Sorry, you need to enable JavaScript to visit this website.

അറാംകൊ ലാറ്റിനമേരിക്കയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു

ചിലിയിലെ എസ്മാക്‌സ് കമ്പനി പൂർണമായും ഏറ്റെടുക്കാനുള്ള കരാറിൽ സതേൺ ക്രോസ് ഗ്രൂപ്പ് പാർട്ണർ റൗൾ സോട്ടോമേയറും സൗദി അറാംകൊ യൂറോപ്പ് ആക്ടിംഗ് പ്രസിഡന്റ് മൻസൂർ അൽതുർക്കിയും ഒപ്പുവെക്കുന്നു.

റിയാദ് - ലോകത്തെ ഏറ്റവും വലിയ എണ്ണ, കെമിക്കൽസ് കമ്പനിയായ സൗദി അറാംകൊ ലാറ്റിനമേരിക്കയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. ചിലിയിൽ പെട്രോൾ ബങ്കുകൾ അടക്കമുള്ള സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്ന എസ്മാക്‌സ് കമ്പനിയുടെ 100 ശതമാനം ഓഹരികൾ ലാറ്റിനമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സതേൺ ക്രോസ് ഗ്രൂപ്പിൽ നിന്ന് വാങ്ങാനുള്ള കരാറിൽ സൗദി അറാംകൊയും സതേൺ ക്രോസ് ഗ്രൂപ്പും ഒപ്പുവെച്ചു. ഇടപാട് പൂർത്തിയാക്കാൻ റെഗുലേറ്ററി അതോറിറ്റി അംഗീകാരങ്ങൾ ഉൾപ്പെടെയുള്ള ചില നിബന്ധനകൾ ബാധകമാണ്. 
ലാറ്റിനമേരിക്കയിലെ റീട്ടെയിൽ, മാർക്കറ്റിംഗ് ബിസിനസ് മേഖലയിൽ സൗദി അറാംകൊ നടത്തുന്ന ആദ്യ നിക്ഷേപമാണിത്. എണ്ണ സംസ്‌കരണം, രാസവസ്തുക്കൾ, വിപണനം എന്നീ മേഖലകളിൽ മൂല്യശൃംഖലകളുമായി ബന്ധപ്പെട്ട സൗദി അറാംകൊയുടെ തന്ത്രം മെച്ചപ്പെടുത്താൻ ഈ കരാർ സഹായിക്കും. വാൽവോലിൻ ലൂബ്രിക്കന്റുകൾ വിപണനം ചെയ്യാനുള്ള പുതിയ അവസരങ്ങൾ തുറക്കാനും ഈ കരാർ സഹായിക്കും. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അമേരിക്കൻ കമ്പനിയായ വാൽവോലിനിന്റെ അനുബന്ധ സ്ഥാപനമായ വാൽവോലിൻ ഇന്റർനാഷണൽ പ്രൊഡക്ട്‌സ് കമ്പനി സൗദി അറാംകൊ ഏറ്റെടുത്തിരുന്നു. 
റിഫൈനിംഗ്, കെമിക്കൽസ്, മാർക്കറ്റിംഗ് മേഖലകളിൽ ആഗോള തലത്തിൽ സാന്നിധ്യം ശക്തിപ്പെടുത്താനും റീട്ടെയിൽ, ലൂബ്രിക്കന്റുകൾ, വ്യാപാരം എന്നീ മേഖലകളിൽ ബിസിനസ് വ്യാപ്തി വിപുലീകരിക്കാനും ലക്ഷ്യമിടുന്ന കമ്പനിയുടെ തന്ത്രത്തിലെ സുപ്രധാന ചുവടുവെപ്പാണ് പുതിയ കരാർ എന്ന് സൗദി അറാംകൊയിൽ റിഫൈനിംഗ്, കെമിക്കൽസ് ആന്റ് മാർക്കറ്റിംഗ് (ഡൗൺസ്ട്രീം) പ്രസിഡന്റ് മുഹമ്മദ് അൽഖഹ്ത്താനി പറഞ്ഞു. റിഫൈനിംഗ്, കെമിക്കൽസ്, മാർക്കറ്റിംഗ് മേഖലകളിൽ ആഗോള തലത്തിൽ സാന്നിധ്യം ശക്തമാക്കാനും റീട്ടെയിൽ, ലൂബ്രിക്കന്റുകൾ, വ്യാപാരം എന്നീ മേഖലകളിൽ ബിസിനസ് വ്യാപ്തി വിപുലീകരിക്കാനും സൗദി അറാംകൊ തന്ത്രം ലക്ഷ്യമിടുന്നു. 
എസ്മാക്‌സ് കമ്പനി ഏറ്റെടുക്കൽ സൗദി അറാംകൊ ബ്രാൻഡ് ചിലിയിലും ലാറ്റിനമേരിക്കയിലും സമാരംഭിക്കാൻ പ്ലാറ്റ്‌ഫോം ഒരുക്കും. സൗദി അറാംകൊയുടെ ഉൽപന്നങ്ങൾക്ക് പുതിയ വിപണികൾ പ്രയോജനപ്പെടുത്താനുള്ള വലിയ സാധ്യതകൾ തുറക്കാൻ ഇത് സഹായിക്കും. എസ്മാക്‌സ് കമ്പനി വളർച്ചാ സാധ്യതയുള്ള കമ്പനിയാണ്. മികച്ച നിലയിൽ ചിലിയിൽ പ്രവർത്തിക്കുന്ന കമ്പനിക്ക് 100 വർഷത്തിലേറെ പരിചയസമ്പത്തുണ്ട്. എസ്മാക്‌സ് ടീം സൗദി അറാംകൊ കുടുംബത്തിൽ ചേരുന്നതിനെ സ്വാഗതം ചെയ്യുകയാണ്. എണ്ണ സംസ്‌കരണം, കെമിക്കൽസ്, വിപണനം എന്നീ മേഖലകളിൽ സൗദി അറാംകൊയുടെ തന്ത്രങ്ങൾ നടപ്പാക്കുന്നത് തുടരാൻ തങ്ങൾ ആഗ്രഹിക്കുന്നതായും മുഹമ്മദ് അൽഖഹ്ത്താനി പറഞ്ഞു. 
ചിലിയിൽ ഇന്ധനങ്ങളുടെയും ലൂബ്രിക്കന്റുകളുടെയും ചില്ലറ വ്യാപാര മേഖലയിലെ മുൻനിര കമ്പനികളിൽ ഒന്നാണ് എസ്മാക്‌സ്. റീട്ടെയിൽ ഇന്ധന സ്റ്റേഷനുകൾ, എയർപോർട്ട് ഓപ്പറേഷനുകൾ, ഇന്ധന വിതരണ ടെർമിനലുകൾ, ലൂബ്രിക്കന്റുകളുടെ ഉൽപാദനവും വിതരണവും എന്നീ മേഖലകളിൽ കമ്പനി പ്രവർത്തിക്കുന്നു. അറാംകൊയുടെ ശുദ്ധീകരിച്ച ഉൽപന്നങ്ങൾക്ക് ഔട്ട്‌ലെറ്റുകൾ ലഭ്യമാക്കാനും അന്താരാഷ്ട്ര തലത്തിൽ റീട്ടെയിൽ ബിസിനസ് വിപുലീകരിക്കാനും പുതിയ ഇടപാട് കമ്പനിയെ സഹായിക്കും. 
 

Latest News