Sorry, you need to enable JavaScript to visit this website.

രക്ഷിതാക്കളുടെ കൂട്ടായ്മ ജിദ്ദ ഇന്ത്യൻ സ്‌കൂൾ അധികൃതരുമായി ചർച്ച നടത്തി

ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കൾ സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികളുമായി ചർച്ച നടത്തുന്നു.

ജിദ്ദ- വേനലവധിക്കു ശേഷം തുറന്നു പ്രവർത്തിച്ച ദിവസം തന്നെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ജിദ്ദയിലുണ്ടായ വൈദ്യുതി തടസ്സവും അതിനെ തുടർന്ന് പെൺകുട്ടികളുടെ വിഭാഗം സ്‌കൂൾ  അനിശ്ചിത കാലത്തേക്ക് ഓൺലൈൻ ക്ലാസിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട് വാട്‌സാപ്പ് കൂട്ടായ്മയിൽ പിറവിയെടുത്ത രക്ഷിതാക്കളുടെ പ്രതിനിധികളുടെ നേതൃത്വത്തിൽ സ്‌കൂൾ അധികൃതരുമായി ചർച്ച നടത്തി. 
അഞ്ഞൂറിലേറെ രക്ഷിതാക്കളുള്ള വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്നും സ്വയം മുന്നിട്ടിറങ്ങിയ ഒരു പറ്റം രക്ഷിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി സ്‌കൂൾ അധികൃതർ ചർച്ചക്കു തയാറാവുകയായിരുന്നു. 
ഏകദേശം മൂന്നര മണിക്കൂർ നീണ്ടുനിന്ന ചർച്ചയിൽ സ്‌കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ്, മാനേജ്മന്റ് കമ്മിറ്റി അംഗങ്ങൾ, അഡ്മിൻ മാനേജർ എന്നിവർ സ്‌കൂളിന്റെ ഭാഗത്തു നിന്നും പങ്കെടുത്തപ്പോൾ സ്ത്രീകൾ ഉൾപ്പെടെ പതിനഞ്ചോളം പേർ രക്ഷിതാക്കളെ പ്രതിനിധീകരിച്ചും ചർച്ചയിൽ പങ്കെടുത്തു. ഇരുപതോളം വിഷയങ്ങൾ വിശദമായ ചർച്ചക്കു വിധേയമാക്കിയപ്പോൾ ഒട്ടുമിക്ക പ്രശ്‌നങ്ങൾക്കും ഹയർ ബോർഡ് അംഗീകാരം എന്ന സങ്കീർണമായ കടമ്പയാണ് തടസ്സമെന്ന് മാനേജ്മന്റ് മറുപടി നൽകിയതായി രക്ഷിതാക്കൾ പറഞ്ഞു. അടിയന്തര  പ്രാധാന്യമുള്ള എയർ കണ്ടീഷനടക്കമുള്ള അറ്റകുറ്റപ്പണികൾ എത്രയും വേഗം തീർത്ത് സ്‌കൂൾ ഓഫ്‌ലൈൻ മോഡിലേക്ക് മാറ്റുമെന്ന് സ്‌കൂൾ അധികൃതർ ഉറപ്പു നൽകി.


അക്കാദമിക് നിലവാരം, സ്ഥിരം ടീച്ചർ നിയമനം, അധ്യാപകരുടെ വേതനം ഉയർത്തൽ എന്നിവ ചർച്ചയിൽ രക്ഷിതാക്കൾ ശക്തമായി ഉന്നയിച്ചു. രക്ഷിതാക്കളുടെ ഒരു സമിതി ഉണ്ടാവുകയും അതിലൂടെ സ്‌കൂൾ വിദ്യാർഥികൾ നേരിടുന്ന വിഷയങ്ങളിൽ നിശ്ചിത സമയങ്ങളിൽ ചർച്ച നടത്തുകയും, അതിലൂടെ സാധ്യമായ പരിഹാരങ്ങൾ കണ്ട് മുന്നോട്ട് പോകുകയും ചെയ്യണം എന്ന നിർദേശം തത്വത്തിൽ അംഗീകരിക്കുകയും അതിന്റെ ഭാഗമായി മാസത്തിൽ ഒരിക്കലെങ്കിലും സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയുമായി മീറ്റിംഗ് നടത്താമെന്ന് ഉറപ്പു നൽകുകയും ചെയ്തതായി രക്ഷിതാക്കൾ അറിയിച്ചു. 

Latest News