾഡ് ഇലക്ട്രിക് കാറുകളും സ്‌പെയർ പാർട്‌സും സൗദിയിലേക്ക് കയറ്റി അയക്കാനാണ് ഹ്യൂണ്ടായ് ഉദ്ദേശിക്കുന്നത്. പൂർണമായി സംയോജിപ്പിച്ച സി.കെ.ഡി (കംപ്ലീറ്റ്‌ലി നോക്കഡ് ഡൗൺ) സിസ്റ്റം ഉപയോഗിച്ച് ഇവ പിന്നീട് സൗദി പ്ലാന്റിൽ അസംബ്ലി ചെയ്യും. ഓട്ടോമൊബൈൽ വ്യവസായത്തിൽ ലോകത്ത് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന നിർമാണ രീതിയാണിത്. 
ടൊയോട്ട കഴിഞ്ഞാൽ സൗദി വിപണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാർ കമ്പനിയാണ് ഹ്യൂണ്ടായ്. ഈ വർഷം ആദ്യ പകുതിയിൽ ഹ്യൂണ്ടായ് കമ്പനിയുടെ 47,000 ലേറെ കാറുകൾ സൗദി വിപണിയിൽ വിൽക്കപ്പെട്ടിട്ടുണ്ട്. സൗദിയിൽ ഇലക്ട്രിക് കാർ അസംബ്ലി പ്ലാന്റ് സ്ഥാപിക്കാൻ വ്യവസായ, ധാതുവിഭവ മന്ത്രാലയവും ഹ്യൂണ്ടായ് കമ്പനിയും കഴിഞ്ഞ വർഷം ധാരണാപത്രം ഒപ്പുവെച്ചിരുന്നു. 

Latest News